2011, ഫെബ്രുവരി 2, ബുധനാഴ്‌ച

അമ്മവിളയാട്ടം

'കെട്ടിയവനേം കൂടപ്പിറപ്പുകളേം കൊലയ്ക്കുകൊടുത്ത മഹാപാപീ...'
കൈവിരലുകള്‍കൊണ്ട് വേദനിപ്പിക്കും വിധം കാതുപൊത്തിയടച്ചിട്ടും നാരായത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ ചെവി തുളച്ച് ഉള്ളിലേക്കെത്തുന്നുണ്ടെന്നു സരോജത്തിനു തോന്നി.
'കൊല്ലണോ തല്ലണോ? നീ പറഞ്ഞാ മതി. ആ പെണ്ണു ചത്ത പേരും പറഞ്ഞ് ചെട്ടിയാന്‍മാരും ആര്‍.എസ്.എസുകാരും ഇളകിയിരിക്കുന്ന സമയമായതുകൊണ്ട് ഒറ്റക്കുഞ്ഞുപോലും സംശയിക്കില്ല. അവന്മാരാ ചെയ്‌തേന്നു കരുതിക്കോളും. പിന്നെ കേസിനും പുക്കാറിനുമൊക്കെ പോകാന്‍ നീയല്ലാതെ വേറേതു പട്ടിയാ അവനൊള്ളത്? എന്താ വേണ്ടേന്നു വച്ചാല്‍ ഇപ്പം പറയണം. അല്ലാതെപിന്നെ, എന്നും കെട്ടിയോന്റെ കുറ്റോം പറഞ്ഞ് നെഞ്ചത്തലച്ചോണ്ട് ആങ്ങളമാര്‍ടെ അരികോട്ട് വന്നേക്കല്ല്. നീ പറ. അവനെയങ്ങ് തീര്‍ത്തേക്കട്ടെ?'
'അയ്യോ! വേണ്ട, കൊല്ലണ്ട. ഒന്നു താക്കീതു ചെയ്താല്‍ മതി'. ഇങ്ങനെയല്ലേ അന്നു ഗോപിയോടു പറഞ്ഞത്? അതോ, ഇനി കൊല്ലാന്‍ പറഞ്ഞോ? ഇല്ല, കൊല്ലാനൊരിക്കലും പറഞ്ഞിട്ടില്ല. എന്നിട്ടും അവന്‍...
'കെട്ടിയ പെണ്ണിനെ കണ്ണീര്കുടിപ്പിച്ച് വേറൊരുത്തിയേം വച്ചോണ്ടിരിക്കുന്ന അവനെയൊക്കെ പെട്രോളൊഴിച്ചു പച്ചയ്ക്കു കത്തിക്കണം'. ശിവന്‍കുട്ടിയുടെ ആരോടെന്നില്ലാത്ത പുലമ്പല്‍.
'ഒരു സിദ്ധന്‍ വന്നേക്കുന്നു..സിദ്ധന്‍! ഫ്ഭൂ...അവന്റെയൊരു ഭഗവതീം അമ്മവിളയാട്ടോം... എടീ നെനക്കറിയാവോ? ആ ചെട്ടിയാര്‍ടേങ്ങത്തെ പെണ്ണു തൂങ്ങിച്ചത്തതേ ഇവനൊറ്റയൊരുത്തന്‍ കാരണവാ. അവന്റെയൊരു പൂജേം ചരടു ജപിക്കലും. ഈ ചട്ടുകാലന്‍ചെറ്റ കാരണം നാട്ടിലിറങ്ങി നടക്കാന്‍ മേലാണ്ടായി. കൈയും കാലും തല്ലിയൊടിച്ച് എവിടേലും ഇടാം. പിന്നവന്‍ പൂജേം തേവാരോം നടത്തുന്നതൊന്നു  കാണണമല്ലോ? കൂടപ്പെറപ്പിന്റെ കെട്ടിയോനായിപ്പോയി. അല്ലേല്‍ എമ്പണ്ടേ ചെയ്‌തേനേ'. ഗോപിയുടെ അമര്‍ഷം തീരുന്നില്ല.
'ഗോവിന്ദന്‍കുട്ടിച്ചേട്ടന്‍ കാരണവൊന്നുമല്ല ആ ചെട്ടിയാത്തിപ്പെണ്ണു ചത്തത്. അവക്ക് പ്രാന്താര്ന്ന്. പിന്നെ ഭഗവതീനെ നീയങ്ങനെ പുച്ഛിക്കുവൊന്നും വേണ്ട. ഭഗവതിയെക്കൊണ്ട് ഓരോരോ കാര്യസാധ്യത്തിന് ദെവസോം എന്തോരം പേരാ ഗോവിന്ദന്‍കുട്ടിച്ചേട്ടനെ കാണാന്‍ വരുന്നെ? നെനക്കും അറിയാവുന്നതല്ലേ?'
'പിന്നേ...കോപ്പ്, കാര്യം സാധിക്കുന്നു. ആദ്യവൊക്കെ കൈമണീം ചേങ്ങലേം പിടിച്ച് ഞാനും പൊറകേ കൊറേ നടന്നിട്ടൊണ്ട്. എനിക്കും വിശ്വാസവാര്ന്നു. പക്ഷേ, ഇപ്പോഴില്ല. നാറി! അവന്റെയൊരു അമ്മഭഗവതി' ഗോപി മുറ്റത്തേക്കു കാര്‍ക്കിച്ചു തുപ്പി. അവന്റെ മുഖത്ത് തെളിഞ്ഞുനിന്ന ക്രൂരഭാവത്തിന് മരണത്തിന്റെ ഛവി കലര്‍ന്നിരുന്നോ?
ക്ലോക്കില്‍ മണി പത്തടിച്ചു. കമ്പിവടിയും വാക്കത്തിയും ഉടുപ്പിനിടയിലൂടെ നടുവിനു പിന്നില്‍ തിരുകി, ഗോപിയും ശിവന്‍കുട്ടിയും ഇറങ്ങി. 'സരോ, അടുക്കളേല്‍ മുളകുപൊടിയുണ്ടെങ്കില്‍ കവറിന്റെ  മേല്‍ഭാഗം കണ്ടിച്ച് ഇങ്ങോട്ടെട്'. ശിവന്‍കുട്ടി പറഞ്ഞു. കാലില്‍നിന്നും ഒരുതരിപ്പ് മുകളിലേക്കു കയറി. ഇപ്പോഴും അതു മാറിയിട്ടില്ല. 'വേണ്ട ശിവാ, ഒന്നിനും പോകണ്ട' അങ്ങനെ താന്‍ പറഞ്ഞോ? പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മുളകുപൊടി കൊണ്ടെക്കൊടുത്തോ? ഒന്നും ഓര്‍മയില്ല.
പോയി ഏറെനേരം കഴിയും മുമ്പ് ശിവന്‍കുട്ടിയും ഗോപിയും മടങ്ങിവന്നു. ലൈറ്റുകളെല്ലാം അണച്ച് ഉമ്മറത്തിറങ്ങി നോക്കിനില്‍ക്കുകയായിരുന്നു അമ്മയും താനും. നേരത്തെ തീരുമാനിച്ചപ്രകാരം ശിവന്‍കുട്ടിയുടേയും ഗോപിയുടേയും ഭാര്യമാരെ മക്കളേയും കൂട്ടി അവരുടെ വീട്ടിലേക്കയച്ചിരുന്നു.
'സരോ... ഒരബദ്ധം പറ്റിയെടീ' വന്നപാടെ തിണ്ണയിലേക്കിരുന്നുകൊണ്ട് ഗോപി പറഞ്ഞു. പിന്നാലെ വന്ന ശിവന്‍കുട്ടി തളര്‍ച്ചയോടെ വരാന്തയിലേക്കു വീണു.
'എന്താ, എന്താടാ പറ്റിയെ?'
പിന്നീന്നാ ഞങ്ങളടിച്ചെ. അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കാന്‍ തുടങ്ങുവാരുന്നു. പക്ഷെ, അടി ഉദ്ദേശിച്ചപോലെയേറ്റില്ല. അവന്‍ ഗോപീനെക്കേറിപ്പിടിച്ച്. പിടിവലിക്കെടെ മുഖത്തുകെട്ടിയ തോര്‍ത്തഴിഞ്ഞ് അവന്‍ ഞങ്ങളെ കണ്ട്. പിന്നെ, പിന്നെ... ഒരു കൈയബദ്ധം പറ്റിയെടീ, കൊല്ലണോന്നു വിചാരിച്ചാരുന്നില്ല ഒന്നും. പക്ഷേ, അവന്‍ ഞങ്ങളെ കണ്ടസ്ഥിതിക്ക്... വേറെ വഴിയില്ലാരുന്നു സരോ...' കിതപ്പോടെയാണു ഗോപി പറഞ്ഞു തുടങ്ങിയതെങ്കിലും ഒടുക്കമതൊരു വിതുമ്പലായി മാറി.
'അയ്യോ! ന്റെ മക്കളേ... മഹാപാപം ചെയ്തല്ലോ നിങ്ങള്. ഇപ്പോ നെനക്ക് സമാധാനമായില്ലേടീ. കെട്ടിയോനേം കൊന്ന് കൂടപ്പെറപ്പുകളേം കൊലയ്ക്കുകൊടുത്തപ്പോ അടക്കവായോടീ' നെഞ്ചത്തടിച്ചുകൊണ്ടുള്ള അമ്മയുടെ നിലവിളി കാതില്‍ മുഴങ്ങുന്നു.
'അമ്മേ, ഒച്ചയിടാതമ്മേ.. ആരേലും കേട്ടാ...' ശിവന്‍കുട്ടിയുടെ ശബ്ദത്തില്‍ പഴയ വീറും വാശിയുമില്ല. പകരം പേടി തിങ്ങിനിന്നു.
'രാധാമണി?'
അവരും ഞങ്ങളേക്കണ്ടു. വേറെ വഴിയില്ലാരുന്നു. അവരേം...'
തലയ്ക്കകത്താരോ കൂടംകൊണ്ടടിച്ചതുപോലെ. പിന്നിലേക്കു മറിഞ്ഞതു മാത്രം ഓര്‍മയുണ്ട്.
ആരൊക്കെയോ മുറിക്കുള്ളിലേക്കു കടന്നുവരുന്നതും ധൃതിയില്‍ പുറത്തേക്കു പോകുന്നതും അടക്കിപ്പിടിച്ചു സംസാരിക്കുന്നതും മാത്രം ഓര്‍മയുണ്ട്. കാലവും സമയവുമൊന്നും തിരിച്ചറിയാനാകുന്നില്ല. ചുറ്റും നിലവിളിയും ശാപവചനങ്ങളും മാത്രം...'കെട്ടിയോനേം കൊന്ന് കൂടപ്പെറപ്പുകളേം കൊലയ്ക്കുകൊടുത്ത മഹാപാപീ...' ഒന്നും കേള്‍ക്കാതിരിക്കാന്‍ സരോ കാതുകള്‍ പൊത്തിയടച്ചു.

ഠ ഠ ഠ ഠ ഠ ഠ ഠ ഠ ഠ ഠ

'കൊച്ചമ്മേ, ലേശം വെള്ളം താ...' ഗോവിന്ദന്‍കുട്ടിയുടെ നിസഹായമായ ഞരക്കം കാതില്‍ മുഴങ്ങുന്നു. എഴുന്നേല്‍ക്കണമെന്നുണ്ട്. സാധിക്കുന്നില്ല. ശരീരം നുറുങ്ങുന്ന വേദന. വേദനകളെല്ലാം കാല്‍മുട്ടിനു മുകളില്‍ അവസാനിക്കുന്നു. അതിനു താഴേക്ക് ഒരു ശൂന്യത മാത്രം. രാധാമണി മെല്ലെ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു. പാതിതുന്ന മിഴിയിലൂടെ കറങ്ങുന്ന ഫാനും കാറ്റിലാടുന്ന പച്ച കര്‍ട്ടനും തെളിഞ്ഞുവന്നു.
കാല്‍ക്കലിട്ടിരിക്കുന്ന മേശയ്ക്കു മുമ്പിലിരുന്ന് വെള്ളയുടുപ്പിട്ട ഒരു മാലാഖ നേര്‍ത്ത ശബ്ദത്തില്‍ പ്രാര്‍ഥിക്കുന്നു. 'ഈ ലോകത്തിലെ സഹനമെല്ലാം ക്ഷണഭംഗുരമാണ്. ലോകാവസാനത്തില്‍ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നവരെല്ലാം നശിപ്പിക്കപ്പെടുകയും നന്മ ചെയ്യുന്നവരായ അവിടുത്തെ അനുയായികളെല്ലാവരും അവിടുത്തോടൊത്തു വിജയശ്രീലാളിതരായി, ഒരു പുതിയ ലോകത്തില്‍ ദൈവപിതാവിനോട് ഒന്നുചേര്‍ന്ന്, നിത്യാനന്ദനിര്‍വൃതിയടയുകയും ചെയ്യും.'
എന്താണു സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ രാധാമണി ശ്രമിച്ചു. കുത്തൊഴുക്കില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് വീണ്ടും കാണാമറയത്തകലുന്ന കരിയലത്തണ്ടു പോലെയുള്ള ഓര്‍മകളെ പിടിച്ചുനിര്‍ത്താനാകുന്നില്ല.
പൂജകഴിഞ്ഞ് നടയടച്ചുവരുന്ന ഗോവിന്ദന്‍കുട്ടിക്കുള്ള അത്താഴം വിളമ്പിക്കൊണ്ട് അടുക്കളയില്‍ നില്‍ക്കുകയായിരുന്നു. പെട്ടന്നാണ് ഒരു നിലവിളി കേട്ടത്. ഗോവിന്ദന്‍കുട്ടിയുടെ ശബ്ദംപോലെ. തിണ്ണയിലേക്കോടിയിറങ്ങി നോക്കി. ഓലമേഞ്ഞ കോവിലിനു മുന്നില്‍ രണ്ടുമൂന്നു നിഴലുകള്‍. അവ പരസ്പരം പിടിവലി നടത്തുകയാണ്. 'അമ്മേ, ദേവീ ചതിച്ചോ?' കുത്തനെയുള്ള പടികള്‍ പാഞ്ഞുകയറി മുറ്റത്തേക്ക് ചെല്ലുമ്പോള്‍... ഹൊ! കോവിലിന്റെ മുന്നിലെ തൂക്കുവിളക്കിന്റെ പ്രകാശത്തില്‍... ഒന്നേ നോക്കിയുള്ളൂ. 'അയ്യോ, ന്റെ ദേവീ... എന്താ ഈ കാട്ടുന്നത്?' നിലത്തുവീണു കിടക്കുന്ന ഗോവിന്ദന്‍കുട്ടിക്കു നേരെ ഉയരുന്ന വാക്കത്തിയുടെ വെള്ളിത്തിളക്കം കണ്ണു മഞ്ഞളിപ്പിച്ചു കളഞ്ഞു.
കോവിലിനു മുമ്പിലെ പന്തലില്‍ കഴുകി കമഴ്ത്തി വച്ചിരുന്ന കിണ്ടിയുമായി അയാള്‍ക്കുനേരെ പാഞ്ഞുചെന്നതാണ്. പക്ഷേ, കമ്പിവടികൊണ്ടുള്ള അടിയേറ്റ് കിണ്ടി ദൂരേക്കു തെറിച്ചുപോയി. കൈ താഴേക്ക് ഒടിഞ്ഞുതൂങ്ങി.
രണ്ടാമത്തെ അടി തലയ്ക്കാണേറ്റത്. മുട്ടുകുത്തി നിലത്തേക്കുവീണു. വീണ്ടും വടിയോങ്ങിയപ്പോഴാണു മുഖം കണ്ടത്. 'ഗോപീ...എന്നെ കൊല്ലല്ലേ ഗോപീ,' ആ നിമിഷം കണ്ണിലേക്കെന്തോ വന്നു വീണു. ചുട്ടുപൊള്ളുന്ന നീറ്റല്‍ 'അയ്യോ അമ്മേ...'
'നെനക്ക് ഞങ്ങടെ പെങ്ങടെ കെട്ടിയോന്റെ കൂടെ കെടക്കണം അല്ലേടീ... എത്ര തവണ നെനക്കു ഞങ്ങളു താക്കീതു തന്നതാടീ നായിന്റെ മോളേ'
വേണ്ട ഗോപീ, ഒന്നും ചെയ്യല്ലേ... ഞാനെങ്ങോട്ടേലും പൊക്കോളാം' ഗോപി കമ്പിവടി ഉയര്‍ത്തി. ഇടതുകാലിന്റെ മുട്ടുചിരട്ടയില്‍ ഭാരമുള്ളതെന്തോ വന്നു പതിച്ചതുപോലെ തോന്നി. ഒരു പ്രാവശ്യം കൂടി... അതേ മരവിപ്പും തണുപ്പും വലതുകാലിലും അനുഭവപ്പെടുന്നുണ്ടോ?
കമ്പിവടി അന്തരീക്ഷത്തില്‍ പലവട്ടം ഉയര്‍ന്നു താഴ്ന്നു. ബോധം മറയുംപോലെ. 'മതിയെടാ ഗോപീ, ചത്തെന്നാ തോന്നുന്നെ... വാ ആരേലും വരുംമുമ്പ് പോകാം.'
കാലടി ശബ്ദം അകന്നുപോയി.
ശരീരത്തിനു തെല്ലും വേദന തോന്നുന്നില്ല. പക്ഷേ എണീക്കാന്‍ വയ്യ, എന്റെ ദേവീ, ഒന്നുറക്കെ വിളിച്ചുകൂവിയാല്‍ ഓടിവരാന്‍ പോലും അടുത്താരുമില്ലല്ലോ?
'കൊച്ചമ്മേ...എന്റെ തൊണ്ട പൊട്ടിപ്പോകുന്നു, കൊറച്ചു വെള്ളംതാ...' ഗോവിന്ദന്‍കുട്ടിയുടെ നേര്‍ത്ത ശബ്ദത്തിലുള്ള യാചന. 'അമ്മേ, ഭഗവതീ, എനിക്കിതു കേള്‍ക്കാന്‍ വയ്യ... നിനക്കു രണ്ടുനേരം പൂജ ചെയ്യുന്നവനല്ലേ അല്‍പം ജീവജലത്തിനുവേണ്ടി കേഴുന്നത്? ആ ജീവനൊന്നവസാനിപ്പിച്ചുകൊടുക്കാനുള്ള ദയയെങ്കിലും നീ കാണിക്ക്.
തൂക്കുവിളക്ക് കരിന്തിരി കത്തിയണഞ്ഞു. പിന്നെത്രനേരം അങ്ങിനെ കിടന്നുകാണും? അറിയില്ല. ഗോവിന്ദന്‍കുട്ടിയുടെ ദയനീയത നിറഞ്ഞ ഞരക്കം കാതിലില്‍ മുഴങ്ങുന്നു, കണ്ണടച്ചാല്‍ ചോരയുടെ കറുത്ത വൃത്തത്തിനുള്ളില്‍ ചുരുണ്ടുകിടക്കുന്ന രൂപം തെളിയുന്നു. 'അമ്മേ, മക്കള്‍ ചെയ്‌തൊരു തെറ്റിന് ഇത്രവലിയ ശിക്ഷ വേണ്ടിയിരുന്നോ അമ്മേ?'
'ഗോവിന്ദന്‍കുട്ടീ, നിസഹായനായി നീ നിലവിളിച്ചിട്ടും ഒരിറ്റുവെള്ളം തരാനാകാതെ അതുകേട്ടുകിടന്ന ഞാനെന്തൊരു പാപിയാണ്?'
ഓര്‍മ മങ്ങിപ്പോകുംപോലെ. കണ്ണുകള്‍ക്കു മുമ്പിലിപ്പോള്‍ ചോരയൊലിക്കുന്ന വാളും ചിലമ്പും മാത്രം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ