2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

പുത്രതര്‍പ്പണം

ആശുപത്രി വരാന്തയില്‍ അയാള്‍ പകച്ചു നിന്നു. മുന്നിലെ മണല്‍ വിരിച്ച മുറ്റത്ത് ചോരത്തുള്ളികള്‍ പോലെ വീണു കിടക്കുന്ന ചുവന്ന വാകപ്പൂക്കളെ ചവിട്ടിയരച്ചു രോഗികളും ബന്ധുക്കളും നടന്നു നീങ്ങുന്നു. ഇരുട്ടു വീണുതുടങ്ങി. മടങ്ങാതെ പറ്റില്ല. പക്ഷേ എങ്ങനെ എന്നത് മനസില്‍ ഉത്തരമില്ലാത്ത കടങ്കഥ പോലെ തികട്ടി വന്നു. അയാള്‍ മെല്ലെ മടിശീലയില്‍ തലോടി. അതിലിനി ഒന്നുമില്ലെന്നറിയാം. എങ്കിലും....... അപ്പോഴും മകനെയും കെട്ടിപ്പിടിച്ചു കരയുകയാണു ഭാര്യ. അവളെയും നോക്കി ഭിത്തിയില്‍ ചാരി ഒന്നും മിണ്ടാതെ നിന്നു.
''ഇവിടിങ്ങനെ ഇരിക്കാനൊക്കത്തില്ല. സാധനോം കൊണ്ടു വേഗം പൊക്കോണം.'' വെള്ള ഉടുപ്പിട്ട മാലാഖ വന്നുപറഞ്ഞു. സാധനം! അഞ്ചു വയസുവരെ തലയിലും താഴത്തും വയ്ക്കാതെ വളര്‍ത്തിയ സാധനം. പിതൃപദവി നല്‍കാതെ വിധി കബളിപ്പിച്ച നീണ്ട പതിനാറു വര്‍ഷത്തിനിടയില്‍ പ്രതീക്ഷയോടെ, പ്രാര്‍ഥനകള്‍ നിറച്ച് അമ്പലങ്ങള്‍ തോറും കമഴ്ത്തിയ ഉരുളികളുടെ കലമ്പല്‍ അയാളുടെ കാതില്‍ മുഴങ്ങി. അവയൊക്കെയും തേവരുടെ കൂടെച്ചേര്‍ന്നു പരിഹസിച്ചു ചിരിക്കുകയാകും.
അയാള്‍ക്ക് എല്ലാത്തിനോടും വെറുപ്പു തോന്നി. തലയില്‍ ഭാരമുള്ളതെന്തോ കയറ്റി വച്ചതുപോലെ. പാഞ്ഞു ചെന്ന് മാലാഖയുടെ ശിരോവസ്ത്രം വലിച്ചു പറിച്ച് മുഖത്ത് ആഞ്ഞടിക്കാന്‍ കൈ തരിക്കുന്നു. ചിന്തകളുടെ വേലിയേറ്റത്തില്‍ ഹൃദയം ത്രസിച്ചു താഴെപ്പോകും പോലെ. പെട്ടന്ന് ഒരു തീരുമാനത്തിലെത്തിയ അയാള്‍ പാഞ്ഞു ചെന്ന് കരയുന്ന ഭാര്യയുടെ കൈയില്‍നിന്നും മകനെ പിടിച്ചുവാങ്ങി.
''അയ്യോ! എന്റെ കുഞ്ഞിനെയിങ്ങു തായോ......'' കരഞ്ഞുകൊണ്ട് അവള്‍ പിടഞ്ഞെണീറ്റു.
''മിണ്ടിപ്പോകരുത്...കൊന്നുകളയും ഞാന്‍.'' അയാള്‍ പല്ലിറുമ്മി. അയാളുടെ മുഖം കണ്ടിട്ടെന്തിനും മടിക്കില്ലെന്നു തോന്നിയതിനാലാവാം അവളുടെ കരച്ചില്‍ പിടിച്ചടക്കിയതു പോലെ നിന്നു.
കുഞ്ഞിനെ അയാള്‍ തോളിലേക്കു കിടത്തി. വല്ലാത്ത ഭാരം! തോളൊടിയുന്നതു പോലെ. അഞ്ചു വയസേയുള്ളു, എന്നിട്ടും. ഒരു ടര്‍ക്കിയെടുത്തു നിവര്‍ത്തി കുഞ്ഞിന്റെ തലവഴി മൂടി. ആരു നോക്കിയാലും കുഞ്ഞ് തോളില്‍ കിടന്നുറങ്ങുകയാണെന്നേ തോന്നൂ. വേച്ചുപോകുന്ന കാലുകള്‍ വലിച്ചുവച്ച് വരാന്തയില്‍നിന്നിറങ്ങി നടന്നു. പിന്നാലെ വരുന്ന ഭാര്യയുടെ ഏങ്ങലുകള്‍ക്ക് കനമേറുന്നുവെന്നു തോന്നിയപ്പോള്‍ തിരിഞ്ഞുനിന്ന് അയാള്‍ പറഞ്ഞു,''കഴുവേര്‍ടമോളെ, മിണ്ടല്ലന്നല്ലേടീ നിന്നോടു പറഞ്ഞെ? ആരേലുവറിഞ്ഞാ കഴുത്തിന്റെ മോളീ തല കാണുവേല പറഞ്ഞേക്കാം.''
ഒന്നും മിണ്ടാതെ തോളില്‍ കിടന്ന മുണ്ടിന്റെ കോന്തല വായ്ക്കുള്ളിലേക്കു തിരുകി കരച്ചിലടക്കി അവള്‍ അയാളെ പിന്തുടര്‍ന്നു.
ആറുമണിക്ക് ആശുപത്രിവാതില്‍ക്കല്‍ നിന്നൊരു ബസുണ്ട്. അതു പോയാല്‍ പിന്നെ വേറെയില്ല.
''നിന്റേല് കാശു വല്ലോമൊണ്ടോ? അയാള്‍ ചോദിച്ചു. പിന്നില്‍ നീണ്ട നിശബ്ദത. അല്‍പം കഴിഞ്ഞ് ബ്ലൗസിനുള്ളില്‍നിന്നുമൊരു പൊതിയെടുത്ത് അവള്‍ അയാള്‍ക്കു നേരേ നീട്ടി. അതു വാങ്ങുമ്പോള്‍ അയാളുടെ കൈ വിറച്ചു. പാവം! അവളുടെ സ്വകാര്യ സമ്പാദ്യമായിരിക്കാം. തുറന്നു നോക്കി. കഷ്ടിച്ചു വണ്ടിക്കൂലിക്കുണ്ട്. അത്രയും ആശ്വാസം.
ആശുപത്രിപ്പടിയില്‍ മൂന്നാലുപേര്‍ ബസ് കാത്തു നില്‍പുണ്ടായിരുന്നു.
''കുഞ്ഞൊറങ്ങിയോ?'' അടുത്തു നിന്നയാള്‍ കുശലം ചോദിച്ചു.
'' ങാ, ഒറങ്ങി'' ഒഴുക്കന്‍ മട്ടില്‍ മറുപടി പറഞ്ഞ്, സംസാരിക്കാന്‍ തീരെ താല്‍പര്യമില്ലാത്തതു പോലെ അയാളല്‍പം നീങ്ങിനിന്നു. ഭാരംകൊണ്ട് തോള്‍ കഴച്ചുപൊട്ടുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടോ? അയാള്‍ ചുറ്റും നോക്കി. ആദ്യത്തെ കുശലക്കാരന്‍ എന്തോ ചോദിക്കാനാഞ്ഞു. ഭാഗ്യത്തിന് അപ്പോഴേക്കും ബസ് വന്നു. ഡ്രൈവറുടെ തൊട്ടുപിന്നിലായി ഒഴിഞ്ഞു കിടന്ന  സീറ്റില്‍ അയാള്‍ ഇരുന്നു.
പുറത്ത് കനം വച്ച ആകാശത്തിനു ചുവട്ടില്‍ ഭൂമി വയസന്‍ നായയെ പോലെ മയങ്ങിക്കിടന്നു. കാഴ്ചകള്‍ പിന്നിലേക്കു പായുകയാണ്, ഓര്‍മകളും. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇതേപോലൊരു മഴക്കാല സന്ധ്യയ്ക്ക് ഉമ്മറത്തിണ്ണയില്‍ തൂണും ചാരി മഴ കണ്ടുകൊണ്ടിരിക്കുന്ന നേരം. മുറ്റത്ത് ചാലുകളുണ്ടാക്കി പായുന്ന പുതുമഴവെള്ളത്തില്‍ നീന്തി രക്ഷപെടാന്‍ ശ്രമിക്കുന്ന കുഞ്ഞനുറുമ്പുകള്‍. തെക്കേമുറ്റത്തെ കോണില്‍ നില്‍ക്കുന്ന മാവില്‍നിന്നും കാറ്റില്‍ പറന്നുവന്ന ഇലകള്‍ മുറ്റമാകെ ചിതറി കിടപ്പുണ്ട്. അപ്പോഴാണ് അച്ഛനായെന്ന വാര്‍ത്ത ഭാര്യയുടെ ആങ്ങളയുടെ രൂപത്തില്‍ ഒതുക്കുകള്‍ കയറി വന്നത്. സന്തോഷം കൊണ്ടു തുള്ളിച്ചാടുകയായിരുന്നു. എത്രയോ നാളത്തെ പ്രാര്‍ഥനയുടെയും വഴിപാടിന്റെയും ഫലം. പിതൃത്വവും ഒരനുഗ്രഹമാണെന്ന് അന്നു മനസ്സിലായി. മുടിയിലും നെഞ്ചിലെ രോമങ്ങളിലും പിടിച്ചു വലിക്കുന്ന കുഞ്ഞിക്കൈകള്‍ സ്വപനം കണ്ടുണര്‍ന്നശേഷം പിന്നീടുറക്കം വരാതെ തള്ളിനീക്കിയ രാവുകള്‍ എത്രയെന്നുള്ളതിന് ഉത്തരമില്ല. കുഞ്ഞിനെ കാണാന്‍ തിടുക്കമായിരുന്നു. അന്നനുഭവിച്ച സന്തോഷം! അതു പറയാന്‍ വയ്യ. ആ മഴക്കാല സന്ധ്യ മനസിലിറ്റിച്ച കുളിര്‍മ പോലും മാഞ്ഞിട്ടില്ല. 
ആരോ തോളില്‍ തട്ടിയപ്പോള്‍ അയാള്‍ ചിന്തകളില്‍നിന്നും ഞെട്ടിയുണര്‍ന്നു. കണ്ടക്ടറാണ്. ഹൃദയം ശക്തിയായി മിടിക്കാന്‍ തുടങ്ങി. തോളില്‍ കിടക്കുന്ന കുഞ്ഞിനെ നോക്കി കണ്ടക്ടര്‍ ചോദിച്ചു, '' കൊച്ചിനെത്ര വയസുണ്ട്?'' നെഞ്ചിലൊരാന്തല്‍! എന്തെങ്കിലും സംശയം തോന്നിയിട്ടാണോ?
''അഞ്ചു കഴിഞ്ഞു.'' പറയുമ്പോള്‍ ശബ്ദം വിറച്ചു.
''എങ്കില്‍ അരടിക്കറ്റു കൂടി എടുക്കണം.''
ആശ്വാസം! കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ ബാക്കിയുള്ള ചില്ലറ കൂടി കണ്ടക്ടറുടെ കൈയില്‍ വച്ചുകൊടുത്ത് സീറ്റിലേക്കു ചാഞ്ഞിരുന്ന് അയാള്‍ പുറത്തേക്കു നോക്കി. മഴ പൊടിക്കുന്നു. സീറ്റിലേക്കു ചാരി കണ്ണടച്ചിരുന്നപ്പോള്‍ മനം മടുപ്പിക്കുന്ന തണുപ്പ് കൈയിലൂടെയരിച്ചിറങ്ങുന്നത് അയാള്‍ അറിഞ്ഞു. 
ബസിറങ്ങുമ്പോള്‍ മഴ മുടിയഴിച്ചാട്ടം തുടങ്ങിയിരുന്നു. താളവും ലയവും തെറ്റിച്ച് സ്വയം മറന്ന് , കാഴ്ചക്കാരനില്‍ ഭീതി ഉണര്‍ത്തുന്ന നൃത്തം പോലെ മഴ തിമിര്‍ത്താടുകയാണ്. നനഞ്ഞൊലിക്കുന്നതൊന്നും അയാള്‍ അറിയുന്നുണ്ടായിരുന്നില്ല. ചാക്കോച്ചന്റെ പീടികയിലിരുന്ന് ആരോ വിളിച്ചു ചോദിച്ചു, '' നാരാണനാണോടാ? നിന്റെ കൊച്ചിനെങ്ങനൊണ്ട്?'' അതു കേള്‍ക്കാത്തതു പോലെ അയാള്‍ കാലുകള്‍ നീട്ടിവച്ചു. വീടെത്താറായി. ഒതുക്കുകള്‍ കയറിയപ്പോള്‍ ഭാര്യ ഉറക്കെ നിലവിളിച്ചു. പാവം! ഇത്രയും നേരം അടക്കിപ്പിടിച്ചു. ഇനിയെങ്കിലും ഒന്നു കരയട്ടെ. നിലവിളി കേട്ട് വീട്ടിനുള്ളില്‍ നിന്നും അയാളുടെ അമ്മ ഒരു വിളക്കുമായി ഇറങ്ങി വന്നു. കാറ്റത്തു കെടാന്‍ തുടങ്ങുന്ന വിളക്ക് തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് അവര്‍ മുറ്റത്തേക്ക് സൂക്ഷിച്ചു നോക്കി. ഒറ്റനോട്ടത്തില്‍ തന്നെ എല്ലാം മനസിലായതും ഉറക്കെ കരഞ്ഞു കൊണ്ട് പുറത്തേയ്‌ക്കോടി വന്ന  അവര്‍ അയാളുടെ കയ്യില്‍ നിന്നും കുഞ്ഞിനെ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു.
''മാറി നിക്ക് തള്ളേ'' ആക്രോശിച്ചുകൊണ്ടയാള്‍ കുഞ്ഞിനെ ചാണകം മെഴുകിയ തറയിലേക്കു കിടത്തി. അവന്റെ ശരീരം മെരുങ്ങാന്‍ കൂട്ടാക്കാതെ അല്‍പം വളഞ്ഞു കിടന്നു. ഒരു വലിയ ഭാരം താഴത്തിറക്കിയ ആശ്വാസത്തില്‍ അയാള്‍ ഇളംതിണ്ണയിലേക്കു കുത്തിയിരുന്നു. നല്ല തണുപ്പിലും ശരീരം വിയര്‍ത്തൊഴുകുകയാണ്. അപ്പോഴേക്കും അലമുറ കേട്ടെത്തിയവരില്‍ ആരോ ഒരു നിലവിളക്കു കൊളുത്തി കുഞ്ഞിന്റെ തലയ്ക്കല്‍ വച്ചിരുന്നു. പ്രായമേറിയ ഏതോ കണ്ഠത്തില്‍ നിന്നും നാമജപം ഉയര്‍ന്നപ്പോള്‍ അയാള്‍ തൂമ്പയുമായി തെക്കുപുറത്തേക്കിറങ്ങി. ഇനി ഇതുംകൂടിയേ അവശേഷിച്ചിട്ടുള്ളു. അതും ഈ കൈകള്‍ കൊണ്ടാകട്ടെ. ഒരു ഭ്രാന്തനെപ്പോലെ അയാള്‍ മണ്ണില്‍ ആഞ്ഞുവെട്ടി.   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ