2011, ഫെബ്രുവരി 2, ബുധനാഴ്‌ച

ദയാവധം

രികില്‍ വെള്ളി അലുക്കുകള്‍ പിടിപ്പിച്ച ഇന്‍വിറ്റേഷന്‍ കാര്‍ഡ് അയാള്‍ തിരിച്ചും മറിച്ചും നോക്കി. ഇരുണ്ട നീലനിറത്തില്‍ തിളങ്ങുന്ന വെള്ളിപ്പൊട്ടുകള്‍ വാരിവിതറിയ കവറില്‍ വടിവൊത്ത അക്ഷരത്തില്‍ അയാളുടെ പേരും ചടങ്ങിന്റെ സമയവും കുറിച്ചുവച്ചിരിക്കുന്നു. കാര്‍ഡൊന്നിന് എഴുപത്തിയഞ്ചു രൂപയാണു വില. അതിത്തിരി ആര്‍ഭാടമായോ എന്ന് ഒരുവേള സംശയം തോന്നിയതുമാണ്. പക്ഷെ, കുടുംബത്തില്‍തന്നെ ഇത്തരമൊരു ചടങ്ങ് ആദ്യമായതുകൊണ്ട് മക്കളും മരുമക്കളും സമ്മതിച്ചില്ല. മാത്രവുമല്ല സംഭവം അതിനോടകം ഏറെ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. അവരുടെയെല്ലാം ആഗ്രഹം നടക്കട്ടെയെന്ന് അയാളും കരുതി.
അയാള്‍ കവര്‍ തുറന്നു. മുകളിലും താഴെയും കോണുകളില്‍ പൂക്കള്‍ ചിരിക്കുന്ന കാര്‍ഡ്. വെള്ളിനിറത്തിലുള്ള മുഴച്ചുനില്‍ക്കുന്ന അക്ഷരങ്ങള്‍ അയാളുടെ ശ്രദ്ധയെ പിടിച്ചുവലിച്ച് കാര്‍ഡിലേക്കിട്ടു.
പ്രിയ സുഹൃത്തേ,
എന്റെ ഭര്‍ത്താവും കൊട്ടാരക്കര വെട്ടിക്കവല നഭസില്‍ പരേതരായ റിട്ട. ഹെഡ്മാസ്റ്റര്‍ ജി. ഗോപിനാഥന്‍ നായരുടേയും കെ.ജി. കമലാക്ഷിയമ്മയുടേയും മകനും റിട്ട. കെ.എസ്.എഫ്.ഇ. മാനേജരുമായ ജി. ചന്ദ്രഭാനു നിര്യാതനാവുകയാണ്. ഡിസംബര്‍ 6-ാം തീയതി ഞായറാഴ്ച പകല്‍ 12.05 നും 12.45 നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ കൊട്ടാരക്കര ഇമ്മാനുവേല്‍ ഡെത്ത് ഹോമിലാണു ചടങ്ങ്. തലേന്നു കൊട്ടാരക്കര വെട്ടിക്കവലയിലെ വീട്ടില്‍ നടക്കുന്ന സത്കാരത്തിലും മരണത്തിലും താങ്കളുടേയും കുടുംബത്തിന്റേയും മഹനീയ സാന്നിധ്യം സദയം ക്ഷണിക്കുന്നു.
ഉപചാരപൂര്‍വം:
ഭാര്യ: റിട്ട. ഡെപ്യൂട്ടി കലക്ടര്‍ പദ്മിനി ചന്ദ്രഭാനു
മക്കള്‍: ഉദയ്ചന്ദ്, ഉമ ഹരികൃഷ്ണന്‍
മരുമക്കള്‍: പ്രിയ ഉദയ്, കെ. ഹരികൃഷ്ണന്‍
കൊച്ചുമക്കള്‍: വന്ദന, അഭയ്, മീര, മീനാക്ഷി

എന്‍.ബി: മൃതദേഹം ഉച്ചയ്ക്കുശേഷം 2.30 നു പൊതുദര്‍ശനത്തിനു വയ്ക്കും.

കൊട്ടാരക്കര
15-11-'09

നാളെയാണു ചടങ്ങ്. ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. കാര്‍ഡും പിടിച്ച് ചിന്തിച്ചിരിക്കുമ്പോഴാണ് ഉദയ് കടന്നുവന്നത്. ' അച്ഛന്‍ എന്തെടുക്കുവാ? വേഗം ഒരുങ്ങ്. എല്ലാരും എത്താറായി'. പുറത്തെവിടെയോ പോയി മടങ്ങി വരികയായിരുന്ന അവന്റെ മുഖം ചുവന്നു തുടുത്തിരുന്നു. ലൊസാഞ്ചല്‍സില്‍ സെറ്റില്‍ ചെയ്ത ഉദയും ഭാര്യയും മക്കളും നാട്ടിലെത്തിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. അറിയിക്കേണ്ടവരെ നേരിട്ടും ഫോണിലും എല്ലാം ക്ഷണിച്ചത് അവനാണ്. മകളും മരുമകനും അവരുടെ മക്കളും ഇന്നലെയെത്തി. വിവാഹം കഴിച്ച് മറ്റു കുടുംബങ്ങളിലേക്കു പോകുന്ന പെണ്‍കുട്ടികള്‍ കൈമാറ്റം ചെയ്യപ്പെടുന്ന സമ്മാനം പോലെയാണ്. നല്‍കുന്നയാള്‍ക്കു പിന്നീടൊരിക്കലും അവകാശവാദം ഉന്നയിക്കാനാവില്ല. അതുകൊണ്ടുതന്നെ ഉമയോട് നേരത്തെയെത്തണമെന്നു പറഞ്ഞു നിര്‍ബന്ധിച്ചതുമില്ല.
പഴയകാല സുഹൃത്തുക്കളില്‍ ചിലരെ ക്ഷണിക്കാന്‍ നേരിട്ടാണു പോയത്. ഒപ്പം ജോലി ചെയ്തിരുന്ന സെബാസ്റ്റിയന്‍ ചോദിച്ചു, 'എന്തിനാ ചന്ദ്രാ ഇത്. ഓരോരുത്തര്‍ക്കും മടങ്ങാന്‍ ഓരോ സമയം നേരത്തെ നിശ്ചയിച്ചിട്ടുണ്ടാകും. അന്നു പോരേ എല്ലാം.. ദയാവധം എന്നൊക്കെ പറയാം. എന്നാലും... എനിക്കിതുവരെ ജീവിച്ചുകൊതി തീര്‍ന്നിട്ടില്ല. അപ്പോഴാ ഓരോരുത്തര്...' ഈര്‍ഷ്യയില്‍ അയാളുടെ മുഖം ചുളിഞ്ഞു. കരള്‍രോഗത്തിന്റെ മൂര്‍ധന്യത്തില്‍ ശരീരമാകെ നീരുവന്ന്, നേരാംവണ്ണം സംസാരിക്കാന്‍ പോലുമാകാത്ത, പരസഹായം കൂടാതെ ഒരുകാര്യം പോലും ചെയ്യാനാവാത്ത സെബാസ്റ്റിയന് ജീവിതത്തോടുള്ള അടങ്ങാത്ത പൂതികണ്ടപ്പോള്‍ ചിരിയാണു വന്നത്.
'എന്നായാലും ഒരിക്കല്‍ നമ്മളെല്ലാം പോകണ്ടേടോ? ഒരാഗ്രഹം പോലും ബാക്കിയില്ലാത്തപ്പോള്‍ പൂര്‍ണ സന്തോഷത്തോടെ ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കുക. അതാ അതിന്റെ ശരി. തന്റെ കാര്യംതന്നെ ഒന്നോര്‍ത്തുനോക്ക്. ഇങ്ങനെ എത്രനാളാ വേദനേം തിന്ന്, മറ്റുള്ളോരേം ബുദ്ധിമുട്ടിച്ച് ജീവിക്കുന്നെ? എനിക്കാണേല്‍ മക്കള്‍ രണ്ടാളും നല്ല നെലേലായി. അവര്‍ക്കോരോ കുടുംബോമായി. യാതൊരു പ്രാരാബ്‌ധോമില്ല. ആഗ്രഹങ്ങളും ബാക്കിയില്ല. ഇനീം ജീവിക്കാമെന്നുവച്ചാല്‍ ഒരിക്കലും സാധിക്കാത്ത ആഗ്രഹങ്ങളെന്തേലും മനസില്‍ കേറീന്നും വരും. പിന്നെ ആ വിചാരത്തോടെയാകും മരണം. അതു വേണ്ട. എന്റെ സമയമായീന്നു തന്നെയാ മനസു പറയുന്നെ. ഒരു കണക്കിനു സര്‍ക്കാരിത് അംഗീകരിച്ചത് എത്ര നന്നായി! ഒന്നുമല്ലേലും വേണ്ടപ്പെട്ടവരെയെല്ലാം കണ്ടോണ്ടു കണ്ണടയ്ക്കാമല്ലോ?'
'ഈ മാല ഈ സാരിക്കു മാച്ചാകുന്നുണ്ടോ ഉമേ?' ഉച്ചത്തിലുള്ള ചോദ്യം കേട്ട് അയാള്‍ ചിന്തയില്‍നിന്നുണര്‍ന്നു. 'മരണവും വാണിജ്യവത്കരിക്കപ്പെട്ടു അല്ലേടോ?' ക്ഷണിക്കാന്‍ ചെന്നപ്പോള്‍ ദേവസ്യാച്ചന്‍ പറഞ്ഞതോര്‍മ്മ വന്നു. പഴയ കമ്മ്യൂണിസ്റ്റ്കാരനാണ് അങ്ങനെയേ പറയൂ.
ഒരു കണക്കിനു നോക്കിയാല്‍ ആരുമറിയാതെ അപ്രതീക്ഷിതമായി കടന്നുകയറ്റത്തേക്കാള്‍ എത്രയോ നല്ലതാണ് എല്ലാവരേയും അറിയിച്ചുകൊണ്ടുള്ള കടന്നുവരവ്. മക്കളുടെയും കൊച്ചുമക്കളുടേയും എല്ലാം സൗകര്യം നോക്കി ഒരു തീയതി നിശ്ചയിക്കല്‍ മാത്രമായിരുന്നു ബുദ്ധിമുട്ടേറിയത്. മീരയ്ക്കും അഭിക്കും പരീക്ഷാക്കാലമായിരുന്നതിനാല്‍ മാത്രമാണു ചടങ്ങ് ഇത്രയേറെ വൈകിയത്.
പുറത്ത് കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം. ഉച്ചത്തില്‍ ആരുടെയൊക്കെയോ സംസാരവും പൊട്ടിച്ചിരിയും കേള്‍ക്കാം. അവസാന അത്താഴം കൂടാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എത്തിത്തുടങ്ങിയിരിക്കുന്നു. സ്വയം തീരുമാനിച്ചുറപ്പിച്ചിരുന്നതാണെങ്കിലും അയാള്‍ക്ക് ഉള്ളിന്റെയുള്ളില്‍ എന്തോ കൊളുത്തിവലിക്കുന്നതായി തോന്നി.
'ആഹാ! ഇവിടിങ്ങനെ ഇരുന്നാല്‍ മതിയോ? അവരെല്ലാം എത്തി. പോയി ഡ്രസ് മാറ്' പദ്മിനിയാണ്. മേക്കപ്പ് ഇട്ടതായി തോന്നാത്തരീതിയില്‍ അണിഞ്ഞൊരുങ്ങാന്‍ അവള്‍ കണ്ണാടിയുടെ മുന്നില്‍ ഏറെനേരം ചെലവഴിച്ചതായി അയാള്‍ക്കു തോന്നി. മുന്‍കൂട്ടി ഏര്‍പ്പാടാക്കിയതനുസരിച്ച് ബ്യൂട്ടീഷന്‍ രാവിലെതന്നെ സര്‍വസജ്ജയായി വീട്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.'ചേച്ചി ഇതെന്താ കാണിക്കുന്നെ?ഇന്നും നാളെയും എല്ലാവരും ചേച്ചിയെത്തന്നെയാകും ശ്രദ്ധിക്കുക. അതുകൊണ്ട് കണ്ടമാനം ഇതൊക്കെ വാരിപ്പൂശാതെ അടങ്ങിനില്‍ക്ക്. ഞാന്‍ ശരിയാക്കാം'. അല്‍പംമുമ്പ് മേക്കപ്പ് റൂമിന്റെ മുന്‍പിലൂടെ കടന്നുപോയപ്പോള്‍ ബ്യൂട്ടീഷന്‍ പദ്മിനിയെ ശാസിക്കുന്നതു കേട്ടു. 'ലിപ്‌സ്റ്റിക്ക് ലൈറ്റ് കളര്‍ മതിയല്ലേ?' ഉമയുടെ സംശയം.
'അച്ഛനിടാനുള്ള ജുബ്ബയും മുണ്ടും വേഷ്ടിയും ബെഡ്‌റൂമിലെ ടേബിളില്‍ എടുത്തുവച്ചിട്ടുണ്ട്. വാക്കിംഗ്‌സ്റ്റിക്ക് പുതിയത് അലമാരയിലുണ്ട്. അഭീ... മുത്തച്ഛന് വാക്കിംഗ്‌സ്റ്റിക് എടുത്തു കൊടുത്തേ...'പ്രിയ വാതില്‍ക്കലെത്തി കടന്നുപോയി. അയാള്‍ എഴുന്നേറ്റ് മുറിയിലേക്കു നടന്നു. റൂം ഫ്രഷ്‌നറിന്റെ നേര്‍ത്ത സുഗന്ധം. കഴിഞ്ഞയാഴ്ചയാണു വീടിന്റെ പെയിന്റിംഗ് തീര്‍ന്നത്. എല്ലാവരുടേയും അഭിപ്രായം ചോദിച്ചാലും എത്ര ശ്രദ്ധിച്ചാലും അവസാനം അതൃപ്തി മാത്രം സമ്മാനിക്കുന്ന പണിയായിട്ടേ അയാളതിനെ കണ്ടിട്ടുള്ളൂ. ഫര്‍ണിച്ചറുകളെല്ലാം പോളിഷ് ചെയ്തു വൃത്തിയാക്കി. എല്ലാവര്‍ക്കും ധരിക്കാനുള്ള വസ്ത്രങ്ങള്‍ രണ്ടുദിവസം മുമ്പാണു പോയി വാങ്ങിയത്. കുട്ടികളെല്ലാം വളരെ സന്തോഷത്തിലാണ്. കൊച്ചുമക്കള്‍ മാത്രമോ? പലരും പുറത്തു പ്രകടിപ്പിക്കുന്നില്ലന്നേയുള്ളൂ. എല്ലാവര്‍ക്കും ക്രിസ്തുമസും ഓണവും കല്യാണവും പോലെ മറ്റൊരു ആഘോഷം മാത്രം.
അയാള്‍ക്കു വല്ലായ്ക തോന്നി. സെബാസ്റ്റിയന്‍ പറഞ്ഞതായിരുന്നോ ശരി. ഏയ് ഒന്നുമില്ലേലും ഭാര്യയേയും മക്കളേയും കൊച്ചുമക്കളേയും എല്ലാം കണ്ടുകൊണ്ടു മരിക്കാമല്ലോ? അയാള്‍ സ്വയം ആശ്വസിച്ചു. വേഷംമാറിക്കൊണ്ടിരുന്നപ്പോഴാണ് പദ്മിനി കടന്നുവന്നത്. അവര്‍ അലമാരയില്‍നിന്ന് പെര്‍ഫ്യൂമെടുത്ത് അയാളുടെ ദേഹത്തടിച്ചു. 'വേഗം വാ.. താഴെ എല്ലാവരും അന്വേഷിക്കുന്നു'. അവള്‍ നടന്നു. വേണ്ടെന്ന് അവളാദ്യം പറഞ്ഞതാണ്. അന്നതു കേട്ടില്ല. ഇപ്പോള്‍ ആ വാക്കുകള്‍ ഒന്നുകൂടി കേള്‍ക്കാന്‍ വല്ലാത്ത മോഹം. ചില കാര്യങ്ങള്‍ അങ്ങിനെയാണ്. മനസ് അവയെ തീരെ അവഗണിക്കും. പിന്നീട് അതിനായി അതിയായി ആഗ്രഹിക്കുകയും ചെയ്യും. അപ്പോഴേക്കും ഇലത്തുമ്പില്‍നിന്നു നഷ്ടമായ  ജലകണം പോലെ അവ അപ്രാപ്യമായിത്തീരും.
വേഷംമാറി അയാള്‍ ചെല്ലുമ്പോള്‍ െൈവദ്യുത ബള്‍ബുകളാലും ബലൂണുകളാലും അലങ്കരിച്ച ലോണില്‍ മദ്യപാന സദസ് ആരംഭിച്ചിരുന്നു. അയാളെ കണ്ടതും പെട്ടന്നവിടം നിശബ്ദമായി. സുഹൃത്തുക്കളില്‍ പലര്‍ക്കും എന്തുപറയണമെന്നോ ചെയ്യണമെന്നോ അറിയാനാവാത്ത അവസ്ഥ. കോളനിയിലെ അഞ്ചാം നമ്പര്‍ വീട്ടിലെ ശ്രീനിവാസനാണു നിശബ്ദത തകര്‍ത്തത്. 'എന്നാലും ചന്ദ്രേട്ടന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു. മീഡിയാകളൊക്കെ സംഭവത്തിനു വന്‍ പ്രാധാന്യവാ നല്‍കിയിരിക്കുന്നത്. നിയമം വന്നശേഷമുള്ള ആദ്യ സംഭവമല്ലേ. ഡേറ്റ് ഫിക്‌സ് ചെയ്ത് കോടതിവിധി വന്നപ്പോള്‍ മുതല്‍ ടിവിലും പത്രത്തിലുമെല്ലാം ഇതേക്കുറിച്ചുള്ള വാര്‍ത്തയല്ലാരുന്നോ? ചുരുക്കം പറഞ്ഞാ ഏതു പത്രം തൊറന്നാലും ഏതു ചാനല്‍ വച്ചാലും ചന്ദ്രേട്ടന്റെ മുഖംതന്നെ. ഇനി ഞങ്ങളാരേലും ഒരു വിധി സമ്പാദിച്ചാല്‍തന്നെ അതിനിനി വല്ല പ്രാധാന്യോവൊണ്ടോ? ആ റെക്കോര്‍ഡ് അടിച്ചെടുത്തില്ലേ വിദ്വാന്‍'. ശ്രീനിവാസന്‍ ശബ്ദത്തില്‍ പരിഭവം കലര്‍ത്തി സന്ദര്‍ഭത്തിന് ഒട്ടും യോജിക്കാത്ത രീതിയില്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. അയാള്‍ മെല്ലെയൊന്നു ചിരിക്കുക മാത്രം ചെയ്തു.
'അതു മാത്രമാണോ? ഏതോ ചാനലുകാരുടെ ഇന്റര്‍വ്യൂവില്‍ പ്രത്യക്ഷപ്പെട്ടതോടെയല്ലേ കൊച്ചുമോള് മീനാക്ഷിക്ക് സിനിമയില്‍ അവസരം പോലും കിട്ടിയത്. ഇന്‍ഡസ്ട്രീലെ നമ്പര്‍ വണ്‍ സംവിധായകന്റെ പ്രൊജക്ടാ. അയാള്‍ കൊണ്ടുവന്ന ഒറ്റ നടിമാരുപോലും ഫെയിലായിട്ടില്ല'.
'ഏതു ക്ലാസിലാ കുട്ടി ഇപ്പോ?'
'പ്ലസ്ടുവിനാ. ആര്‍ക്കും ഇഷ്ടമുണ്ടായിട്ടല്ല. പിന്നെ അത്രേം വലിയ സംവിധായകനൊക്കെ നേരിട്ടു വന്നു പറഞ്ഞപ്പോ? പിന്നെ അവള്‍ക്കും താല്‍പര്യമാ..പഠിത്തം ഉഴപ്പരുതെന്ന ഒറ്റ കണ്ടീഷനിലാ ഹരിയേട്ടന്‍ വിട്ടത്'. ഉമയുടെ അഭിമാനം കലര്‍ന്ന പൊങ്ങച്ചം.
'എന്നിട്ടെവിടെ താരം വല്യ സിനിമാ നടിയൊക്കെയായാപ്പിന്നെ ഞങ്ങള്‍ക്കിത്ര സ്വാതന്ത്ര്യത്തോടെ പെരുമാറാന്‍ പറ്റുമോ. അവളെയൊന്നു വിളിച്ചേ'      
'അയ്യോ! അവള് ട്രിവാന്‍ട്രത്തിനു പോയേക്കുവാ. സിനിമേടെ പൂജയാ ഇന്ന്. ഹരിയേട്ടനും ഉണ്ട്'. ഉമ പറഞ്ഞു.
'നാളെ ഉണ്ടാവില്ലേ?'
'വരുംവരും. അവരു രാത്രീല്‍തന്നെ തിരിക്കും. അല്ലേലും നാളെ പന്ത്രണ്ടു കഴിഞ്ഞല്ലേ മുഹൂര്‍ത്തം'. പദ്മിനിയും വാചാലയായി. സംസാരമങ്ങനെ നീണ്ടുപോയി. ആളുകള്‍ക്കും ആഘോഷത്തിനും ഇടയില്‍നില്‍ക്കുമ്പോഴും നേരം പുലരുന്നതിനേക്കുറിച്ചോര്‍ത്ത് അയാളുടെ നെഞ്ച് പുകഞ്ഞുകൊണ്ടിരുന്നു.
രാത്രിയേറെ വൈകി എല്ലാവരും പിരിയാനൊരുങ്ങുമ്പോഴായിരുന്നു അകത്തെ മുറിയില്‍നിന്നും ഉമയുടെ നിലവിളി കേട്ടത്. ഓടിച്ചെല്ലുമ്പോള്‍ റിസീവറും കൈയില്‍പിടിച്ച് കരഞ്ഞുകൊണ്ടു നില്‍ക്കുകയാണവള്‍. 'ഹരിയേട്ടനും മോളും വന്ന കാര്‍ ആക്‌സിഡന്റില്‍പ്പെട്ടച്ഛാ, രണ്ടുപേരും തിരുവനന്തപുരം മെഡിക്കല്‍കോളജിലാന്ന്. മോടെ കേസിത്തിരി കോപ്ലിക്കേറ്റടാന്നാ പറേന്നെ'- ഉമ പറഞ്ഞുകഴിഞ്ഞതും വീടൊരു കൂട്ടനിലവിളിയിലമര്‍ന്നു. ഉമയേയും കൂട്ടി ഉദയ് വേഗം പോകാനിറങ്ങി. പദ്മിനിയും അവര്‍ക്കൊപ്പം പോകണമെന്നു വാശിപിടിച്ചു. അയാള്‍ക്കും പോകണമെന്നുണ്ടായിരുന്നു. പക്ഷേ, ആരും അയാളോടു ചോദിച്ചില്ല.
കൂട്ടംകൂടിനിന്ന് അല്‍പനേരം സംസാരിച്ചശേഷം  ഓരോരുത്തരായി യാത്രപറയാന്‍ തുടങ്ങി.'ഈ സിറ്റ്വേഷനില്‍ നാളത്തെ ചടങ്ങ് എങ്ങനെയാ? ഉണ്ടാകുമോ?' ആരോ ചോദിച്ചപ്പോഴാണ് അയാളും അതേക്കുറിച്ചോര്‍ത്തത്. അടുത്തുനിന്നിരുന്ന ശ്രീനിവാസന്റെ കരംകവര്‍ന്ന് അയാള്‍ ചോദിച്ചു 'ശ്രീനീ, ചടങ്ങൊന്നു മാറ്റിവയ്ക്കാന്‍ വല്ല മാര്‍ഗവുമൊണ്ടോ? എന്റെ കുട്ടികളും പദ്മിനീം ഒന്നും അടുത്തില്ലാതെ ഞാനെങ്ങനാടോ...? എനിക്കിപ്പം മരിക്കണ്ട. എന്റെ കുഞ്ഞിനെയൊന്നു കണ്ടാ മതി..' അയാള്‍ കൊച്ചുകുട്ടികളെപ്പോലെ വിങ്ങിപ്പൊട്ടി. 'വിഷമിക്കാതെടോ? ഞങ്ങളൊക്കെ തന്റെ അടുത്തില്ലേ? പേടിക്കയൊന്നും വേണ്ട... മക്കള്‍ടേം ഭാര്യേടേം സാഹചര്യം നമ്മള്‍ മനസിലാക്കേണ്ടേ? താന്‍ പോയൊന്നു കിടക്ക്. എന്നിട്ട് മനസൊന്നു ശാന്തമാക്ക്' ശ്രീനിവാസന്റെ ആശ്വാസവാക്കുകള്‍. 'വേണ്ട. ഞാനിത്തിരി നേരം ഇവിടൊന്നിരിക്കട്ടെ..താന്‍ പൊയ്‌ക്കോ..' അയാള്‍ കസേരയിലേക്കു ചാഞ്ഞു. ശ്രീനിവാസന്റെ കാലടി ശബ്ദം അകന്നുപോകുന്നതും ഗേറ്റ് തുറന്നടയുന്നതും അയാളറിഞ്ഞു.
അയാള്‍ക്കു മേല്‍ കാറ്റുവീശി...നിലാവു പെയ്തു...മഞ്ഞു വീണു...അയാള്‍ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. അയാളെ  വിയര്‍ത്തു. വിയര്‍പ്പുതുള്ളികള്‍ മുഖത്തും കഴുത്തിലും ചാലുകള്‍ കീറി...'വയ്യ, എന്നേക്കൊണ്ടു വയ്യ..' അയാള്‍ കസേരയില്‍നിന്നും എഴുന്നേറ്റു. ഗേറ്റ് തുറന്നു പുറത്തിറങ്ങി..ഒരു നിമിഷം വീടിനേ നോക്കിനിന്നശേഷം നിലാവു വീണുകിടക്കുന്ന പാതയിലൂടെ അയാള്‍ മുന്നോട്ടു നടന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ