2011, ഫെബ്രുവരി 2, ബുധനാഴ്‌ച

ചന്തുപ്പിള്ളക്കോഴി

ന്നുരാത്രിയും കരിമ്പടംകൊണ്ടു മൂടിപ്പുതച്ച ഒരു രൂപം തണുത്ത കാറ്റിനൊപ്പം കിഴക്കന്‍കുന്നിറങ്ങിവന്നു. ചായ്പിനു പിന്നിലെ കാപ്പിമരത്തില്‍ ഉറക്കംവരാതെ കണ്ണുമിഴിച്ചിരിക്കുകയായിരുന്നു ചന്തുപ്പിള്ളക്കോഴി. കിഴക്കന്‍മലഞ്ചെരുവില്‍നിന്ന് ബീഡിത്തീയ് ചായ്പിനു പിന്നിലേക്ക് ഒഴുകിവരുന്നതിനൊപ്പം സുപരിചിതമായ ഒരു ഗന്ധം അവിടമാകെ നിറഞ്ഞു-പശയുടേയും ചിരട്ടക്കരിയുടേയും സമ്മിശ്ര ഗന്ധം. പതിവുപോലെ അന്നും, ബീഡി ചായ്പിനു പിന്നിലുള്ള പ്ലാവില്‍ കുത്തിക്കെടുത്തി കരിമ്പടക്കെട്ട് മുരടനക്കി.
കാത്തിരുന്നവണ്ണം ചായ്പിന്റെ വാതില്‍ തുറക്കപ്പെട്ടു. വഞ്ചകി!
ചന്തുപ്പിള്ളക്കോഴി മനസില്‍ പിറുപിറുത്തു. 'ചുവന്നുതുടത്ത ചെത്തിപ്പൂ' പോലുണ്ട് എന്നു പറഞ്ഞ് നാളെ താടയിലും പൂവിലും തലോടാനായിങ്ങു വരട്ടെ, കാണിച്ചുകൊടുക്കാം. പാവം ചന്തുപ്പിള്ളയാശാനും സുമതിയേടത്തിയും. അവര്‍ ഇതു വല്ലതും അറിയുന്നുണ്ടോ? ചന്തുപ്പിള്ളക്കോഴി കാപ്പിയുടെ അങ്ങേത്തലയ്ക്കലേക്ക് അല്‍പം നീങ്ങിയിരുന്നു. ഇപ്പോള്‍ പലകയടിച്ച ജനാലയുടെ വിടവിലൂടെ ചായ്പിനുള്‍വശം ചെറുതായിക്കാണാം. തിരിതാഴ്ത്തിയ ചിമ്മിനിവിളക്കിന്റെ നേര്‍ത്ത പ്രകാശത്തില്‍ അകത്ത് നിഴലുകള്‍ അനങ്ങുന്നു. മുറിയില്‍നിന്നും നേര്‍ത്ത മൂളലും അടക്കപ്പിടിച്ച സംസാരവും ചിരിയും. ചന്തുപ്പിള്ളക്കോഴിക്കു വീണ്ടും ദേഷ്യംവന്നു. അവന്‍ കാപ്പിക്കൊമ്പില്‍നിന്നും സുന്ദരികളായ പിടക്കോഴികള്‍ മയങ്ങുന്ന കൂടിനു മുകളിലേക്കു പറന്നുകയറി. രാത്രിയുടെ നിശബ്ദതയില്‍ അവന്റെ ചിറകടിയൊച്ച കേട്ട് പിടക്കോഴികള്‍ ഭയന്നു നിലവിളിച്ചു.
''നാശം പിടിച്ച കോഴികള്‍!''
ചായ്പില്‍നിന്നും ആരോ പ്‌രാകി. അവന് ഉറക്കെ കൂവാന്‍ തോന്നി. എത്ര ഉറക്കമാണെങ്കിലും അവന്റെ രണ്ടാമത്തെ കൂവലിന് ചന്തുപ്പിള്ളയാശാന്‍ ഉണരും. മൂന്നാമത്തെ കൂവലിന് അഞ്ചുമണിയുടെ ട്രെയിന്‍ കടന്നുപോകും. സമയത്തിന്റെ കാര്യത്തില്‍ അവന്റെ കണക്ക് കിറുകൃത്യമാണെന്ന് ചന്തുപ്പിള്ളയാശാന്‍ ചായക്കടയില്‍ വരുന്നവരോടെല്ലാം അഭിമാനത്തോടെ പറയും. കൂട്ടുകാരില്‍ പലരും സുമതിയേട്ടത്തിയുടെ വറചട്ടിയിലെ എണ്ണയില്‍കിടന്നു പൊരിഞ്ഞ് നറുമണം തൂകിയപ്പോഴും അവനെ അതില്‍നിന്നു രക്ഷപെടുത്തിയതും ചന്തുപ്പിള്ളയാശാന്റെ അരുമയാക്കിയതും കണക്കിലെ ആ കൃത്യതയാണ്.
പകല്‍ മുഴുവന്‍ അവന്‍ ചായക്കടയുടെ അടുത്തെവിടെയെങ്കിലും ചുറ്റിപ്പറ്റി നില്‍ക്കും. ആശാന് ഇടയ്ക്കിടെ അവനെ വിളിച്ചുകൊണ്ടിരിക്കണം. വിളികേട്ടാലുടന്‍ 'കുറുകുറു' എന്ന ശബ്ദമുണ്ടാക്കി അവന്‍ ആശാന്റെ അരുകില്‍വന്നു പതുങ്ങിനില്‍ക്കും. താടയിലൊരു തലോടല്‍, പൂവില്‍ മൃദുവായ ഒരു തട്ട്... പിന്നെ കൈയില്‍ കരുതിയ എന്തെങ്കിലും അവന്റെ നേരേ വച്ചുനീട്ടും. കൈയില്‍നിന്നു തന്നെ അവനതു വാങ്ങിത്തിന്നണമെന്ന് ആശാനു നിര്‍ബന്ധമാണ്.
ഒരിക്കല്‍ കടയില്‍ ചായകുടിക്കാനെത്തിയ രസികന്‍മാരിലാരോ ആണ് അവന് 'ചന്തുപ്പിള്ളക്കോഴി' എന്ന പേരു നല്‍കിയത്.
ചായക്കടയുടെ പിന്നാമ്പുറത്തിരുന്ന് അരിയാട്ടുന്ന സുമതിയേട്ടത്തി ചിലപ്പോഴൊക്കെ പരിഭവിക്കും ''ഈ മനുഷേന്‍ ഈ കോഴിയോടു കാട്ടുന്നേന്റെ പാതി സ്‌നേഹം എന്നോടു കാട്ടിയേ വേണ്ടുകേലാരുന്നു!''. ചന്തുപ്പിള്ളയാശാന്‍ ചിരിക്കുക മാത്രം ചെയ്യും.
ചായക്കടയുടെ തിണ്ണയില്‍ മറച്ചുകെട്ടിയിടത്ത് ഇട്ടിരിക്കുന്ന ബെഞ്ചിലാണ് ആശാന്റെ കിടപ്പ്. സുമതിയേട്ടത്തിയും മകള്‍ രാഗിണിയും കടയോടു ചേര്‍ന്നുതന്നെയുള്ള വീട്ടിലും.
ചായക്കടയ്ക്കും വീടിനും ഇടയ്ക്കുള്ള ഇത്തിരിവട്ടത്തില്‍ ഒരു കോഴിക്കൂടുണ്ടെങ്കിലും അവനു കൂടിനോടു ചേര്‍ന്നുള്ള കാപ്പിമരത്തില്‍ മഞ്ഞും മഴയും കൊണ്ടിരിക്കുന്നതാണിഷ്ടം.
ചായ്പ്പിന്റെ വാതില്‍ കുടുങ്ങുന്ന ശബ്ദം കേട്ടു. കരിമ്പടക്കെട്ട് പുറത്തിറങ്ങി, ഒതുക്കിറങ്ങി, പ്ലാവു കടന്നു കിഴക്കന്‍ കുന്നുകയറിപ്പോയി. ചന്തുപ്പിള്ളക്കോഴി ഒന്നുകൂവി... ഒന്നുകൂടി... ചായക്കടയ്ക്കുള്ളില്‍ വെളിച്ചം പരന്നു. മൂന്നാമത്തെ കൂവല്‍ അഞ്ചുമണിയുടെ മലബാറിന്റെ ഇരമ്പലില്‍ മുങ്ങിപ്പോയി.

ഠഠഠഠഠഠഠഠ      ഠഠഠഠഠഠഠഠഠഠഠഠഠ     ഠഠഠഠഠഠഠഠഠഠഠ

ഒന്നും ചെയ്യാനില്ലാതെ ചായക്കടയുടെ മുറ്റത്ത് ചിക്കിച്ചിനക്കി നില്‍ക്കുകയായിരുന്നു ചന്തുപ്പിള്ളക്കോഴി. കോളജില്‍ പോകാന്‍ ഒരുങ്ങിവന്ന രാഗിണി മേശവലിപ്പു തുറന്ന് പണമെടുത്ത് ബാഗിലിട്ടു. ചന്തുപ്പിള്ളക്കോഴിക്ക് അരിശം വന്നു. പാഞ്ഞുചെന്ന് കടുംചെമപ്പു ക്യൂട്ടക്‌സിട്ട് മനോഹരമാക്കിയ വെളുത്ത പാദത്തില്‍ ആഞ്ഞൊരു കൊത്തുകൊടുക്കാന്‍ അവനു തോന്നി. രാഗിണിക്ക് ഉച്ചയ്ക്കു കഴിക്കാനുള്ള പലഹാരം ചോറ്റുപാത്രത്തിലാക്കി അടച്ച് ആശാന്‍ മേശപ്പുറത്തു കൊണ്ടുവച്ചു. കൊതിച്ചി! ചെറുപ്പം മുതല്‍ക്കുള്ള ശീലമാണത്. മൂന്നുനേരവും പലഹാരം കഴിക്കുന്നതാണു രാഗിണിക്കിഷ്ടം. ''പെണ്ണിനെ ആവശ്യവില്ലാത്ത ചിത്താന്തങ്ങളൊക്കെ പഠിപ്പിച്ചുവച്ചോ. വെല്ലടത്തും പോയി പൊറുക്കേണ്ടതാ..അവസാനം അപ്പനും കൂടെപ്പോകേണ്ടി വരും. പറഞ്ഞേക്കാം''-സുമതിയേട്ടത്തി കുറ്റപ്പെടുത്തും. ചന്തുപ്പിള്ളയാശാന്‍ ചിരിക്കുക മാത്രം ചെയ്യും. സുമതിയേട്ടത്തിയോട് ആശാന്‍ ഒന്നു മുഖംകറുപ്പിച്ച് സംസാരിക്കാറു പോലുമില്ല. സുമതിയേട്ടത്തിയോടെന്നല്ല, ആരോടും. ഒരു സന്യാസിയുടെ മുഖമാണ് അദ്ദേഹത്തിന്. കാവിമുണ്ടും വെള്ളത്തോര്‍ത്തും നെറ്റിയില്‍ ഒരു സിന്ദൂരപ്പൊട്ടും. നെഞ്ചിറങ്ങിക്കിടക്കുന്ന നരവീണ താടിക്കുപോലും പ്രത്യേക ഐശ്വര്യമുണ്ട്.
രാഗിണി പോകാനിറങ്ങുമ്പോള്‍, ചക്രം പിടിപ്പിച്ച കൈവണ്ടി ചായപ്പീടികയോടു ചേര്‍ത്തിട്ട്, തുണികളടങ്ങിയ ഭാണ്ഡം ചായക്കടയുടെ ഇളംതിണ്ണയില്‍ ഇറക്കിവച്ച് ഇസ്തിരിപ്പെട്ടിയില്‍  ഇടാനുള്ള കനലുകള്‍ തയാറാക്കുകയായിരുന്നു മുരുകന്‍. ഒന്നുനോക്കുക പോലും ചെയ്യാതെ അവള്‍ അയാളെ കടന്നുപോയി. ഹൊ! എന്തൊരഭിനയം... ചന്തുപ്പിള്ളക്കോഴി മനസിലോര്‍ത്തു. പകലെങ്ങും കണ്ട ഭാവമില്ല. രാത്രിയിലോ?
കടന്നുപോകും വഴി ചെമ്പരത്തിച്ചോട്ടില്‍നിന്ന ചന്തുപ്പിള്ളക്കോഴിക്കുനേരേ അവള്‍ സ്‌നേഹത്തോടെ കൈനീട്ടിയെങ്കിലും അവന്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് വെറുപ്പോടെ ഓടിമാറി.
ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവച്ച ചിരട്ടകളില്‍ തീപിടിക്കുന്നതു നോക്കി ചന്തുപ്പിള്ളക്കോഴി നിന്നു. കടുത്ത ഓറഞ്ചു നിറത്തില്‍ തിളങ്ങുന്ന ചിരട്ടക്കനലുകള്‍ ഓടുകൊണ്ടുണ്ടാക്കിയ തേപ്പുപെട്ടിക്കുള്ളില്‍ നിറച്ച് മുരുകന്‍ നിവര്‍ന്നപ്പോഴേക്കും ചായപ്പീടികയുടെ ബെഞ്ചില്‍ ആശാന്‍ കടുപ്പത്തിലൊരു ചായ കൊണ്ടുവച്ചു. ചായ ഊതിക്കുടിക്കുന്നതിനിടയില്‍ ആശാനോടയാള്‍ ലോകത്തിനു കീഴിലുള്ള സകലതിനേപ്പറ്റിയും സംസാരിക്കും. വഞ്ചകന്‍! ഉച്ചയ്ക്കത്തെ ഊണും രാവിലത്തെയും വൈകുന്നേരത്തേയും കാപ്പിയും പലഹാരങ്ങളുമെല്ലാം ആശാന്റെ കടയില്‍നിന്നാണ്. അയാളോടൊരിക്കലും ആശാന്‍ കാശു വാങ്ങാറുമില്ല. പകരം വല്ലപ്പോഴും സുമതിയേട്ടത്തിയുടെ സെറ്റുമുണ്ടും ബ്ലൗസും അല്ലെങ്കില്‍ രാഗിണിക്കു കോളജില്‍ പോകാനുള്ള വസ്ത്രങ്ങളും ഇസ്തിരിയിട്ടു നല്‍കും. ചായക്കട വിട്ട് മറ്റൊരു ലോകമില്ലാത്തതിനാല്‍ ചന്തുപ്പിള്ളയാശാന് അത്തരമൊരു സേവനത്തിന്റെ ആവശ്യവുമില്ല.
ആ നാട്ടിലെ ആണിനും പെണ്ണിനുമെല്ലാം മുരുകന്റെ മണമാണെന്നു ചന്തുപ്പിള്ളക്കോഴിക്കു തോന്നിയിട്ടുണ്ട്. മുരുകന്റെ മണമെന്നാല്‍-അലക്കി, പശമുക്കി, അകത്തു പത്രക്കടലാസ് വച്ചു മടക്കി, വെള്ളം നനച്ച്, ഇസ്തിരിയിട്ടെടുത്ത വസ്ത്രത്തിന്റെ മണം. എപ്പോഴും ആ ഗന്ധം അയാളെ പൊതിഞ്ഞങ്ങനെ നില്‍ക്കും, രാത്രിയിലും.

ഠഠഠഠഠഠഠ     ഠഠഠഠഠഠഠഠഠഠ     ഠഠഠഠഠഠഠഠഠ

രാവിലെ മുതല്‍ രാഗിണി ഇടങ്ങേറിലാണ്. ആരോ പെണ്ണുകാണാന്‍ വരുന്നുണ്ടെന്നു തോന്നുന്നു. അല്‍പം മുമ്പുവരെ മുഖവും വീര്‍പ്പിച്ച് പിന്നാമ്പുറത്തെ കിണറിന്റെ കരയില്‍ കുത്തിയിരിപ്പുണ്ടായിരുന്നു. ഇപ്പോള്‍ കാണാനില്ല. സുമതിയേട്ടത്തി അടുക്കളയില്‍ തിരക്കിട്ട ജോലിയിലും. ഈ കല്യാണം ഏതാണ്ട് ഉറയ്ക്കുന്ന മട്ടാണ്. രാഗിണിയെ ചെറുക്കന്‍ നേരത്തേ കണ്ടിട്ടുണ്ട്. ആശാനും ഉത്സാഹത്തില്‍തന്നെ. രാവിലെ കൂടുതുറന്നയുടന്‍ സുമതിയേട്ടത്തി അരിയിട്ടു വിളിച്ച് തഞ്ചത്തില്‍ പിടികൂടി,   കാലുകൂട്ടിക്കെട്ടി അടുക്കളുടെ പിന്നിലെ കാപ്പിച്ചോട്ടില്‍ ഇട്ടിരുന്ന പൂവന്‍ അടുക്കളയിലെ മസാലക്കൂട്ടില്‍ നറുമണം പൊഴിച്ചുകൊണ്ട് അതിഥികളെ കാത്തുകിടന്നു. ഒരുപിടി കറിവേപ്പില അടുപ്പത്തിരുന്ന കറിയിലേക്ക് ഉതിര്‍ത്തിട്ടുകൊണ്ട് സുമതിയേട്ടത്തി ഉച്ചത്തില്‍ രാഗിണിയെ ശകാരിച്ചുകൊണ്ടിരുന്നു. ചന്തുപ്പിള്ളക്കോഴിക്കു സങ്കടം വന്നു.

ഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠ

രാഗിണിയുടെ കല്യാണം അടുത്തുവരുന്നതിന്റെ തിരക്കിലാണ് ആശാന്‍. വീടു പുതുക്കണം, സ്വര്‍ണമെടുക്കണം, തുണിയെടുക്കണം. തനിച്ചല്ലേയുള്ളൂ. ഒരു കൈ സഹായത്തിനാണെങ്കില്‍ ആരുമില്ല. ഇതിനിടെ കല്യാണം വിളിക്കാന്‍ ബന്ധുവീടുകളില്‍ പോകണം. അലച്ചിലിനൊടുവില്‍ വന്നുകിടന്നാല്‍ നേരം വെളുക്കന്നതോ ചന്തുപ്പിള്ളക്കോഴി കൂവുന്നതോ ഒന്നും അറിയാറില്ല.
ഈയിടെയായി രാഗിണിക്കും സുമതിയേട്ടത്തിക്കും പരസ്പരം കൊമ്പുകോര്‍ക്കാനേ നേരമുള്ളൂ എന്നും  ചന്തുപ്പിള്ളക്കോഴിയോര്‍ത്തു. രാഗിണിയിപ്പോള്‍ ആരോടും മിണ്ടാറില്ല. പ്രത്യേകിച്ചും സുമതിയേട്ടത്തിയോട്. 'വിവാഹം കഴിച്ച് മറ്റൊരു വീട്ടിലേക്കു പോകുന്നതിലുള്ള ആശങ്കകൊണ്ടാകാം അവള്‍ ഇങ്ങനെ പെരുമാറുന്നതെ'ന്നു പറഞ്ഞ് ആശാന്‍ സുമതിയേട്ടത്തിയെ ആശ്വസിപ്പിക്കുന്നതു കണ്ടു.
സ്വര്‍ണവും തുണിയുമെല്ലാം എടുക്കാന്‍ നിശ്ചയിച്ചിരുന്നതിന്റെ തലേന്നുരാത്രി കാപ്പിമരത്തിനു മുകളില്‍ ഉറക്കം വരാതിരിക്കുകയായിരുന്നു ചന്തുപ്പിള്ളക്കോഴി.  പതിവുപോലെ കുന്നിറങ്ങി തണുത്ത കാറ്റിനൊപ്പം കരിമ്പടക്കെട്ട് ചായ്പ് ലക്ഷ്യമാക്കി നടന്നടുത്തു. ബീഡി പ്ലാവില്‍ കുത്തിക്കെടുത്തി, മുരടനക്കിയശേഷം പതിവിനു വിപരീതമായി അത് ഒതുക്കുകള്‍ക്കു താഴെ കാത്തുനിന്നു. വാതില്‍ തുറന്നിറങ്ങിവന്ന രൂപം കണ്ട് ചന്തുപ്പിള്ളക്കോഴി ഞെട്ടി.
പിറ്റേന്നു രാവിലെ രാഗിണിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് ആശാന്‍ ഉറക്കമുണര്‍ന്നത്. നേരത്തേ ഉണര്‍ന്നെണീറ്റ ചന്തുപ്പിള്ളക്കോഴി പിന്നാമ്പുറത്തു വെറുതേ കൊത്തിപ്പെറുക്കി നില്‍ക്കുകയായിരുന്നു.
ഓടിയെത്തിയ ആശാനെ നോക്കി അവള്‍ വിതുമ്പി. ''അമ്മേ കാണുന്നില്ല.'' - രാഗിണിയുടെ മുഖം വിളറിയിരുന്നു...
''കാണുന്നില്ലെന്നോ? എവിടെപ്പോയി? അല്ലെങ്കില്‍ എവിടെപ്പോകാനാണ്? സുമതിക്കു ബന്ധുക്കളായങ്ങനെ ആരുമില്ല. ഇനി എവിടെയെങ്കിലും പോയാല്‍തന്നെ പറയാതെയൊട്ടു പോകാറുമില്ല. അമ്പലത്തില്‍ പോയതാകും...'' ആശാന്‍ മുഴുമിക്കും മുമ്പ് രാഗിണി ഒരു കടലാസുകഷണം  അയാള്‍ക്കുനേരേ നീട്ടി.

രാഗിണിയുടെ അച്ഛന്,

ഞാന്‍ മുരുകന്റെയൊപ്പം പോകുന്നു. ഞങ്ങള്‍ ഏറെനാളായി ഇഷ്ടത്തിലായിരുന്നു. സ്വര്‍ണം വാങ്ങാന്‍വച്ചിരുന്ന പണത്തില്‍നിന്നും കുറച്ച് ഞാന്‍ എടുത്തിട്ടുണ്ട്. രാഗിണിയുടെ കല്യാണം കഴിയും വരെ കാത്തിരിക്കാന്‍ ഞാന്‍ മുരുകണ്ണനോട് ആവശ്യപ്പെട്ടതാണ്. വരുന്നെങ്കില്‍ ഇപ്പോള്‍ വരണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഒന്നോര്‍ത്തപ്പോള്‍ അതാണു ശരിയെന്ന് എനിക്കും തോന്നി. അല്ലെങ്കിലും അവള്‍ പോയിക്കഴിഞ്ഞാല്‍ എനിക്കിവിടെ ആരാണുള്ളത്. അവള്‍ക്കും ഞങ്ങളുടെ ബന്ധത്തില്‍ സംശയം തോന്നിത്തുടങ്ങി. അവളുടെ ചോദ്യത്തിനു മുന്നില്‍ ഇനി എനിക്കു പിടിച്ചുനില്‍ക്കാനാവില്ല. ഒരിക്കലും കാണാനിടയാകാതിരിക്കട്ടെ.

സ്‌നേഹപൂര്‍വം സുമതി

കടലാസു കഷണം കൈയില്‍ പിടിച്ച് അല്‍പനേരംനിന്ന ചന്തുപ്പിള്ളയാശാന്‍ ഒന്നും പറയാതെ ഇറങ്ങി ചായക്കടയിലേക്കു പോയി. രാഗിണി തലയ്ക്കു കൈകൊടുത്ത് ഉമ്മറപ്പടി ചാരിയിരുന്നു. ചന്തുപ്പിള്ളക്കോഴി എന്തുചെയ്യണമെന്നറിയാതെ കാപ്പിച്ചോട്ടില്‍ കൊത്തിപ്പെറുക്കിനിന്നു.





2 അഭിപ്രായങ്ങൾ: