2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

കൊടിച്ചി

വീര്‍ത്ത പള്ളയില്‍ തലയമര്‍ത്തിവച്ച്, കാലുകള്‍ക്കിടയിലേക്ക് വാല്‍ തിരുകിക്കിടന്ന കൊടിച്ചി കാലടി ശബ്ദം കേട്ട് മുഖമുയര്‍ത്തി നോക്കി. മുറ്റത്തെ അഴയില്‍നിന്നും തുണിപെറുക്കി ഇളംതിണ്ണയിലേക്കു കയറിവന്ന സരോജിനിയുടെ തവിട്ടുനിറത്തില്‍ വൃത്തിയുള്ള കാല്‍പാദങ്ങള്‍ ഒരുനിമിഷം കൊടിച്ചിയുടെ കുഞ്ഞിക്കണ്ണുകള്‍ക്കു മുന്നില്‍ നിശ്ചലമായശേഷം ശബ്ദമുണ്ടാക്കി അകത്തേക്കു കടന്നുപോയി. കൈകാലുകള്‍ നീട്ടി മൂരിനിവര്‍ത്തിയ കൊടിച്ചി വാലും തലയും പഴയപടി പ്രതിഷ്ഠിച്ച് ഉറക്കംനടിച്ചുകിടന്നു.
'എന്റെ ജംബറിന് കഞ്ഞി പിഴിയണോന്നു പറഞ്ഞിട്ട് ചെയ്‌തോ പെണ്ണേ?' വല്യമ്മത്തള്ളയാണ്. കഫംനിറഞ്ഞ ശബ്ദത്തിലുള്ള അവരുടെ സംസാരം കേള്‍ക്കുമ്പോഴേ കൊടിച്ചിക്കു കലിവരും. സരോജിനി അകത്ത് തുണി മടക്കുകയാകും. വളരെ പതിഞ്ഞ നേര്‍ത്ത സ്വരത്തിലാണ് സരോജിനി സംസാരിക്കാറ്. അതും വളരെക്കുറച്ചു മാത്രം. തള്ള അങ്ങിനെയല്ല. നിര്‍ത്താതെ ചിലച്ചോണ്ടിരിക്കും. കൊടിച്ചിയെ കാണുന്നതേ തള്ളയ്ക്കു ചതുര്‍ഥിയാണ്. തിരിച്ചും.
തള്ളയുടെ ശബ്ദത്തെ അവഗണിച്ച് സുഖകരമായൊരു ഉറക്കത്തിലേക്കു വഴുതിവീഴാന്‍ കൊടിച്ചി തയാറെടുക്കുമ്പോഴാണ് അവര്‍ കൂനിക്കൂനി പുറത്തേക്കു വന്നതും കൊടിച്ചിയെ കണ്ട് അലറിയതും. 'നീയിത് കണ്ടില്ലേ പെണ്ണേ? പലപ്രാശം ഞാമ്പറഞ്ഞിട്ടൊണ്ട് പട്ടിയേക്കേറ്റി തിണ്ണേക്കെടത്തല്ലെന്ന്. ഛീ! പോ പട്ടീ! പോ പൊറത്ത്. തിണ്ണേക്കേറി നെഗളിച്ച് കെടക്കാമ്മാത്രം ആയോ നീയ്?' അവര്‍ കൈയിലിരുന്ന സ്റ്റീല്‍ ാസ് കൊടിച്ചിക്കു നേരേ ആഞ്ഞെറിഞ്ഞു.
അപ്രതീക്ഷിതമായേറ്റ ആഘാതത്തില്‍, ഞെട്ടി, ഉറക്കെ മോങ്ങിക്കൊണ്ട് കൊടിച്ചി പുറത്തേക്കു പാഞ്ഞു. 'പാവം! അതവിടെ കെടന്നോട്ടമ്മേ. വയറ്റിലൊള്ള പട്ടിച്ചിയാ. മഴേം വരുന്നൊണ്ട്. അതെവിടെപ്പോകും. അവ്‌ടെക്കെടക്കട്ടെ'. പറഞ്ഞുകൊണ്ട് സരോജിനി ഇറങ്ങിവരുമ്പോഴേക്കും വീര്‍ത്ത വയറും വലിച്ച് മോങ്ങിക്കൊണ്ട് കൊടിച്ചി മുറ്റത്തേക്കിറങ്ങി ബദ്ധപ്പാടോടെ ഓടാന്‍ തുടങ്ങിയിരുന്നു.
ഒതുക്കുകല്ലുകള്‍ ചാടിയിറങ്ങുമ്പോള്‍ പിന്നില്‍നിന്ന് സരോജിനി വിളിക്കുന്നത് കൊടിച്ചി കേട്ടു. 'ബാ, ഇങ്ങോട്ടു ബാ...'. അപ്പോഴേക്കും പായല്‍ പിടിച്ച് കറുത്ത ഓടിന്റെ പുറത്ത് മണല്‍ത്തരികള്‍ വാരിവിതറിയതുപോലെ മഴവന്നു വീണു. സരോജിനി ഓടി തിണ്ണയിലേക്കു കയറി. 'പാവം പട്ടി! മഴേത്ത് അതെവിടെ പോകുവോ എന്തോ?'.

ഠ   ഠ   ഠ  ഠ ഠ

അന്തരീക്ഷം ഇരുട്ടിന്റെ കറുത്ത കരിമ്പടത്തിനുള്ളിലേക്ക് ഒരു പഴുതാരയേപ്പോലെ നൂണ്ടുകയറി ഏറെനേരത്തിനുശേഷമാണ് മഴയും കാറ്റും തെല്ലുശമിച്ചത്. കാറ്റിലാടുന്ന നനഞ്ഞ വാഴക്കൈകളുടെ ഇടയില്‍ കൂനിയിരുന്ന് കൊടിച്ചി വീട്ടിനുള്ളിലേക്കു നോക്കി. അകത്ത് സരോജിനി അത്താഴം വിളമ്പുകയാകും. അടുക്കളയില്‍നിന്നും പാത്രത്തിന്റെയും തവിയുടേയും കലമ്പല്‍ കേള്‍ക്കാം. തേങ്ങയരച്ചുവച്ച മത്തിക്കറിയൊഴിച്ച് സരോജിനി ഒഴിച്ചുതരുന്ന കഞ്ഞിയേക്കുറിച്ചോര്‍ത്തപ്പോള്‍ കൊടിച്ചിയുടെ നാവില്‍ വെള്ളമൂറി. വാഴക്കൂട്ടത്തില്‍നിന്നും പുറത്തുകടന്ന അത് പിന്നാമ്പുറത്തുചെന്നുനിന്ന് നേര്‍ത്ത ശബ്ദത്തില്‍ ദയനീയമായി മൂളി.
'ആ പട്ടിച്ചിയാരിക്കും. ഓടിച്ചുവിടതിനെ'. തള്ള അകത്തുനിന്നു കുരച്ചു. വാതില്‍തുറന്ന് പുറത്തേക്കു വന്ന സരോജിനിയേ കണ്ട് കൊടിച്ചി വാലാട്ടി. നനഞ്ഞ രോമങ്ങള്‍ ഒട്ടിപ്പിടിച്ച വീര്‍ത്ത പള്ളയുമായി നിന്ന കൊടിച്ചി തണുത്തുവിറച്ചുകൊണ്ട് എന്നെ ഇറക്കി വിടല്ലേയെന്ന ഭാവത്തോടെ സരോജിനിക്കുനേരേ ദൈന്യം തുളുമ്പുന്ന നോട്ടമെറിഞ്ഞു.
തിടുക്കത്തില്‍ അകത്തേക്കു മറഞ്ഞ സരോജിനി മത്തിക്കറിയൊഴിച്ച കഞ്ഞിയുമായി  പ്രത്യക്ഷപ്പെട്ട് കൊടിച്ചിയെ സ്‌നേഹപൂര്‍വം വിളിച്ചു. 'ബാ...'. വാലാട്ടുന്നതിന്റെ വേഗം കൂട്ടിയ കൊടിച്ചി പാത്രത്തിനുള്ളിലേക്ക് മോന്തയിട്ട് അനുസരണയോടെ കഞ്ഞികുടിക്കാന്‍ തുടങ്ങി.
മുട്ടുമടക്കി നിലത്തിരുന്ന സരോജിനി കൊടിച്ചിയുടെ പള്ളയിലേക്കു മെല്ലെ ചെവിചേര്‍ത്തു. നേര്‍ത്തൊരനക്കം കേട്ടപോലെ... അവള്‍ കൊടിച്ചിയുടെ കുഞ്ചിയില്‍ സ്‌നേഹത്തോടെ തലോടി. പിന്നെ, ഒരു ദീര്‍ഘനിശ്വാസത്തോടെ തന്റെ അടിവയറ്റിലൂടെ വിരലോടിച്ചു.

ഠ ഠ ഠ ഠ ഠ ഠ ഠ ഠ

തള്ളയുടെ എതിര്‍പ്പ് അവഗണിച്ച്, അകത്തുനിന്നും സരോജിനി കൊണ്ടുവന്നിട്ട ചാക്കില്‍ ചുരുണ്ടുകിടന്ന് ഉറങ്ങാന്‍ തുടങ്ങുമ്പോഴാണ് താഴെ വഴിയില്‍ വണ്ടിവന്നു നില്‍ക്കുന്ന ശബ്ദം കൊടിച്ചി കേട്ടത്. ചെവി കൂര്‍പ്പിച്ച് ജാഗ്രതയോടെ എന്തിനേയും നേരിടാനെന്ന മട്ടില്‍ അതെഴുന്നേറ്റു. അല്‍പസമയം കഴിഞ്ഞ് ഒതുക്കുകല്ലുകള്‍ കയറി രണ്ടു മൂന്നുപേര്‍ മുറ്റത്തേക്കു കയറിവന്നു. ഒന്നു മുറുമ്മിയ കൊടിച്ചി ഉറക്കെ കുരച്ചപ്പോഴേക്കും വന്നവരിലൊരാള്‍ അടക്കിപ്പിടിച്ച ശബ്ദത്തില്‍ പറഞ്ഞു 'നാശംപിടിച്ച പട്ടി കടിക്കാതെ നോക്കിക്കോണം'. പരിചിത ശബ്ദമായിരുന്നു അതെങ്കിലും കൊടിച്ചു കുരച്ചുകൊണ്ട് മുറ്റത്തേക്കു ചാടി. അയാളതിനെ കാലുമടക്കി അടിക്കാനോങ്ങിയ അതേസമയത്താണ് സരോജിനി വാതില്‍ തുറന്നതും. 'വേണ്ട, അതുപൊയ്‌ക്കോട്ടെ'.
അകത്തുനിന്നരിച്ചെത്തിയ പ്രകാശത്തില്‍ കൊടിച്ചി അയാളുടെ മുഖം കണ്ടു. മിക്കവാറും ദിവസങ്ങളില്‍ രാത്രിയില്‍ എത്താറുള്ളയാളാണ്. പുലരും മുന്‍പ് പോകുകയും ചെയ്യും. നേര്‍ത്ത ശബ്ദം കേട്ടാല്‍പോലും പുറത്തെ വെട്ടമിട്ട് നോക്കാറുള്ള സരോജിനി അയാള്‍ വരുമ്പോഴും പോകുമ്പോഴും മാത്രമെന്താണ് വെളിച്ചമെല്ലാം അണയ്ക്കുന്നതെന്നോര്‍ത്ത് കൊടിച്ചി അത്ഭുതപ്പെടാറുണ്ട്. ഒപ്പമുള്ളവരെ കൊടിച്ചിക്കു പരിചയമില്ല. അതിനെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് അയാളും കൂട്ടുകാരും സരോജിനിക്കൊപ്പം അകത്തുകയറി വാതിലടച്ചു.
മുറിയില്‍നിന്നും അടക്കിപ്പിടിച്ച സംസാരവും സരോജിനിയുടെ തേങ്ങിക്കരച്ചിലും കേള്‍ക്കാം. 'നീ ഇവരുടെ കൂടെ പോയാമാത്രം മതി. എറണാകുളത്തെ ഡോക്ടറോടു പറഞ്ഞ് എല്ലാം ശരിയാക്കിയിട്ടുണ്ട്. പേടിക്കാനൊന്നുമില്ല. വേറേ ഭാര്യേം മക്കളുമുള്ള എനിക്കിപ്പം നിന്നെ പരസ്യമായി കൊണ്ടുചെന്ന് കെട്ടിലമ്മയാക്കാനൊന്നും ഒക്കുകേല. ഇതെല്ലാം നിനക്കും അറിയാമാരുന്നല്ലോ?' അയാള്‍ കടുപ്പിച്ച്, അല്‍പം ശബ്ദം ഉയര്‍ത്തിയാണ് സംസാരിച്ചത്.
'ഒന്നുംവേണ്ടന്ന് ഞാനപ്പഴേ പറഞ്ഞതല്ലേ? എന്നിട്ടിപ്പോ? എന്റെ കൊച്ചിനെ കൊല്ലാന്‍ എനിക്കു മനസില്ല. ഞാനവനെ പെറുകേം ചെയ്യും വളര്‍ത്തുവേം ചെയ്യും തന്തയാരാന്ന് നാട്ടുകാരോടൊക്കെ പറകേം ചെയ്യും' സരോജിനി ഒരു തേങ്ങിക്കരച്ചിലിന്റെ വക്കില്‍നിന്ന് വീറോടെ പറഞ്ഞു. ഇത്രയും ശബ്ദമുയര്‍ത്തി സരോജിനി സംസാരിക്കുന്നത് കൊടിച്ചി ആദ്യമായാണ് കേള്‍ക്കുന്നത്.
ഠപ്പേ... അടിയുടെ ശബ്ദത്തോടൊപ്പം അയാള്‍ ആക്രോശിക്കുന്നു 'നീ പറയുവോടീ, പറയുവോടീ, പറയുവോന്നാ ചോദിച്ചത്?' സരോജിനിയുടെ ശബ്ദം കേള്‍ക്കനില്ല. 'നിന്റെ നാഭി ഞാന്‍ തൊഴിച്ചുകലക്കും' വീണ്ടും അടിയുടെ ശബ്ദം. 'അയ്യോ എന്റെ അമ്മേ..' സരോജിനിയുടെ ഉച്ചത്തിലുള്ള നിലവിളി പെട്ടെന്ന് ആരോ പിടിച്ചുനിര്‍ത്തിയതു പോലെ നിന്നു.
'എന്താ, എന്താ പെണ്ണേ?...അയ്യോ എന്റെ കൊച്ചിനെ നീയെന്നാ ചെയ്‌തെടാ? വിടടാ...വിടടാ കഴ്‌വേര്‍ടമോനെ അവളെ..'-തള്ളയാണ്.
കൊടിച്ചി അസ്വസ്ഥതയോടെ രോമം എഴുത്തിക്കൊണ്ട് ഉറക്കെക്കുരച്ചു. 'മാറിനിക്ക് തള്ളേ' ആരോ വീഴുന്ന ശബ്ദവും തള്ളയുടെ നിലവിളിയും. നിശബ്ദത.
'കാറ്റുപോയോ?' ആരോ അടക്കിപ്പിടിച്ച് ചോദിക്കുന്നു. 'ബോധം പോയതാ. ഇത്തിരി വെള്ളം മുഖത്തു തളിക്ക്' സരോജിനിയുടേയും അനക്കം കേള്‍ക്കാനില്ല. കൊടിച്ചിയുടെ നെഞ്ചില്‍ കൊള്ളിയാന്‍ മിന്നി. അത് ഉറക്കെ കുരച്ചു. 'നാശം പിടിച്ച പട്ടി. അതിപ്പം നാട്ടുകാരെ മുഴുവന്‍ വിളിച്ചുകൂട്ടും. പരിചയമുള്ള ശബ്ദം വാതില്‍ തുറന്ന് പുറത്തേക്കു വന്നു. കുരച്ചുകൊണ്ട് മുന്നോട്ടു ചാടിയ കൊടിച്ചിയുടെ പള്ളനോക്കി അയാള്‍ കാലുമടക്കി ഒറ്റയടി. വികൃത ശബ്ദത്തില്‍ മോങ്ങിക്കൊണ്ട് അതു ദൂരേക്കു തെറിച്ചു വീണു. ഒപ്പം രക്തത്തില്‍ കുളിച്ച രണ്ടു മാംസ പിണ്ഡങ്ങളും. മുറ്റത്തെ ചരലില്‍ കിടന്ന് മാംസപിണ്ഡങ്ങള്‍ അനങ്ങി. ചോരയില്‍ കുളിച്ച് ചരലില്‍ കിടന്ന് കൊടിച്ചി പിടച്ചുകൊണ്ടിരുന്നു. 'ഹൊ! അതിനു വയറ്റിലൊണ്ടാരുന്നു'. വന്നവരിലൊരാള്‍ സഹതാപത്തോടെ പറഞ്ഞു. 'അതിനു മാത്രമല്ല. ഈ നില്‍ക്കുന്ന പട്ടിച്ചിക്കുമൊണ്ട്. ദേ തള്ളേ മോള്‍ക്ക് ഈ ഗതി വരരുതെന്നുണ്ടെങ്കില്‍ മര്യാദയ്ക്ക് അവളേം കൂട്ടി എന്റൂടെ വാ'. മുഖത്താകെ വെള്ളവുമായി അന്തിച്ചു നില്‍ക്കുകയായിരുന്നു തള്ള.
അവര്‍ അകത്തേക്കു പോകുന്നതും അല്‍പസമയം കഴിഞ്ഞ് മുറ്റത്തും തിണ്ണയിലുമായി പടര്‍ന്നുകിടക്കുന്ന ചോരയില്‍ ചവിട്ടാതെ ശ്രദ്ധിച്ച് നടന്ന് ഒതുക്കുകളിറങ്ങി പോകുന്നതും അടഞ്ഞുപോകുന്ന കണ്ണുകള്‍ക്കിടയിലൂടെ കൊടിച്ചി കണ്ടു. വണ്ടി സ്റ്റാര്‍ട്ടാകുന്ന ശബ്ദം. മുറ്റത്തുകിടന്നനങ്ങുന്ന മാംസപിണ്ഡങ്ങളെ ഒന്നു നക്കിത്തോര്‍ത്തണമെന്നുണ്ടായിരുന്നു കൊടിച്ചിക്ക്. വയ്യ! കണ്ണുകള്‍ താനേ അടഞ്ഞുപോകുന്നു. ദൂരെ, പടിഞ്ഞാറുനിന്നും ആര്‍ത്തട്ടഹസിച്ചു വരുന്ന മഴയുടെ ഇരമ്പല്‍ കൊടിച്ചിയുടെ കാതില്‍ വീണു. അപ്പോഴും പുറത്തെ ഇരുട്ടില്‍ ചോരയില്‍ കുതിര്‍ന്ന മാംസപിണ്ഡങ്ങള്‍ ഒന്നുമറിയാതെ അനങ്ങിക്കൊണ്ടിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ