2011, ഫെബ്രുവരി 2, ബുധനാഴ്‌ച

മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍ ഇവിടെ ഉറങ്ങുന്നു

മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഇരുണ്ടസെല്ലുകള്‍ക്കുള്ളില്‍ കണ്ട എല്ലുന്തിയ രൂപം നല്ല പരിചയമുള്ളതു പോലെ. ഒരുപാടു സമയം വേണ്ടി വന്നു എനിക്കാളെ മനസിലാക്കിയെടുക്കാന്‍. അതു മെറ്റില്‍ഡ വി. സെബാസ്റ്റിയനായിരുന്നു- ആണ്‍കുട്ടികളെപ്പോലെ സംസാരിക്കുകയും പെരുമാറുകയും വസ്ത്രം ധരിക്കുകയും ചെയ്ത മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
സ്‌കൂളിലും പിന്നീടു കോളേജിലും എന്റെ സഹപാഠിയായിരുന്ന മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അരക്കെട്ടിനെ മറച്ചു കിടന്നിരുന്ന കറുത്തിരുണ്ട മുടി പെട്ടെന്നൊരു ദിവസം ആണ്‍കുട്ടികളുടേതുപോലെ വെട്ടി, എല്ലാവരെയും ഞെട്ടിച്ച മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
രണ്ടായിരത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന വിമന്‍സ് കോളജില്‍, അവരുടെയെല്ലാം ആരാധനാപാത്രമായി, ആണ്‍കുട്ടിയുടെ രൂപഭാവങ്ങളോടെ വിലസിയ വോളിബോള്‍ താരം മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
കോളജില്‍ ആദ്യമായി ബൈക്കില്‍ വന്ന മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
കോളജ് ഡേയ്ക്ക് കൂവുകയും ഗാനമേളക്കാര്‍ക്കൊപ്പം സ്‌റ്റേജില്‍ കയറി നൃത്തം വെയ്ക്കുകയും ചെയ്തതിന് സിസ്റ്റര്‍ പ്രിന്‍സിപ്പലിന്റെ കയ്യില്‍ നിന്നും സസ്‌പെന്‍ഷന്‍ വാങ്ങിയ മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
തന്നേക്കാള്‍ 20 വയസ് കൂടുതലുള്ള ഓട്ടോഡ്രൈവര്‍ ശ്രീധരന്റെ പ്രണയലേഖനങ്ങള്‍ നോട്ടുബുക്കില്‍ നിന്നും കയ്യോടെ സിസ്റ്റര്‍ പിടികൂടിയപ്പോള്‍ ''ഞങ്ങള്‍ പ്രണയിക്കുകയല്ല, കാമിക്കുകയാണെന്നു'' പറഞ്ഞു ക്ലാസില്‍ നിന്നിറങ്ങിപ്പോയ മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
ഹോസ്റ്റലില്‍ എന്റെ റൂംമേറ്റായിരുന്ന, വാര്‍ഡനറിയാതെ സ്‌കോച്ച് വാങ്ങിക്കഴിച്ചു പൂരപ്പാട്ടു പാടിയിരുന്ന മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ട്രിപ്പ് പോകാനും അവരോടൊപ്പം റൂമെടുത്തു താമസിക്കാനും ധൈര്യം കാട്ടിയ മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
അവസാനം, ഡിഗ്രി ഫൈനലിയറിനു പഠിക്കുമ്പോള്‍ ഒരുദിവസം, ആരോടും പറയാതെ പഠനമവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിപ്പോയ മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
ആ ദിവസം ഞാനിപ്പോഴുമോര്‍ക്കുന്നു.
ക്ലാസുകള്‍ തീരാന്‍ വളരെക്കുറച്ചു ദിവസങ്ങള്‍ മാത്രമവശേഷിക്കേ, ഡിസംബര്‍ മാസത്തിലെ ഒരു തണുത്ത പ്രഭാതത്തില്‍ കമ്പിളിപ്പുതപ്പിനടിയില്‍ സുഖസുഷുപ്തിയിലാണ്ടു കിടന്ന എന്നെ വിളിച്ച് മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍ പറഞ്ഞു, ''ആനീ, ഞാന്‍ വീട്ടില്‍ പോണു''.
ഉറക്കച്ചടവില്‍ അവിശ്വസനീയതയോടെ കണ്ണുതിരുമ്മി നോക്കുമ്പോള്‍ പോകാനൊരുങ്ങി ബാഗുമായി നില്‍ക്കുകയാണ് മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
''എന്താ വിശേഷിച്ച്?'' എന്റെ ചോദ്യത്തിനു മറുപടി പറയാതെ റൂമിന്റെ താക്കോല്‍ കയ്യില്‍വച്ചു തന്നുകൊണ്ടു പറഞ്ഞു, ''വച്ചോ. വാര്‍ഡനോടു പറഞ്ഞാല്‍ മതി ഞാന്‍ പോയെന്ന്''.
ഹോസ്റ്റലിനു മുന്നിലെ ടാറിട്ട പാതയോരത്ത് നേരിയ മഞ്ഞില്‍ പൂത്തുനില്‍ക്കുന്ന മഞ്ഞയും റോസും നിറങ്ങളിലുള്ള ബൊഗെയ്ന്‍ വില്ലയ്ക്കരികിലൂടെ നടന്നു നീങ്ങുന്ന മെറ്റില്‍ഡ വി. സെബാസ്റ്റിയനെ രണ്ടാം നിലയുടെ ജനാലയ്ക്കരികില്‍ ഞാന്‍ നോക്കി നിന്നു.
മുത്തുപൊഴിയുന്ന ലാഘവത്തോടെ ദിവസങ്ങള്‍ കടന്നുപോയി. മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍ മടങ്ങിവന്നില്ല. പറയാതെ പോയതില്‍ വാര്‍ഡന്‍ നല്ല ദേഷ്യത്തിലായിരുന്നു. മെറ്റില്‍ഡ വി. സെബാസ്റ്റിയന്റെ റൂംമേറ്റുകളായിരുന്ന എനിക്കും ഗായത്രിക്കും കണക്കറ്റു ശകാരം കിട്ടി. ഹോസ്റ്റലില്‍ ഏറെക്കുറെ ഞങ്ങളൊറ്റപ്പെട്ടു. വാര്‍ഡന്റെ ചീത്തവിളി ഭയന്ന് ഞാന്‍ ആന്റിയുടെ വീട്ടില്‍ നിന്നും ഗായത്രി സ്വന്തം വീട്ടില്‍ നിന്നും പോയിവരാന്‍ തുടങ്ങി.
ഒരുദിവസം ഹോസ്റ്റലിലെ പാചകക്കാരനെ വഴിയില്‍ വച്ചു കണ്ടപ്പോള്‍ പറഞ്ഞു, മെറ്റില്‍ഡ വി. സെബാസ്റ്റിയന്റെ സാധനങ്ങളും ബൈക്കും നാട്ടില്‍ നിന്നും ആരോ വന്നു കൊണ്ടുപോയി എന്ന്. പക്ഷേ, എന്താണു സംഭവിച്ചതെന്നു  മാത്രം അയാള്‍ക്കും അറിയില്ല.
ക്ലാസ് തീര്‍ന്നു, സ്റ്റഡി ലീവായി, പരീക്ഷയായി, പഠനത്തിന്റെ തിരക്കായി. മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍ സ്വാഭാവികമായും മറവിയിലാണ്ടു. പരീക്ഷ കഴിഞ്ഞതോടെ എല്ലാവരും സ്വന്തം കൂടുതേടി പറന്നുപോയി.
അതിനുശേഷം, മുടി ബോബ് ചെയ്ത പെണ്‍കുട്ടികളെ കാണുമ്പോള്‍ കൗതുകത്തോടെ നോക്കുകയും മെറ്റില്‍ഡാ വി. സെബാസ്റ്റിയനെ ഓര്‍ക്കുകയും ചെയ്യുമായിരുന്നു.
പക്ഷേ, ഇന്ന്, മലവും മൂത്രവും നാറുന്ന സെല്ലിന്റെ തുരുമ്പിച്ച അഴികള്‍ക്കു പിന്നില്‍ ആ മുഖം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
തലമുടി പറ്റേ വെട്ടി മെല്ലിച്ച ശരീരത്തിനിണങ്ങാത്ത അയഞ്ഞു തൂങ്ങിയ പച്ചനിറമുള്ള ഒരു ചുരിദാറിന്റെ ടോപ്പു മാത്രം ധരിച്ച ആ രൂപം മനസില്‍ നിന്നു മായുന്നേയില്ല.
ചുണ്ടുകൂര്‍പ്പിച്ചുള്ള മനോഹരമായ ചിരിക്കു പകരം പുറത്തുവന്ന വൃത്തികെട്ട, അവ്യക്തമായ ശബ്ദമാണ് കാതില്‍ നിറയെ. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മെറ്റില്‍ഡ വി. സെബാസ്റ്റിയനായിരുന്നു മനസില്‍.
ഇളംമഞ്ഞ വെയിലിന്റെ പുതപ്പണിഞ്ഞ വൈകുന്നേരം. അക്വേറിയത്തിനോടു ചേര്‍ന്ന് രണ്ടാംനിലയുടെ കൈവരിയില്‍ ഇരിക്കുകയാണ് മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍. ചുറ്റിനും ഞങ്ങളെല്ലാവരും ഉണ്ട്- ഞാന്‍, ഗായത്രി, മീര, സുറുമി, അനുപ- അക്വേറിയത്തിനുള്ളില്‍ നീന്തുന്ന ഇളംറോസ് നിറവും ചുവന്ന കണ്ണുകളുമുള്ള മീനില്‍ ഒന്നിന്റെ ചുണ്ട് തടിച്ചു  താഴേക്കു മലര്‍ന്നിരിക്കുന്നു. '' നോക്ക്, വാര്‍ഡന്‍ സാറാമ്മയുടേതു പോലുണ്ട്''. പറഞ്ഞിട്ട് മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍ പൊട്ടിച്ചിരിച്ചു. കൂടെ ഞങ്ങളും. എല്ലാവരും ചിരിക്കുകയാണ്. പെട്ടെന്ന്, മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍ കാല്‍ തെറ്റി പിന്നിലേക്കു മറിഞ്ഞു. കൂട്ടത്തില്‍ പിടിക്കാനായാഞ്ഞ ഞാനും.
ഉറക്കെ നിലവിളിച്ചുകൊണ്ടു ഞാന്‍ ചാടി എഴുന്നേറ്റു. സ്വപ്നമായിരുന്നു. വൃത്തികെട്ട സ്വപ്നം. പിന്നീടെനിക്ക് ഉറങ്ങാനായില്ല.
രാവിലെ ആശ്വാസഭവനിലേക്കു വണ്ടി കയറുമ്പോള്‍ മെറ്റില്‍ഡാ വി. സെബാസ്റ്റിയനായിരുന്നു മനസു നിറയെ. ആശ്വാസഭവന്‍ ഡയറക്ടര്‍ ജോയ് തോമസിനെ നേരത്തെ പരിചയമുണ്ട്. ജോയിയുടെ വാക്കുകള്‍ കോറിയിട്ടത് ഞങ്ങള്‍ക്കാര്‍ക്കും അറിയാത്ത മെറ്റില്‍ഡാ വി. സെബാസ്റ്റിയന്റെ ചിത്രമായിരുന്നു. രണ്ടുവര്‍ഷം സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചിട്ടും ഒരുമിച്ചു താമസിച്ചിട്ടും എനിക്കു മനസിലാക്കാനാവാതെ പോയ ഒരു മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
പട്ടാളക്കാരനായിരുന്ന അപ്പന്‍ സെബാസ്റ്റിയന്‍ ജോണിനോടുള്ള വാശിയില്‍ ജീവിതം ജീവിച്ചു തീര്‍ത്ത മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
അപ്പനോടു വാശിതീര്‍ക്കാന്‍, എന്നും സ്‌കൂളില്‍ കൊണ്ടുചെന്നാക്കിയിരുന്ന ഓട്ടോയുടെ ഡ്രൈവര്‍ ശ്രീധരനെ പ്രണയിക്കുകയും ചുംബിക്കുകയും ചെയ്ത മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
അപ്പനോടുള്ള വാശി തീര്‍ക്കാന്‍ നിതംബം കവിഞ്ഞു കിടന്നിരുന്ന മുടി ഒരുദിവസം പെട്ടെന്ന് ആണ്‍കുട്ടികളുടേതുപോലെ മുറിച്ച മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
അപ്പനെ തോല്‍പ്പിക്കാന്‍ മദ്യപിച്ചു പൂരപ്പാട്ടുകള്‍ പാടിയ മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
അമ്മ മരിച്ചതിനു ശേഷമുള്ള ഒരു രാത്രിയില്‍ ചേച്ചിയുടെ നിലവിളി അപ്പന്റെ കിതപ്പില്‍ ഒതുങ്ങുന്നതു കേട്ടു ഞെട്ടി ഉറങ്ങാതിരുന്ന്, രാവിലെ ചേച്ചിയുടെ കരണത്തടിച്ച് വീട്ടില്‍നിന്നും മിണ്ടാതെയിറങ്ങിപ്പോയ മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
പോസ്റ്റുമോര്‍ട്ടം ടേബിളില്‍ കീറിമുറിക്കപ്പെട്ട ചേച്ചിയുടെ മൃതദേഹത്തിനരികേ വിങ്ങിപ്പൊട്ടി നിന്ന അപ്പന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പി ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോന്ന മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
അപ്പന്റെ രണ്ടാം വിവാഹത്തിന്റെയന്നു കുടിച്ചു ലക്കുകെട്ട് പള്ളിയില്‍ ചെന്നു ബഹളമുണ്ടാക്കിയ മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
രണ്ടാനമ്മ പെറ്റതും പെണ്ണെന്നറിഞ്ഞ് അവളെയോര്‍ത്ത് മുറിയടച്ചിട്ടു കരഞ്ഞ മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
ജീവിന്റെ ജീവനായിരുന്ന അനിയത്തിക്കുട്ടിയെ സ്‌കൂളില്‍ കൊണ്ടാക്കിയിരുന്ന ഓട്ടോയുടെ ഡ്രൈവര്‍ ശ്രീധരന്‍ പീഡിപ്പിച്ചു കൊന്ന വിവരമറിഞ്ഞ് ഹോസ്റ്റലില്‍ നിന്നാരോടും പറയാതെ വീട്ടിലേക്കുപോയ മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
ചേച്ചിയേപ്പോലെ നിലവിളികള്‍ അപ്പന്റെ കിതപ്പിലൊതുങ്ങാന്‍ ആഗ്രഹിക്കാത്തതിനാല്‍ അപ്പനെ ചുറ്റികയ്ക്കടിച്ചുകൊന്ന് ഒരു ദിവസം മുഴുവന്‍ ജഡത്തിനു കാവലിരുന്ന മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
അവസാനം, കോടതി നിര്‍ദേശത്താല്‍ എത്തിപ്പെട്ട ഭ്രാന്താശുപത്രിയുടെ ഇരുണ്ടമുറിയില്‍ നിന്നും ജോയ് തോമസ് കണ്ടെടുത്ത് ആശ്വാസഭവനിലെത്തിച്ച മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
ഞാന്‍ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. ഒരു ദിവസം പെട്ടെന്നു യാത്ര പറഞ്ഞുപോയ സുഹൃത്തിനേക്കുറിച്ചു പിന്നീട് യാതൊന്നും അന്വേഷിക്കാതിരുന്നതില്‍ എനിക്കു കുറ്റബോധം തോന്നി.
സെല്ലിനരികിലേക്കു ചെല്ലുമ്പോള്‍ വെറും നിലത്തു ചുരുണ്ടുകൂടിക്കിടന്നുറങ്ങുകയായിരുന്നു മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍. ഡെറ്റോളിന്റെ ഗന്ധം നിറഞ്ഞ ആ അന്തരീക്ഷത്തില്‍ നിന്നും ഒന്നും പറയാതെ ഞാന്‍ ഇറങ്ങിപ്പോന്നു.
ഭര്‍ത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടു പെട്ടെന്നു ബാംഗ്ലൂരിലേക്കു പോകേണ്ടി വന്നതിനാല്‍ പിന്നീടു മെറ്റില്‍ഡാ വി. സെബാസ്റ്റിയനെ കാണാന്‍ പോകണമെന്നു കരുതിയിരുന്നെങ്കിലും സാധിച്ചില്ല. വിളിക്കാനാണെങ്കില്‍, ആശ്വാസഭവനിലെ നമ്പര്‍ വാങ്ങാന്‍ മറന്നും പോയിരുന്നു. നാലുമാസത്തോളം കഴിഞ്ഞാണു ഞാന്‍ നാട്ടിലെത്തിയത്.
ഗുളികയുടെ ആലസ്യത്തില്‍ ടോമിച്ചന്‍ മയങ്ങുന്ന ഒരു ഞായറാഴ്ച ടോമിച്ചനില്‍ നിന്നും നേരത്തേ വാങ്ങിയ അനുമതിയുടെ പിന്‍ബലത്തില്‍ ഞാന്‍ ആശ്വാസഭവനിലെത്തി.
ജോയ് തോമസ് പരിചയത്തോടെ പുഞ്ചിരിച്ചു. സ്‌നേഹപൂര്‍വം നല്‍കിയ ചായ കുടിച്ചു കൊണ്ടിരിക്കുമ്പാഴാണ് മലവും മൂത്രവും ഡെറ്റോളും കൂടിക്കലര്‍ന്നുണ്ടായ വൃത്തികെട്ട ഗന്ധവും ശുഷ്‌കിച്ച ശരീരവും അയഞ്ഞു തൂങ്ങിയ പച്ചനിറമുള്ള ചുരിദാറിന്റെ ടോപ്പും ഉപേക്ഷിച്ച് മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍ മടങ്ങിപ്പോയ വാര്‍ത്ത ജോയ് തോമസ് എന്നോടു പറയുന്നത്. രാവിലെ സെല്‍ തുടയ്ക്കാന്‍ ഡെറ്റോളുമായി ചെന്ന നഴ്‌സാണ് പ്ലാസ്റ്റിക് വള്ളിയില്‍ കുരുങ്ങി കണ്ണുതുറിച്ച്, നാവുകടിച്ചു നില്‍ക്കുന്ന മെറ്റില്‍ഡാ വി. സെബാസ്റ്റിയനെ കണ്ടത്. ആത്മഹത്യ ചെയ്യുന്നതിനും രണ്ടാഴ്ച മുമ്പു മുതല്‍ മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍ സാധാരണ നിലയിലേക്കു മടങ്ങിവരാന്‍ തുടങ്ങിയിരുന്നുവെന്നു ജോയ് തോമസ് പറഞ്ഞു.
സെമിത്തേരിയില്‍ മെറ്റില്‍ഡാ വി. സെബാസ്റ്റിയനെ അടക്കിയതിനരികില്‍ നിറയെ മഞ്ഞനിറമുള്ള കമ്മല്‍ചെടികള്‍ പൂത്തു നിന്നിരുന്നു.ശവക്കല്ലറയുടെ കറുത്തമാര്‍ബിളില്‍,
'ഞാന്‍ ഉറങ്ങുകയാണ്, ശല്യപ്പെടുത്തരുത്'
മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍
ജനനം: 22-04-1977
മരണം: 12-03-2008
എന്നു കുറിച്ചിരുന്നു.
പാവം, ഉറങ്ങട്ടെ...
ജീവിതത്തില്‍ സമാധാനത്തോടെ ഒരിക്കല്‍പോലും കണ്ണടച്ചിട്ടില്ലാത്ത എന്റെ മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍ സമാധാനത്തോടെ നിത്യതയില്‍ ഉറങ്ങട്ടെ, ദയവായി ശല്യപ്പെടുത്തരുത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ