2011, ഫെബ്രുവരി 2, ബുധനാഴ്‌ച

ചന്തുപ്പിള്ളക്കോഴി

ന്നുരാത്രിയും കരിമ്പടംകൊണ്ടു മൂടിപ്പുതച്ച ഒരു രൂപം തണുത്ത കാറ്റിനൊപ്പം കിഴക്കന്‍കുന്നിറങ്ങിവന്നു. ചായ്പിനു പിന്നിലെ കാപ്പിമരത്തില്‍ ഉറക്കംവരാതെ കണ്ണുമിഴിച്ചിരിക്കുകയായിരുന്നു ചന്തുപ്പിള്ളക്കോഴി. കിഴക്കന്‍മലഞ്ചെരുവില്‍നിന്ന് ബീഡിത്തീയ് ചായ്പിനു പിന്നിലേക്ക് ഒഴുകിവരുന്നതിനൊപ്പം സുപരിചിതമായ ഒരു ഗന്ധം അവിടമാകെ നിറഞ്ഞു-പശയുടേയും ചിരട്ടക്കരിയുടേയും സമ്മിശ്ര ഗന്ധം. പതിവുപോലെ അന്നും, ബീഡി ചായ്പിനു പിന്നിലുള്ള പ്ലാവില്‍ കുത്തിക്കെടുത്തി കരിമ്പടക്കെട്ട് മുരടനക്കി.
കാത്തിരുന്നവണ്ണം ചായ്പിന്റെ വാതില്‍ തുറക്കപ്പെട്ടു. വഞ്ചകി!
ചന്തുപ്പിള്ളക്കോഴി മനസില്‍ പിറുപിറുത്തു. 'ചുവന്നുതുടത്ത ചെത്തിപ്പൂ' പോലുണ്ട് എന്നു പറഞ്ഞ് നാളെ താടയിലും പൂവിലും തലോടാനായിങ്ങു വരട്ടെ, കാണിച്ചുകൊടുക്കാം. പാവം ചന്തുപ്പിള്ളയാശാനും സുമതിയേടത്തിയും. അവര്‍ ഇതു വല്ലതും അറിയുന്നുണ്ടോ? ചന്തുപ്പിള്ളക്കോഴി കാപ്പിയുടെ അങ്ങേത്തലയ്ക്കലേക്ക് അല്‍പം നീങ്ങിയിരുന്നു. ഇപ്പോള്‍ പലകയടിച്ച ജനാലയുടെ വിടവിലൂടെ ചായ്പിനുള്‍വശം ചെറുതായിക്കാണാം. തിരിതാഴ്ത്തിയ ചിമ്മിനിവിളക്കിന്റെ നേര്‍ത്ത പ്രകാശത്തില്‍ അകത്ത് നിഴലുകള്‍ അനങ്ങുന്നു. മുറിയില്‍നിന്നും നേര്‍ത്ത മൂളലും അടക്കപ്പിടിച്ച സംസാരവും ചിരിയും. ചന്തുപ്പിള്ളക്കോഴിക്കു വീണ്ടും ദേഷ്യംവന്നു. അവന്‍ കാപ്പിക്കൊമ്പില്‍നിന്നും സുന്ദരികളായ പിടക്കോഴികള്‍ മയങ്ങുന്ന കൂടിനു മുകളിലേക്കു പറന്നുകയറി. രാത്രിയുടെ നിശബ്ദതയില്‍ അവന്റെ ചിറകടിയൊച്ച കേട്ട് പിടക്കോഴികള്‍ ഭയന്നു നിലവിളിച്ചു.
''നാശം പിടിച്ച കോഴികള്‍!''
ചായ്പില്‍നിന്നും ആരോ പ്‌രാകി. അവന് ഉറക്കെ കൂവാന്‍ തോന്നി. എത്ര ഉറക്കമാണെങ്കിലും അവന്റെ രണ്ടാമത്തെ കൂവലിന് ചന്തുപ്പിള്ളയാശാന്‍ ഉണരും. മൂന്നാമത്തെ കൂവലിന് അഞ്ചുമണിയുടെ ട്രെയിന്‍ കടന്നുപോകും. സമയത്തിന്റെ കാര്യത്തില്‍ അവന്റെ കണക്ക് കിറുകൃത്യമാണെന്ന് ചന്തുപ്പിള്ളയാശാന്‍ ചായക്കടയില്‍ വരുന്നവരോടെല്ലാം അഭിമാനത്തോടെ പറയും. കൂട്ടുകാരില്‍ പലരും സുമതിയേട്ടത്തിയുടെ വറചട്ടിയിലെ എണ്ണയില്‍കിടന്നു പൊരിഞ്ഞ് നറുമണം തൂകിയപ്പോഴും അവനെ അതില്‍നിന്നു രക്ഷപെടുത്തിയതും ചന്തുപ്പിള്ളയാശാന്റെ അരുമയാക്കിയതും കണക്കിലെ ആ കൃത്യതയാണ്.
പകല്‍ മുഴുവന്‍ അവന്‍ ചായക്കടയുടെ അടുത്തെവിടെയെങ്കിലും ചുറ്റിപ്പറ്റി നില്‍ക്കും. ആശാന് ഇടയ്ക്കിടെ അവനെ വിളിച്ചുകൊണ്ടിരിക്കണം. വിളികേട്ടാലുടന്‍ 'കുറുകുറു' എന്ന ശബ്ദമുണ്ടാക്കി അവന്‍ ആശാന്റെ അരുകില്‍വന്നു പതുങ്ങിനില്‍ക്കും. താടയിലൊരു തലോടല്‍, പൂവില്‍ മൃദുവായ ഒരു തട്ട്... പിന്നെ കൈയില്‍ കരുതിയ എന്തെങ്കിലും അവന്റെ നേരേ വച്ചുനീട്ടും. കൈയില്‍നിന്നു തന്നെ അവനതു വാങ്ങിത്തിന്നണമെന്ന് ആശാനു നിര്‍ബന്ധമാണ്.
ഒരിക്കല്‍ കടയില്‍ ചായകുടിക്കാനെത്തിയ രസികന്‍മാരിലാരോ ആണ് അവന് 'ചന്തുപ്പിള്ളക്കോഴി' എന്ന പേരു നല്‍കിയത്.
ചായക്കടയുടെ പിന്നാമ്പുറത്തിരുന്ന് അരിയാട്ടുന്ന സുമതിയേട്ടത്തി ചിലപ്പോഴൊക്കെ പരിഭവിക്കും ''ഈ മനുഷേന്‍ ഈ കോഴിയോടു കാട്ടുന്നേന്റെ പാതി സ്‌നേഹം എന്നോടു കാട്ടിയേ വേണ്ടുകേലാരുന്നു!''. ചന്തുപ്പിള്ളയാശാന്‍ ചിരിക്കുക മാത്രം ചെയ്യും.
ചായക്കടയുടെ തിണ്ണയില്‍ മറച്ചുകെട്ടിയിടത്ത് ഇട്ടിരിക്കുന്ന ബെഞ്ചിലാണ് ആശാന്റെ കിടപ്പ്. സുമതിയേട്ടത്തിയും മകള്‍ രാഗിണിയും കടയോടു ചേര്‍ന്നുതന്നെയുള്ള വീട്ടിലും.
ചായക്കടയ്ക്കും വീടിനും ഇടയ്ക്കുള്ള ഇത്തിരിവട്ടത്തില്‍ ഒരു കോഴിക്കൂടുണ്ടെങ്കിലും അവനു കൂടിനോടു ചേര്‍ന്നുള്ള കാപ്പിമരത്തില്‍ മഞ്ഞും മഴയും കൊണ്ടിരിക്കുന്നതാണിഷ്ടം.
ചായ്പ്പിന്റെ വാതില്‍ കുടുങ്ങുന്ന ശബ്ദം കേട്ടു. കരിമ്പടക്കെട്ട് പുറത്തിറങ്ങി, ഒതുക്കിറങ്ങി, പ്ലാവു കടന്നു കിഴക്കന്‍ കുന്നുകയറിപ്പോയി. ചന്തുപ്പിള്ളക്കോഴി ഒന്നുകൂവി... ഒന്നുകൂടി... ചായക്കടയ്ക്കുള്ളില്‍ വെളിച്ചം പരന്നു. മൂന്നാമത്തെ കൂവല്‍ അഞ്ചുമണിയുടെ മലബാറിന്റെ ഇരമ്പലില്‍ മുങ്ങിപ്പോയി.

ഠഠഠഠഠഠഠഠ      ഠഠഠഠഠഠഠഠഠഠഠഠഠ     ഠഠഠഠഠഠഠഠഠഠഠ

ഒന്നും ചെയ്യാനില്ലാതെ ചായക്കടയുടെ മുറ്റത്ത് ചിക്കിച്ചിനക്കി നില്‍ക്കുകയായിരുന്നു ചന്തുപ്പിള്ളക്കോഴി. കോളജില്‍ പോകാന്‍ ഒരുങ്ങിവന്ന രാഗിണി മേശവലിപ്പു തുറന്ന് പണമെടുത്ത് ബാഗിലിട്ടു. ചന്തുപ്പിള്ളക്കോഴിക്ക് അരിശം വന്നു. പാഞ്ഞുചെന്ന് കടുംചെമപ്പു ക്യൂട്ടക്‌സിട്ട് മനോഹരമാക്കിയ വെളുത്ത പാദത്തില്‍ ആഞ്ഞൊരു കൊത്തുകൊടുക്കാന്‍ അവനു തോന്നി. രാഗിണിക്ക് ഉച്ചയ്ക്കു കഴിക്കാനുള്ള പലഹാരം ചോറ്റുപാത്രത്തിലാക്കി അടച്ച് ആശാന്‍ മേശപ്പുറത്തു കൊണ്ടുവച്ചു. കൊതിച്ചി! ചെറുപ്പം മുതല്‍ക്കുള്ള ശീലമാണത്. മൂന്നുനേരവും പലഹാരം കഴിക്കുന്നതാണു രാഗിണിക്കിഷ്ടം. ''പെണ്ണിനെ ആവശ്യവില്ലാത്ത ചിത്താന്തങ്ങളൊക്കെ പഠിപ്പിച്ചുവച്ചോ. വെല്ലടത്തും പോയി പൊറുക്കേണ്ടതാ..അവസാനം അപ്പനും കൂടെപ്പോകേണ്ടി വരും. പറഞ്ഞേക്കാം''-സുമതിയേട്ടത്തി കുറ്റപ്പെടുത്തും. ചന്തുപ്പിള്ളയാശാന്‍ ചിരിക്കുക മാത്രം ചെയ്യും. സുമതിയേട്ടത്തിയോട് ആശാന്‍ ഒന്നു മുഖംകറുപ്പിച്ച് സംസാരിക്കാറു പോലുമില്ല. സുമതിയേട്ടത്തിയോടെന്നല്ല, ആരോടും. ഒരു സന്യാസിയുടെ മുഖമാണ് അദ്ദേഹത്തിന്. കാവിമുണ്ടും വെള്ളത്തോര്‍ത്തും നെറ്റിയില്‍ ഒരു സിന്ദൂരപ്പൊട്ടും. നെഞ്ചിറങ്ങിക്കിടക്കുന്ന നരവീണ താടിക്കുപോലും പ്രത്യേക ഐശ്വര്യമുണ്ട്.
രാഗിണി പോകാനിറങ്ങുമ്പോള്‍, ചക്രം പിടിപ്പിച്ച കൈവണ്ടി ചായപ്പീടികയോടു ചേര്‍ത്തിട്ട്, തുണികളടങ്ങിയ ഭാണ്ഡം ചായക്കടയുടെ ഇളംതിണ്ണയില്‍ ഇറക്കിവച്ച് ഇസ്തിരിപ്പെട്ടിയില്‍  ഇടാനുള്ള കനലുകള്‍ തയാറാക്കുകയായിരുന്നു മുരുകന്‍. ഒന്നുനോക്കുക പോലും ചെയ്യാതെ അവള്‍ അയാളെ കടന്നുപോയി. ഹൊ! എന്തൊരഭിനയം... ചന്തുപ്പിള്ളക്കോഴി മനസിലോര്‍ത്തു. പകലെങ്ങും കണ്ട ഭാവമില്ല. രാത്രിയിലോ?
കടന്നുപോകും വഴി ചെമ്പരത്തിച്ചോട്ടില്‍നിന്ന ചന്തുപ്പിള്ളക്കോഴിക്കുനേരേ അവള്‍ സ്‌നേഹത്തോടെ കൈനീട്ടിയെങ്കിലും അവന്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് വെറുപ്പോടെ ഓടിമാറി.
ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവച്ച ചിരട്ടകളില്‍ തീപിടിക്കുന്നതു നോക്കി ചന്തുപ്പിള്ളക്കോഴി നിന്നു. കടുത്ത ഓറഞ്ചു നിറത്തില്‍ തിളങ്ങുന്ന ചിരട്ടക്കനലുകള്‍ ഓടുകൊണ്ടുണ്ടാക്കിയ തേപ്പുപെട്ടിക്കുള്ളില്‍ നിറച്ച് മുരുകന്‍ നിവര്‍ന്നപ്പോഴേക്കും ചായപ്പീടികയുടെ ബെഞ്ചില്‍ ആശാന്‍ കടുപ്പത്തിലൊരു ചായ കൊണ്ടുവച്ചു. ചായ ഊതിക്കുടിക്കുന്നതിനിടയില്‍ ആശാനോടയാള്‍ ലോകത്തിനു കീഴിലുള്ള സകലതിനേപ്പറ്റിയും സംസാരിക്കും. വഞ്ചകന്‍! ഉച്ചയ്ക്കത്തെ ഊണും രാവിലത്തെയും വൈകുന്നേരത്തേയും കാപ്പിയും പലഹാരങ്ങളുമെല്ലാം ആശാന്റെ കടയില്‍നിന്നാണ്. അയാളോടൊരിക്കലും ആശാന്‍ കാശു വാങ്ങാറുമില്ല. പകരം വല്ലപ്പോഴും സുമതിയേട്ടത്തിയുടെ സെറ്റുമുണ്ടും ബ്ലൗസും അല്ലെങ്കില്‍ രാഗിണിക്കു കോളജില്‍ പോകാനുള്ള വസ്ത്രങ്ങളും ഇസ്തിരിയിട്ടു നല്‍കും. ചായക്കട വിട്ട് മറ്റൊരു ലോകമില്ലാത്തതിനാല്‍ ചന്തുപ്പിള്ളയാശാന് അത്തരമൊരു സേവനത്തിന്റെ ആവശ്യവുമില്ല.
ആ നാട്ടിലെ ആണിനും പെണ്ണിനുമെല്ലാം മുരുകന്റെ മണമാണെന്നു ചന്തുപ്പിള്ളക്കോഴിക്കു തോന്നിയിട്ടുണ്ട്. മുരുകന്റെ മണമെന്നാല്‍-അലക്കി, പശമുക്കി, അകത്തു പത്രക്കടലാസ് വച്ചു മടക്കി, വെള്ളം നനച്ച്, ഇസ്തിരിയിട്ടെടുത്ത വസ്ത്രത്തിന്റെ മണം. എപ്പോഴും ആ ഗന്ധം അയാളെ പൊതിഞ്ഞങ്ങനെ നില്‍ക്കും, രാത്രിയിലും.

ഠഠഠഠഠഠഠ     ഠഠഠഠഠഠഠഠഠഠ     ഠഠഠഠഠഠഠഠഠ

രാവിലെ മുതല്‍ രാഗിണി ഇടങ്ങേറിലാണ്. ആരോ പെണ്ണുകാണാന്‍ വരുന്നുണ്ടെന്നു തോന്നുന്നു. അല്‍പം മുമ്പുവരെ മുഖവും വീര്‍പ്പിച്ച് പിന്നാമ്പുറത്തെ കിണറിന്റെ കരയില്‍ കുത്തിയിരിപ്പുണ്ടായിരുന്നു. ഇപ്പോള്‍ കാണാനില്ല. സുമതിയേട്ടത്തി അടുക്കളയില്‍ തിരക്കിട്ട ജോലിയിലും. ഈ കല്യാണം ഏതാണ്ട് ഉറയ്ക്കുന്ന മട്ടാണ്. രാഗിണിയെ ചെറുക്കന്‍ നേരത്തേ കണ്ടിട്ടുണ്ട്. ആശാനും ഉത്സാഹത്തില്‍തന്നെ. രാവിലെ കൂടുതുറന്നയുടന്‍ സുമതിയേട്ടത്തി അരിയിട്ടു വിളിച്ച് തഞ്ചത്തില്‍ പിടികൂടി,   കാലുകൂട്ടിക്കെട്ടി അടുക്കളുടെ പിന്നിലെ കാപ്പിച്ചോട്ടില്‍ ഇട്ടിരുന്ന പൂവന്‍ അടുക്കളയിലെ മസാലക്കൂട്ടില്‍ നറുമണം പൊഴിച്ചുകൊണ്ട് അതിഥികളെ കാത്തുകിടന്നു. ഒരുപിടി കറിവേപ്പില അടുപ്പത്തിരുന്ന കറിയിലേക്ക് ഉതിര്‍ത്തിട്ടുകൊണ്ട് സുമതിയേട്ടത്തി ഉച്ചത്തില്‍ രാഗിണിയെ ശകാരിച്ചുകൊണ്ടിരുന്നു. ചന്തുപ്പിള്ളക്കോഴിക്കു സങ്കടം വന്നു.

ഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠ

രാഗിണിയുടെ കല്യാണം അടുത്തുവരുന്നതിന്റെ തിരക്കിലാണ് ആശാന്‍. വീടു പുതുക്കണം, സ്വര്‍ണമെടുക്കണം, തുണിയെടുക്കണം. തനിച്ചല്ലേയുള്ളൂ. ഒരു കൈ സഹായത്തിനാണെങ്കില്‍ ആരുമില്ല. ഇതിനിടെ കല്യാണം വിളിക്കാന്‍ ബന്ധുവീടുകളില്‍ പോകണം. അലച്ചിലിനൊടുവില്‍ വന്നുകിടന്നാല്‍ നേരം വെളുക്കന്നതോ ചന്തുപ്പിള്ളക്കോഴി കൂവുന്നതോ ഒന്നും അറിയാറില്ല.
ഈയിടെയായി രാഗിണിക്കും സുമതിയേട്ടത്തിക്കും പരസ്പരം കൊമ്പുകോര്‍ക്കാനേ നേരമുള്ളൂ എന്നും  ചന്തുപ്പിള്ളക്കോഴിയോര്‍ത്തു. രാഗിണിയിപ്പോള്‍ ആരോടും മിണ്ടാറില്ല. പ്രത്യേകിച്ചും സുമതിയേട്ടത്തിയോട്. 'വിവാഹം കഴിച്ച് മറ്റൊരു വീട്ടിലേക്കു പോകുന്നതിലുള്ള ആശങ്കകൊണ്ടാകാം അവള്‍ ഇങ്ങനെ പെരുമാറുന്നതെ'ന്നു പറഞ്ഞ് ആശാന്‍ സുമതിയേട്ടത്തിയെ ആശ്വസിപ്പിക്കുന്നതു കണ്ടു.
സ്വര്‍ണവും തുണിയുമെല്ലാം എടുക്കാന്‍ നിശ്ചയിച്ചിരുന്നതിന്റെ തലേന്നുരാത്രി കാപ്പിമരത്തിനു മുകളില്‍ ഉറക്കം വരാതിരിക്കുകയായിരുന്നു ചന്തുപ്പിള്ളക്കോഴി.  പതിവുപോലെ കുന്നിറങ്ങി തണുത്ത കാറ്റിനൊപ്പം കരിമ്പടക്കെട്ട് ചായ്പ് ലക്ഷ്യമാക്കി നടന്നടുത്തു. ബീഡി പ്ലാവില്‍ കുത്തിക്കെടുത്തി, മുരടനക്കിയശേഷം പതിവിനു വിപരീതമായി അത് ഒതുക്കുകള്‍ക്കു താഴെ കാത്തുനിന്നു. വാതില്‍ തുറന്നിറങ്ങിവന്ന രൂപം കണ്ട് ചന്തുപ്പിള്ളക്കോഴി ഞെട്ടി.
പിറ്റേന്നു രാവിലെ രാഗിണിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് ആശാന്‍ ഉറക്കമുണര്‍ന്നത്. നേരത്തേ ഉണര്‍ന്നെണീറ്റ ചന്തുപ്പിള്ളക്കോഴി പിന്നാമ്പുറത്തു വെറുതേ കൊത്തിപ്പെറുക്കി നില്‍ക്കുകയായിരുന്നു.
ഓടിയെത്തിയ ആശാനെ നോക്കി അവള്‍ വിതുമ്പി. ''അമ്മേ കാണുന്നില്ല.'' - രാഗിണിയുടെ മുഖം വിളറിയിരുന്നു...
''കാണുന്നില്ലെന്നോ? എവിടെപ്പോയി? അല്ലെങ്കില്‍ എവിടെപ്പോകാനാണ്? സുമതിക്കു ബന്ധുക്കളായങ്ങനെ ആരുമില്ല. ഇനി എവിടെയെങ്കിലും പോയാല്‍തന്നെ പറയാതെയൊട്ടു പോകാറുമില്ല. അമ്പലത്തില്‍ പോയതാകും...'' ആശാന്‍ മുഴുമിക്കും മുമ്പ് രാഗിണി ഒരു കടലാസുകഷണം  അയാള്‍ക്കുനേരേ നീട്ടി.

രാഗിണിയുടെ അച്ഛന്,

ഞാന്‍ മുരുകന്റെയൊപ്പം പോകുന്നു. ഞങ്ങള്‍ ഏറെനാളായി ഇഷ്ടത്തിലായിരുന്നു. സ്വര്‍ണം വാങ്ങാന്‍വച്ചിരുന്ന പണത്തില്‍നിന്നും കുറച്ച് ഞാന്‍ എടുത്തിട്ടുണ്ട്. രാഗിണിയുടെ കല്യാണം കഴിയും വരെ കാത്തിരിക്കാന്‍ ഞാന്‍ മുരുകണ്ണനോട് ആവശ്യപ്പെട്ടതാണ്. വരുന്നെങ്കില്‍ ഇപ്പോള്‍ വരണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഒന്നോര്‍ത്തപ്പോള്‍ അതാണു ശരിയെന്ന് എനിക്കും തോന്നി. അല്ലെങ്കിലും അവള്‍ പോയിക്കഴിഞ്ഞാല്‍ എനിക്കിവിടെ ആരാണുള്ളത്. അവള്‍ക്കും ഞങ്ങളുടെ ബന്ധത്തില്‍ സംശയം തോന്നിത്തുടങ്ങി. അവളുടെ ചോദ്യത്തിനു മുന്നില്‍ ഇനി എനിക്കു പിടിച്ചുനില്‍ക്കാനാവില്ല. ഒരിക്കലും കാണാനിടയാകാതിരിക്കട്ടെ.

സ്‌നേഹപൂര്‍വം സുമതി

കടലാസു കഷണം കൈയില്‍ പിടിച്ച് അല്‍പനേരംനിന്ന ചന്തുപ്പിള്ളയാശാന്‍ ഒന്നും പറയാതെ ഇറങ്ങി ചായക്കടയിലേക്കു പോയി. രാഗിണി തലയ്ക്കു കൈകൊടുത്ത് ഉമ്മറപ്പടി ചാരിയിരുന്നു. ചന്തുപ്പിള്ളക്കോഴി എന്തുചെയ്യണമെന്നറിയാതെ കാപ്പിച്ചോട്ടില്‍ കൊത്തിപ്പെറുക്കിനിന്നു.





കാണാതെ പോയവര്‍

മൊബൈലില്‍ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാവുന്ന ഒരു നമ്പര്‍ മാത്രമായവശേഷിച്ച് ജീവിതത്തില്‍നിന്നും സുധി പടിയിറങ്ങിപ്പോയതിന്റെ കൃത്യം മൂന്നാംനാള്‍. ഉറ്റസുഹൃത്തിന്റെ ചുമതലയേറ്റെടുത്ത് ആശുപത്രിയിലേക്കും തിരിച്ചു വീട്ടിലേക്കുമുള്ള ഓട്ടത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും ശേഷം മടങ്ങിവന്ന് ക്ഷീണത്തോടെ അകമുറിയിലെ കിടക്കയില്‍ തളര്‍ന്നുകിടക്കുകയായിരുന്നു അയാള്‍. എണ്ണയിടാത്ത ഫാനിന്റെ നിലവിളിയും ഹുങ്കാരവും ചേര്‍ന്നുണ്ടാക്കിയ ചുഴിയില്‍ പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ മുങ്ങിച്ചത്തുകൊണ്ടിരുന്നു.
ജനാലയുടെ ചെറിയ ചതുരപ്പെട്ടികള്‍ക്കിടയിലൂടെ പച്ചിലച്ചാര്‍ത്തുകളെ നോക്കിക്കിടന്നുണ്ടായ മുഷിവിനൊടുവില്‍ മയക്കത്തിന്റെ ഭാരമില്ലായ്മയിലേക്കു നടന്നുകയറിയതേയുള്ളൂ. അപ്പോഴാണ് അലോസരം സൃഷ്ടിച്ച് മേശമേലിരുന്ന മൊബൈല്‍ അടിച്ചുതുടങ്ങിയത്.
ആ നിമിഷം വരെ, മുറിയിലുള്ള തന്റേതല്ലാത്ത ആ വസ്തു അയാളുടെ ചിന്തയിലെങ്ങുമില്ലായിരുന്നു. ആശുപത്രിയില്‍ വച്ച് സുധീഷിന്റേതെന്നു പറഞ്ഞ് ആരോ ഏല്‍പ്പിച്ച കടലാസുപൊതി അയാള്‍ക്കോര്‍മ വന്നു. അതെന്താണെന്നു തുറന്നുനോക്കാനുള്ള മാനസികാവസ്ഥയോ സമയമോ അപ്പോഴുണ്ടായിരുന്നില്ലെന്നതാണു സത്യം.
സുധിയുടെ ഭാര്യ മാളവികയെ ഏല്‍പ്പിക്കണമെന്ന വിചാരത്തോടെയാണതു കൈയില്‍ വാങ്ങിയതെങ്കിലും ഇടയ്‌ക്കെപ്പോഴോ വീട്ടിലെത്തിയപ്പോള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍നിന്നുമെടുത്ത് മേശമേല്‍ വച്ചു മറന്നു.
അനുസരണയില്ലാത്ത കുട്ടിയേപ്പോലെ അതു ശാഠ്യം തുടര്‍ന്നപ്പോള്‍ കൈയെത്തിച്ചെടുത്തു കാതോടുചേര്‍ത്തെങ്കിലും ആ നിമിഷം കോള്‍ കട്ടായി. ആരാണെങ്കിലും അതു സുധിയുടെ മരണം അറിയാത്ത ആരോ ആണെന്നയാള്‍ക്കു തോന്നി. മൊബൈല്‍ പരിശോധിക്കുക പോലും ചെയ്യാതെ മാളുവിനെ ഏല്‍പ്പിക്കുകയാണു മര്യാദയെന്നും അതാണു ശരിയെന്നും അറിയാമെങ്കിലും കാരണമൊന്നുമില്ലാതുണ്ടായ ആകാംഷയ്ക്കു വിരലുകള്‍ക്കു കടിഞ്ഞാണിടാനായില്ല.
മിസ്ഡ് കോളുകളുടെ വേലിക്കെട്ടുകള്‍ കടന്ന് ഇന്‍ബോക്‌സിന്റെ സ്വകാര്യതയില്‍ ഒരുവേള ശങ്കിച്ചുനിന്ന അയാളെ ആകാംഷ വീണ്ടും മെസേജുകളുടെ രഹസ്യങ്ങളിലേക്കു തള്ളിയിട്ടു. പേര് സേവ് ചെയ്യാത്ത ഏതോ നമ്പരില്‍നിന്നുള്ള മെസേജുകളായിരുന്നു എല്ലാം. സ്‌നേഹവും ആര്‍ദ്രതയും കരുതലും പരിഭവവും നിറഞ്ഞ ഒരു മുഖം അതിനു പിന്നില്‍ തെളിഞ്ഞു. 'സുധിയേട്ടാ' എന്നു വിളിച്ച്  സ്‌നേഹത്തിലാരംഭിച്ച്, പരിഭവം കടന്ന്, കുറ്റപ്പെടുത്തലുകള്‍ക്കൊടുവില്‍, 'എന്തുപറ്റി?എന്താ ഫോണെടുക്കാത്തത്' എന്ന ആശങ്കയിലെത്തി നില്‍ക്കുന്ന സന്ദേശങ്ങളിലൂടെ കടന്നു പോകവേ, ഉള്‍ക്കൊള്ളാന്‍ മനസു വിസമ്മതിച്ചിട്ടും മുന്നില്‍ ഉടഞ്ഞുവീണ  സത്യം അയാളെ ഞെട്ടിച്ചുകളഞ്ഞു. സുധിക്ക് മാളു ഉള്‍പ്പെടെ മറ്റാരും അറിയാതൊരു സ്‌നേഹബന്ധം! അതു മനസിലാക്കിയ നിമിഷം സുധിയുടെ ആത്മസുഹൃത്തെന്ന പദവിക്ക് താന്‍ അര്‍ഹനല്ലെന്ന് അയാള്‍ക്കു തോന്നി.
മറ്റൊരവസരത്തിലാണെങ്കില്‍ ഇക്കാര്യം മറച്ചുവച്ചത് ഒരു പിണക്കത്തിലേക്കു നീണ്ടേനെ. ഇനി പിണക്കങ്ങള്‍ക്കു സ്ഥാനമില്ലല്ലോ? സ്‌നേഹമൊഴിച്ച് മറ്റുള്ളവയെല്ലാം മരണത്തോടെ വിസ്മൃതിയിലാണ്ടു പോകുമെന്നു തിരിച്ചറിഞ്ഞ നിമിഷം.
ആലോചിക്കും തോറും അയാളുടെ സമാധാനം നശിച്ചു. മാളവികയുടെ കരഞ്ഞു തളര്‍ന്ന കണ്ണുകളും വിളറിവെളുത്ത മുഖവും വിതുമ്പുന്ന ചുണ്ടുകളുമാണ് ഇതുവരെ മനസില്‍ നീറ്റലായുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴവിടെ അകലെയെങ്ങോ ഇരുന്ന് ആശങ്കപ്പെടുന്ന അജ്ഞാതമായ ഒരു മുഖം കയറിക്കൂടിയിരിക്കുന്നു. അവളോട് എന്താണു പറയേണ്ടത്? അയാള്‍ മൊബൈല്‍ കട്ടിലിലേക്കിട്ടു. സുധിയുടെ നനുത്ത ഗന്ധം അതിനെ ചൂഴ്ന്നു നില്‍ക്കുന്നതായി അയാള്‍ക്കു തോന്നി.
പത്തുമിനിട്ടു പിന്നിട്ടില്ല, മൊബൈല്‍ വീണ്ടും അടിച്ചു. ഇത്തവണ അയാളുടെ കാല്‍വിരലില്‍നിന്നും ഒരു പെരുപ്പ് മുകളിലേക്കു പടര്‍ന്നുകയറി. എന്തുപറയും? ഒരുവേള ശങ്കിച്ചുനിന്ന ശേഷം അയാള്‍ പച്ചബട്ടണില്‍ വിരലമര്‍ത്തി, മൊബൈല്‍ കാതോടു ചേര്‍ത്തു.
ആശങ്കയോ പരിഭവമോ എന്നു വേര്‍തിരിച്ചറിയാനാവാത്ത വളരെ നേര്‍ത്ത ശബ്ദം. 'ഹലോ...എന്തുപറ്റി സുധിയേട്ടാ? എന്താണു ഫോണ്‍ എടുക്കാതിരുന്നത്?'
എന്താണു പറയേണ്ടത്. ഹൃദയം പുറത്തേക്കു തെറിച്ചുപോകുമെന്നയാള്‍ക്കു തോന്നി.
'ഹലോ...ഞാന്‍ പറയുന്നതു കേള്‍ക്കുന്നുണ്ടോ?'
അയാള്‍ വിറയാര്‍ന്ന സ്വരത്തില്‍ മൂളി.
'എന്താ വീട്ടിലാണോ? എത്രദിവസമായി ഞാന്‍ വിളിക്കുന്നു? ഒരു മെസേജ് പോലും അയച്ചില്ലല്ലോ? ഞാന്‍ നാളെ അഞ്ചു മണി കഴിയുമ്പോള്‍ അവിടെത്തും..ബസ്‌സ്റ്റാന്‍ഡില്‍ വരില്ലേ?'
'അഞ്ചുമണിക്കല്ലേ? വരാം..ഒരു ചെറിയ പ്രശ്‌നത്തിലായിരുന്നു. നേരില്‍കാണുമ്പോള്‍ എല്ലാം പറയാം' അങ്ങനെ പറയാനാണ് അയാള്‍ക്കപ്പോള്‍ തോന്നിയത്.
'എന്താ ശബ്ദം മാറിയിരിക്കുന്നത്. പനിയാണോ?'
അയാളൊന്നു ഞെട്ടി. എങ്ങിനെയെങ്കിലും സംഭാഷണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അയാള്‍ പറഞ്ഞു. 'ങാ..അതേ..നാളെ കാണുമ്പോള്‍ വിശദമായി സംസാരിക്കാം'
'പക്ഷേ, സുധിയേട്ടനെ ഞാനെങ്ങിനാ തിരിച്ചറിയുക? ഒരു ഫോട്ടോയെങ്കിലും അയച്ചുതരാന്‍ ഞാന്‍ എത്രവട്ടം പറഞ്ഞിട്ടുണ്ട്?'
ദൈവമേ! അയാള്‍ ശരിക്കും ഞെട്ടിപ്പോയി. ഇതുവരെ സുധിയെ അവള്‍  കണ്ടിട്ടില്ലെന്നോ? അയാള്‍ക്കു തളര്‍ച്ചതോന്നി. പക്ഷേ, എന്തെങ്കിലും പറഞ്ഞേപറ്റൂ. 'ഞാന്‍... ഞാന്‍, എന്‍ക്വയറിയോടു ചേര്‍ന്നുള്ള ടെലിഫോണ്‍ബൂത്തിനടുത്തുണ്ടാകും. സ്‌കൈബ്ലൂ കളര്‍ ഷര്‍ട്ടും ബ്ലാക് ജീന്‍സും? ഒ.കെ?'അയാള്‍ പെട്ടെന്നു തോന്നിയതു പറഞ്ഞു.
'ഒ.കെ. ഞാന്‍ കണ്ടുപിടിച്ചോളാം'. പിന്നെ എന്തൊക്കെയോ സംസാരിച്ചശേഷം അവള്‍ കോള്‍ കട്ട് ചെയ്തു. അവള്‍ പറഞ്ഞതൊന്നും ശ്രദ്ധിക്കാനോ മനസിലാക്കാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല അയാള്‍. വെറുതേ മുളുക മാത്രം ചെയ്തു. എന്തുപറ്റി? ഇങ്ങനൊന്നും ആയിരുന്നില്ലല്ലോയെന്ന ഇടയ്ക്കിടെയുള്ള അവളുടെ  ചോദ്യങ്ങള്‍ മാത്രമായിരുന്നു അയാളെ വര്‍ത്തമാനകാലത്തിലേക്കു മടക്കിക്കൊണ്ടുവന്നത്. സംസാരത്തിനൊടുവില്‍ ഒരു കാര്യം വ്യക്തമായി. ഇതുവരെ അവര്‍ പരസ്പരം കണ്ടിട്ടില്ലെന്ന്... വിരസതയുടെ ഇടവേളകളിലെപ്പോഴോ അറിയാതെ കടന്നു വന്ന ഒരു മിസ്ഡ് കോള്‍ പ്രണയത്തിനു വഴിമാറുകയായിരുന്നു.  എല്ലാം പരസ്പരം അറിഞ്ഞിരുന്നുകൊണ്ട്..അവള്‍ക്ക് മറ്റൊന്നും ആവശ്യമില്ലായിരുന്നു, അല്‍പം സ്‌നേഹമൊഴികെ...
കോള്‍ കട്ട് ചെയ്തശേഷം, അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ലെന്ന് അയാള്‍ക്കു തോന്നി. എങ്ങനെ അവളെ അഭിമുഖീകരിക്കും? നാളെ അവളെത്തും...നാളെ! നാളെ എന്നതൊരു കാട്ടാളന്റെ രൂപംധരിച്ച് വിഴുങ്ങാനായി മുന്നില്‍ വാ പിളര്‍ന്നു നില്‍ക്കുന്നു.
ഉറക്കത്തിനായി കൊതിച്ച് കാത്തുകിടന്നതിനൊടുവില്‍, ഉറക്കത്തിന്റെയും ഉണര്‍വിന്റെയും ബോധാബോധത്തിനിടയിലെപ്പോഴോ ഒരു സ്വപ്നമായി അവള്‍ കടന്നുവന്നു. കല്ലുകള്‍ ഇളകിക്കിടക്കുന്ന കുത്തനെയുള്ള കയറ്റത്തിലൂടെ ഒരു മലയുടെ ഉച്ചിയിലേക്ക് അവള്‍ കയറിപ്പോകുകയാണ്. കാലുകള്‍ വലിച്ചുവച്ച് പിന്നാലെ അയാളും. ഒപ്പമെത്താന്‍ അയാള്‍ നന്നേ പാടുപെടുന്നുണ്ട്. മുമ്പിലേക്കോടിക്കയറുന്ന അവള്‍ ഇടയ്ക്കിടെ തിരിഞ്ഞുനിന്ന് ഒപ്പമെത്താന്‍ അയാളോട് ആവേശത്തോടെ വിളിച്ചുപറയുന്നു. അവള്‍ ഇപ്പോള്‍ കുന്നിന്റെ നെറുകയിലാണ്. പിന്നില്‍ ആകാശം മാത്രം. ഒന്നു കൈയെത്തിച്ചാല്‍ ആകാശത്തെ തൊടാം. അയാളെ നോക്കി അവള്‍ ഒരു നിമിഷം നിന്നു. മുഖം നിര്‍വികാരമാണ്. വാടിയപുഞ്ചിരി. അയാള്‍ നോക്കിനില്‍ക്കേ ആകാശത്തുനിന്നും തീമഞ്ഞ നിറമുള്ള ഒരു മേഘം ഇറങ്ങിവന്ന് അവളെ പൊതിഞ്ഞു. അയാള്‍ക്കു തടയാനാകും മുമ്പ് അത് അവളുമായി കുതിച്ചുയര്‍ന്ന് അപ്രത്യക്ഷമായി. അയാള്‍ ഞെട്ടിയുണര്‍ന്നു. ശരീരമാകെ വിയര്‍ത്തുകുളിച്ചിരുന്നു. പക്ഷെ, എത്ര ശ്രമിച്ചിട്ടും അവളുടെ മുഖം മാത്രം അയാള്‍ക്കോര്‍മിച്ചെടുക്കാനായില്ല. സമയം അഞ്ചുമണി കഴിഞ്ഞു. നാളെയിലേക്കുള്ള ദൂരം വീണ്ടും  കുറഞ്ഞിരിക്കുന്നു.

ഠഠഠഠഠ

കുളികഴിഞ്ഞ് കാപ്പികുടിക്കുമ്പോഴാണ് മാളുവിന്റെ ഫോണ്‍ വന്നത്. സുധിയുടെ വാച്ചും മോതിരവും മറ്റും മടക്കിവേണമത്രേ. ഇനിയതല്ലേയുള്ളൂ ബാക്കി. അവള്‍ വിതുമ്പി. അവളെ ആശ്വസിപ്പിക്കാനുള്ള വാക്കുകള്‍ പരതുന്നതിലുപരി അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളെ എങ്ങനെ നേരിടാമെന്നതായിരുന്നു അയാളുടെ ചിന്ത. എന്തായാലും വൈകിട്ട് മൂന്നുമണി കഴിയുമ്പോള്‍ സുധിയുടെ വാച്ചും മോതിരവും മറ്റുമായി എത്തിയേക്കാമെന്നു മാളുവിനയാള്‍ വാക്കുകൊടുത്തു.
ഡ്രസ് ചെയ്യാനൊരുങ്ങിയപ്പോഴാണ് തലേന്നു മുഖമറിയാത്ത ആ പെണ്‍കുട്ടിക്കു നല്‍കിയ വാക്ക് ഓര്‍മയില്‍ വന്നത്. അലമാരയില്‍നിന്നും സ്‌കൈബ്ലൂ നിറമുള്ള ഷര്‍ട്ടും ബ്ലാക് ജീന്‍സും ധരിച്ചു.
ഓഫീസില്‍ ചെന്നിരുന്നിട്ടും ജോലിയില്‍ ശ്രദ്ധിക്കാനായില്ല. ഇടയ്‌ക്കെപ്പോഴോ അവളുടെ മെസേജ് കണ്ടു. വരാതിരിക്കരുതെന്നോര്‍മിപ്പിച്ചുകൊണ്ട്. ഉച്ചകഴിഞ്ഞപ്പോള്‍ ഹാഫ് ഡേ ലീവ് എഴുതി നല്‍കി. മാളുവിനെ കാണണം. രാജമല്ലിച്ചെടികള്‍ പൂത്തുനില്‍ക്കുന്ന, സുധിയില്ലാത്ത ആ വീട്ടിലെത്തിയപ്പോള്‍ സമയം മൂന്നര കഴിഞ്ഞിരുന്നു. മുറ്റത്തിന്റെ ഓരത്ത് പനയോല കെട്ടിമറച്ച ബലിപ്പുര ഒരുങ്ങുന്നു. ഇറയത്തിട്ട കസേരയില്‍ അവന്റെ അച്ഛന്‍ ആകാശംനോക്കി കിടപ്പുണ്ട്. അയാളെ കണ്ടതും ഒരു വാടിയ പുഞ്ചിരി ആ മുഖത്തു വിരിഞ്ഞു. സുധിയുടെ അച്ഛനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണു മാളവിക പുറത്തേക്കു വന്നത്. ഒരാഴ്ചകൊണ്ട് അവളിലുണ്ടായ മാറ്റം കണ്ട് അയാള്‍ അത്ഭുതപ്പെട്ടുപോയി. പ്രസരിപ്പും ചൈതന്യവും നഷ്ടപ്പെട്ട് പാവകണക്കെ... ഒന്നും പറയാതെ വാതില്‍പടി ചാരി അവള്‍ നിന്നു. സംസാരിക്കാന്‍ പെട്ടെന്നു വിഷയങ്ങള്‍ നഷ്ടമായതുപോലെ. മുഖം കുനിച്ച് അല്‍പനേരം ആലോചിച്ചിരുന്നശേഷം അയാള്‍ പോക്കറ്റില്‍നിന്നും വാച്ചും മോതിരവും പഴ്‌സും അടങ്ങിയ പൊതിയെടുത്ത് അവള്‍ക്കു നേരേ നീട്ടി. വാങ്ങുമ്പോള്‍ മാളുവിന്റെ കൈവിറച്ചെങ്കിലും കണ്ണില്‍നിന്നും ഒരു തുള്ളിപോലും അടര്‍ന്നില്ല. ഇടത്തേ പോക്കറ്റില്‍ ഭദ്രമായിവച്ചിരുന്ന സുധിയുടെ മൊബൈലിനേക്കുറിച്ച് അയാള്‍ മന:പൂര്‍വം മറന്നു. കാപ്പികുടിക്കാന്‍ നിര്‍ബന്ധിച്ചുവെങ്കിലും തിരക്കുണ്ടെന്നു പറഞ്ഞ് ഇറങ്ങിയപ്പോഴാണ് അയാള്‍ ഭയന്നിരുന്ന ആ ചോദ്യം കാതില്‍ വീണത്. 'സുധിയേട്ടന്റെ മൊബൈല്‍...?'
പ്രതീക്ഷിച്ചിരുന്നെങ്കിലും അയാളൊന്നു പതറി. 'അത്..അതു കിട്ടിയില്ല മാളൂ... ആക്‌സിഡന്റല്ലേ..വീഴ്ചയുടെ ആഘാതത്തില്‍ എവിടേക്കെങ്കിലും തെറിച്ചുപോയിക്കാണും...കിട്ടിയാല്‍തന്നെ ആരെങ്കിലും മടക്കിത്തരണമെന്ന് എന്താ നിര്‍ബന്ധം?'
'ശരിയാ..' സുധിയുടെ അച്ഛന്‍ പിന്താങ്ങി.
കൂടുതലൊന്നും പറയാതെ തലകുലുക്കി യാത്രപറഞ്ഞ് അയാള്‍ ബൈക്കിനു നേര്‍ക്കു നടന്നു. യാത്രപറഞ്ഞിറങ്ങുകയായിരുന്നില്ല, ശരിക്കുമൊരു രക്ഷപെടലായിരുന്നു അത്.
ഗേറ്റ് കടന്നതിനു പിന്നാലെ, കാത്തിരുന്നിട്ടെന്നവണ്ണം സുധിയുടെ മൊബൈല്‍ അടിച്ചു. അവളാണ്. അയാള്‍ കോള്‍ അറ്റന്‍ഡ് ചെയ്തു. യാത്രയുടെ ക്ഷീണം തുളുമ്പിനില്‍ക്കുന്ന ശബ്ദം. 'സുധിയേട്ടാ.. എവിടാ? വിചാരിച്ചതിലും നേരത്തെ ബസ് അവിടെത്തും.. ബൂത്തിനടുത്ത് കാത്തുനില്‍ക്കണം' എന്തെങ്കിലും പറയും മുമ്പ് കോള്‍ കട്ടായി. അയാള്‍ക്കു വീണ്ടും തളര്‍ച്ച അനുഭവപ്പെട്ടു. എന്തു ചെയ്യണം? എന്തു പറയണം? ബൈക്ക് ഓടിക്കൊണ്ടേയിരുന്നു. പാഞ്ഞുപോകുന്ന വാഹനങ്ങളോ വഴികളോ ഒന്നും കണ്‍മുന്നിലില്ല.
ബൈക്ക് മെല്ലെ പാലത്തിലേക്കു കയറി. താഴെ, സംഘര്‍ഷങ്ങളും ചുഴികളുമെല്ലാം ചതിവുമെല്ലാം അടിത്തട്ടിലൊളിപ്പിച്ച് പുഴ ശാന്തമായൊഴുകുന്നു. പാലത്തിന്റെ കൈവരിയോടു ചേര്‍ത്ത് അയാള്‍ ബൈക്ക് നിര്‍ത്തി. ഇടത്തേ പോക്കറ്റില്‍നിന്നും മൊബൈല്‍ പുറത്തെടുത്ത നിമിഷം അത് അടിച്ചുതുടങ്ങി. അവളാണ്... എന്തുപറയണം? വയ്യ..കരുതിവച്ച ധൈര്യമെല്ലാം ചോര്‍ന്നു പോകുംപോലെ...അയാള്‍ ഡിസ്‌പ്ലേയിലേക്കു നോക്കി ഒരു നിമിഷം നിന്നു... പിന്നെയത്  ദൂരെ പുഴയുടെ ആഴങ്ങളിലേക്കു വലിച്ചെറിഞ്ഞു.

സ്മാരകം

രണക്കിടക്കയില്‍വച്ച് എഴുത്തുകാരന്റെ ഭാര്യ അയാളോടു പറഞ്ഞു. ''ഞാന്‍ ഇന്നേവരെ നിങ്ങളോടൊന്നും ആവശ്യപ്പെട്ടിട്ടില്ല. നിങ്ങള്‍ പറയുന്നതുപോലെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ജിവിച്ചു. പരാതിയോ പരിഭവമോ കാണിച്ചില്ല. നിങ്ങളുടെ ഭാര്യ എന്ന നിലയിലല്ലാതെ നാട്ടില്‍ എന്നെയാരും അറിയില്ല. ആരും ബഹുമാനിക്കയുമില്ല. നിങ്ങളെപ്പോലെ അക്ഷരങ്ങളും വാക്കുകളും കൊണ്ട് അമ്മാനമാടാന്‍ എനിക്കറിയില്ല. ഞാന്‍ മരിച്ചാല്‍ പിന്നീട് ആരും എന്നെ ഓര്‍ത്തെന്നും വരില്ല, ഒരുപക്ഷേ നിങ്ങള്‍ പോലും. അതുകൊണ്ട് എനിക്കവസാനമായി ഒരാഗ്രഹമുണ്ട്. എന്റെ മരണശേഷം നിങ്ങള്‍ എനിക്കായൊരു സ്മാരകം പണിയണം. എക്കാലവും എല്ലാവരും എന്നെ ഓര്‍മിക്കത്തക്ക രീതിയിലുള്ള ഒന്ന്.''
ആശുപത്രിയിലെ ബില്ലടയ്ക്കാനുള്ള മാര്‍ഗം പോലും മുന്നില്‍ തെളിയാതെ വിഷണ്ണനായിരുന്ന എഴുത്തുകാരന്‍ ഭാര്യയുടെ ആഗ്രഹം കേട്ടു ഞെട്ടി. വയ്യ എന്നവളോടു പറയുന്നതെങ്ങനെ? സ്വന്തം ആഗ്രഹങ്ങളെല്ലാം അടക്കിവച്ച് തനിക്കായി മാത്രം ജീവിച്ചവള്‍. അവളുടെ പ്രത്യാശ നിറഞ്ഞ നോട്ടത്തിനു മുന്നില്‍ അയാള്‍ തന്റെ അവസ്ഥ മറന്നു. വരണ്ടു ശുഷ്‌കിച്ച അവളുടെ കൈപ്പത്തികള്‍ കൂട്ടിപ്പിടിച്ച് അയാള്‍ സമ്മതഭാവത്തില്‍ തലകുലുക്കിയപ്പോള്‍ വിളറിവെളുത്ത മുഖത്ത് ആനന്ദത്തിരതള്ളല്‍. ഒരു ചെറുപുഞ്ചിരിയോടെ, സംതൃപ്തിയോടെ ആ മിഴികള്‍ എന്നെന്നേക്കുമായി അടഞ്ഞു.
അയാള്‍ പൊട്ടിക്കരഞ്ഞില്ല, ദു:ഖം സഹിക്കവയ്യാതെ തല ഭിത്തിയിലിട്ടടിച്ചില്ല. പകരം മനസാകെ തീയായിരുന്നു. അവളുടെ ആഗ്രഹം എങ്ങിനെ സാധിച്ചുകൊടുക്കുമെന്ന ചിന്തയായിരുന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രാത്രിയുടെ അവസാനം അയാളൊരു തീരുമാനത്തിലെത്തി.
മഴപെയ്ത് മുറ്റമാകെ ചെളിപിടിച്ചു കിടന്ന ദിവസം എഴുത്തുകാരന്‍ പത്രസമ്മേളനം വിളിച്ചു. പണത്തിന്റെ പിന്നാലെ പായാത്തതുകൊണ്ടും തന്റെ സൃഷ്ടികളെ വിലപേശി മാര്‍ക്കറ്റില്‍ വില്‍ക്കാത്തതുകൊണ്ടും എഴുതാന്‍ തുടങ്ങി പത്തിരുപതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, നിരവധി ക്ലാസിക്കുകളുടെ സൃഷ്ടാവായിട്ടും, പരമദരിദ്രവാസിയായി തുടരുന്ന എഴുത്തുകാരനോട് മാധ്യമങ്ങള്‍ക്കെന്നും സഹാനുഭൂതിയായിരുന്നു. അതിനാല്‍ അയാളെ സംബന്ധിച്ച  അതീവരഹസ്യങ്ങളിലൊന്ന് തുറന്നു പറയാനുണ്ടെന്നറിയിച്ചപ്പോള്‍ വിവാദ സാധ്യതയുള്ള എന്തോ ഒന്ന് അതിലുണ്ടാകുമെന്നു കരുതി അവര്‍ പറന്നെത്തി.
ശീതീകരിച്ച മുറിയായിരുന്നിട്ടുകൂടി അവര്‍ക്കു മുന്നില്‍ ഇരുന്നപ്പോള്‍ അയാള്‍ വിയര്‍ത്തു. മുന്നിലിരുന്ന ഗ്ലാസിലെ വെള്ളം ഒറ്റവലിക്കു കുടിച്ച് അയാള്‍ പറയാനാരംഭിച്ചു.
''ഇപ്പോള്‍ ഇങ്ങനെയൊരു പത്രസമ്മേളനം വിളിക്കുന്നതെന്തിനാണെന്നു നിങ്ങളില്‍ പലരും എന്നോടു ചോദിച്ചതാണ്''. പറഞ്ഞു തുടങ്ങിയപ്പോള്‍ അയാളുടെ ശബ്ദമിടറി. ''ഇനിയെങ്കിലും ഈ രഹസ്യം എനിക്കെല്ലാവരോടും തുറന്നു പറയണം. ഞാന്‍ ഇത്രയും കാലം ചെയ്തതിനെ കൊടുംവഞ്ചനയെന്നു നിങ്ങള്‍ വിളിച്ചോളൂ. എന്നെ കല്ലെറിഞ്ഞോളൂ. ഇവയൊന്നും ഞാന്‍ ചെയ്ത തെറ്റിനു പരിഹാരമാകില്ല. ഇത്രയും കാലം സാഹിത്യലോകവും നിങ്ങളുമൊക്കെ നെഞ്ചേറ്റിയ എന്റെ കൃതികളൊന്നും യഥാര്‍ഥത്തില്‍ ഞാനെഴുതിയവയല്ല. അവയെല്ലാം എന്റേതെന്ന് പറഞ്ഞ് ഞാന്‍ എല്ലാവരേയും കബളിപ്പിക്കുകയായിരുന്നു''.
പത്രപ്രവര്‍ത്തകര്‍ അവിശ്വസനീയതയോടെ പരസ്പരം നോക്കി. എല്ലാവര്‍ക്കും ഒരുകാര്യം മാത്രമേ അറിയേണ്ടതുണ്ടായിരുന്നുള്ളൂ. സുന്ദരമായ ആ കൃതികളൊക്കെയും എഴുതിയത് ആരാണെന്ന്? മുന്നിലിരിക്കുന്നവരുടെ മുഖത്ത് അല്‍പനിമിഷങ്ങള്‍ക്കു മുന്‍പുവരെയുണ്ടായിരുന്ന സ്‌നേഹാദരങ്ങള്‍ മാറി തല്‍സ്ഥാനത്ത് പുച്ഛഭാവം ഇടംപിടിക്കുന്നത് അയാള്‍ വേദനയോടെ കണ്ടു.
ഹൃദയം നുറുങ്ങുമ്പോഴും ചിലമ്പിച്ച സ്വരത്തില്‍ അയാള്‍ തുടര്‍ന്നു-''അതു മറ്റാരുമല്ല, കഴിഞ്ഞ ഇരുപതാം തീയതി ദീര്‍ഘകാലത്തെ രോഗഗ്രസ്ഥമായ ജീവിതത്തോടു വിടപറഞ്ഞു മടങ്ങിപ്പോയ എന്റെ പ്രിയ ഭാര്യ അരുന്ധതിയാണ്''-പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഏവര്‍ക്കും അത്ഭുതം. ആദ്യത്തെ അന്ധാളിപ്പു മാറിയ ഉടന്‍ ഓരോ കണ്ഠങ്ങളില്‍നിന്നും ഒരായിരം ചോദ്യങ്ങള്‍. എന്തിന്? എന്തുകൊണ്ട്? വിശദീകരണങ്ങള്‍ നല്‍കി അയാള്‍ തളര്‍ന്നു.
ചോദ്യങ്ങളുടെയെല്ലാം അവസാനം അപമാനിതനായി കുനിഞ്ഞ ശിരസോടെ അയാള്‍ അവര്‍ക്കിടയിലൂടെ പുറത്തേക്കു നടന്നു. ആരുമറിയാതെ വിടര്‍ന്നുകൊഴിഞ്ഞ അരുന്ധതിയെന്ന യുവസാഹിത്യകാരിയും അവരുടെ സൃഷ്ടികളുമായിരുന്നു അപ്പോഴവിടുത്തെ ചൂടന്‍ ചര്‍ച്ചാവിഷയം.
കൂടിയാലോചനകളും ചര്‍ച്ചകളും മാധ്യമങ്ങള്‍ ദിവസങ്ങളോളം ആഘോഷിച്ചു.  അരുന്ധതിയെന്ന മണ്‍മറഞ്ഞ സാഹിത്യപ്രതിഭയ്ക്കുവേണ്ടി ഇനിയെന്ത് എന്ന ചിന്തയിലായി സാംസ്‌കാരികനായകരും രാഷ്ട്രീയ പ്രമുഖരും. നഗരഹൃദയത്തില്‍തന്നെ അരുന്ധതിക്കൊരു സ്മാരകമെന്ന ആശയം മുന്നോട്ടുവച്ചത് സാഹിത്യത്തിലെ ഭീഷ്മാചാര്യന്‍ എന്നറിയപ്പെടുന്ന എഴുത്തുകാരനാണ്. അതുമാത്രമല്ല അരുന്ധതിയുടെ വീട് മ്യൂസിയമായി സംരക്ഷിക്കുകയും വേണം.
ഇതിനെല്ലാം സാക്ഷിയായി എഴുത്തുകാരന്‍ നിശബ്ദമിരുന്നു. ആരും ഒന്നും അയാളോടു ചോദിച്ചില്ല. അയാള്‍ക്കെല്ലാം ഒന്നു കുത്തിക്കുറിച്ചു വയ്ക്കണമെന്നുണ്ടായിരുന്നു. പക്ഷേ, തൂലിക അരുന്ധതിയുടെ സ്മാരകം പണിയാന്‍ പണയം വച്ചുപോയതുകൊണ്ട് അയാള്‍ക്കിനി എഴുതാനാവില്ലല്ലോ?


അമ്മവിളയാട്ടം

'കെട്ടിയവനേം കൂടപ്പിറപ്പുകളേം കൊലയ്ക്കുകൊടുത്ത മഹാപാപീ...'
കൈവിരലുകള്‍കൊണ്ട് വേദനിപ്പിക്കും വിധം കാതുപൊത്തിയടച്ചിട്ടും നാരായത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ ചെവി തുളച്ച് ഉള്ളിലേക്കെത്തുന്നുണ്ടെന്നു സരോജത്തിനു തോന്നി.
'കൊല്ലണോ തല്ലണോ? നീ പറഞ്ഞാ മതി. ആ പെണ്ണു ചത്ത പേരും പറഞ്ഞ് ചെട്ടിയാന്‍മാരും ആര്‍.എസ്.എസുകാരും ഇളകിയിരിക്കുന്ന സമയമായതുകൊണ്ട് ഒറ്റക്കുഞ്ഞുപോലും സംശയിക്കില്ല. അവന്മാരാ ചെയ്‌തേന്നു കരുതിക്കോളും. പിന്നെ കേസിനും പുക്കാറിനുമൊക്കെ പോകാന്‍ നീയല്ലാതെ വേറേതു പട്ടിയാ അവനൊള്ളത്? എന്താ വേണ്ടേന്നു വച്ചാല്‍ ഇപ്പം പറയണം. അല്ലാതെപിന്നെ, എന്നും കെട്ടിയോന്റെ കുറ്റോം പറഞ്ഞ് നെഞ്ചത്തലച്ചോണ്ട് ആങ്ങളമാര്‍ടെ അരികോട്ട് വന്നേക്കല്ല്. നീ പറ. അവനെയങ്ങ് തീര്‍ത്തേക്കട്ടെ?'
'അയ്യോ! വേണ്ട, കൊല്ലണ്ട. ഒന്നു താക്കീതു ചെയ്താല്‍ മതി'. ഇങ്ങനെയല്ലേ അന്നു ഗോപിയോടു പറഞ്ഞത്? അതോ, ഇനി കൊല്ലാന്‍ പറഞ്ഞോ? ഇല്ല, കൊല്ലാനൊരിക്കലും പറഞ്ഞിട്ടില്ല. എന്നിട്ടും അവന്‍...
'കെട്ടിയ പെണ്ണിനെ കണ്ണീര്കുടിപ്പിച്ച് വേറൊരുത്തിയേം വച്ചോണ്ടിരിക്കുന്ന അവനെയൊക്കെ പെട്രോളൊഴിച്ചു പച്ചയ്ക്കു കത്തിക്കണം'. ശിവന്‍കുട്ടിയുടെ ആരോടെന്നില്ലാത്ത പുലമ്പല്‍.
'ഒരു സിദ്ധന്‍ വന്നേക്കുന്നു..സിദ്ധന്‍! ഫ്ഭൂ...അവന്റെയൊരു ഭഗവതീം അമ്മവിളയാട്ടോം... എടീ നെനക്കറിയാവോ? ആ ചെട്ടിയാര്‍ടേങ്ങത്തെ പെണ്ണു തൂങ്ങിച്ചത്തതേ ഇവനൊറ്റയൊരുത്തന്‍ കാരണവാ. അവന്റെയൊരു പൂജേം ചരടു ജപിക്കലും. ഈ ചട്ടുകാലന്‍ചെറ്റ കാരണം നാട്ടിലിറങ്ങി നടക്കാന്‍ മേലാണ്ടായി. കൈയും കാലും തല്ലിയൊടിച്ച് എവിടേലും ഇടാം. പിന്നവന്‍ പൂജേം തേവാരോം നടത്തുന്നതൊന്നു  കാണണമല്ലോ? കൂടപ്പെറപ്പിന്റെ കെട്ടിയോനായിപ്പോയി. അല്ലേല്‍ എമ്പണ്ടേ ചെയ്‌തേനേ'. ഗോപിയുടെ അമര്‍ഷം തീരുന്നില്ല.
'ഗോവിന്ദന്‍കുട്ടിച്ചേട്ടന്‍ കാരണവൊന്നുമല്ല ആ ചെട്ടിയാത്തിപ്പെണ്ണു ചത്തത്. അവക്ക് പ്രാന്താര്ന്ന്. പിന്നെ ഭഗവതീനെ നീയങ്ങനെ പുച്ഛിക്കുവൊന്നും വേണ്ട. ഭഗവതിയെക്കൊണ്ട് ഓരോരോ കാര്യസാധ്യത്തിന് ദെവസോം എന്തോരം പേരാ ഗോവിന്ദന്‍കുട്ടിച്ചേട്ടനെ കാണാന്‍ വരുന്നെ? നെനക്കും അറിയാവുന്നതല്ലേ?'
'പിന്നേ...കോപ്പ്, കാര്യം സാധിക്കുന്നു. ആദ്യവൊക്കെ കൈമണീം ചേങ്ങലേം പിടിച്ച് ഞാനും പൊറകേ കൊറേ നടന്നിട്ടൊണ്ട്. എനിക്കും വിശ്വാസവാര്ന്നു. പക്ഷേ, ഇപ്പോഴില്ല. നാറി! അവന്റെയൊരു അമ്മഭഗവതി' ഗോപി മുറ്റത്തേക്കു കാര്‍ക്കിച്ചു തുപ്പി. അവന്റെ മുഖത്ത് തെളിഞ്ഞുനിന്ന ക്രൂരഭാവത്തിന് മരണത്തിന്റെ ഛവി കലര്‍ന്നിരുന്നോ?
ക്ലോക്കില്‍ മണി പത്തടിച്ചു. കമ്പിവടിയും വാക്കത്തിയും ഉടുപ്പിനിടയിലൂടെ നടുവിനു പിന്നില്‍ തിരുകി, ഗോപിയും ശിവന്‍കുട്ടിയും ഇറങ്ങി. 'സരോ, അടുക്കളേല്‍ മുളകുപൊടിയുണ്ടെങ്കില്‍ കവറിന്റെ  മേല്‍ഭാഗം കണ്ടിച്ച് ഇങ്ങോട്ടെട്'. ശിവന്‍കുട്ടി പറഞ്ഞു. കാലില്‍നിന്നും ഒരുതരിപ്പ് മുകളിലേക്കു കയറി. ഇപ്പോഴും അതു മാറിയിട്ടില്ല. 'വേണ്ട ശിവാ, ഒന്നിനും പോകണ്ട' അങ്ങനെ താന്‍ പറഞ്ഞോ? പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മുളകുപൊടി കൊണ്ടെക്കൊടുത്തോ? ഒന്നും ഓര്‍മയില്ല.
പോയി ഏറെനേരം കഴിയും മുമ്പ് ശിവന്‍കുട്ടിയും ഗോപിയും മടങ്ങിവന്നു. ലൈറ്റുകളെല്ലാം അണച്ച് ഉമ്മറത്തിറങ്ങി നോക്കിനില്‍ക്കുകയായിരുന്നു അമ്മയും താനും. നേരത്തെ തീരുമാനിച്ചപ്രകാരം ശിവന്‍കുട്ടിയുടേയും ഗോപിയുടേയും ഭാര്യമാരെ മക്കളേയും കൂട്ടി അവരുടെ വീട്ടിലേക്കയച്ചിരുന്നു.
'സരോ... ഒരബദ്ധം പറ്റിയെടീ' വന്നപാടെ തിണ്ണയിലേക്കിരുന്നുകൊണ്ട് ഗോപി പറഞ്ഞു. പിന്നാലെ വന്ന ശിവന്‍കുട്ടി തളര്‍ച്ചയോടെ വരാന്തയിലേക്കു വീണു.
'എന്താ, എന്താടാ പറ്റിയെ?'
പിന്നീന്നാ ഞങ്ങളടിച്ചെ. അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കാന്‍ തുടങ്ങുവാരുന്നു. പക്ഷെ, അടി ഉദ്ദേശിച്ചപോലെയേറ്റില്ല. അവന്‍ ഗോപീനെക്കേറിപ്പിടിച്ച്. പിടിവലിക്കെടെ മുഖത്തുകെട്ടിയ തോര്‍ത്തഴിഞ്ഞ് അവന്‍ ഞങ്ങളെ കണ്ട്. പിന്നെ, പിന്നെ... ഒരു കൈയബദ്ധം പറ്റിയെടീ, കൊല്ലണോന്നു വിചാരിച്ചാരുന്നില്ല ഒന്നും. പക്ഷേ, അവന്‍ ഞങ്ങളെ കണ്ടസ്ഥിതിക്ക്... വേറെ വഴിയില്ലാരുന്നു സരോ...' കിതപ്പോടെയാണു ഗോപി പറഞ്ഞു തുടങ്ങിയതെങ്കിലും ഒടുക്കമതൊരു വിതുമ്പലായി മാറി.
'അയ്യോ! ന്റെ മക്കളേ... മഹാപാപം ചെയ്തല്ലോ നിങ്ങള്. ഇപ്പോ നെനക്ക് സമാധാനമായില്ലേടീ. കെട്ടിയോനേം കൊന്ന് കൂടപ്പെറപ്പുകളേം കൊലയ്ക്കുകൊടുത്തപ്പോ അടക്കവായോടീ' നെഞ്ചത്തടിച്ചുകൊണ്ടുള്ള അമ്മയുടെ നിലവിളി കാതില്‍ മുഴങ്ങുന്നു.
'അമ്മേ, ഒച്ചയിടാതമ്മേ.. ആരേലും കേട്ടാ...' ശിവന്‍കുട്ടിയുടെ ശബ്ദത്തില്‍ പഴയ വീറും വാശിയുമില്ല. പകരം പേടി തിങ്ങിനിന്നു.
'രാധാമണി?'
അവരും ഞങ്ങളേക്കണ്ടു. വേറെ വഴിയില്ലാരുന്നു. അവരേം...'
തലയ്ക്കകത്താരോ കൂടംകൊണ്ടടിച്ചതുപോലെ. പിന്നിലേക്കു മറിഞ്ഞതു മാത്രം ഓര്‍മയുണ്ട്.
ആരൊക്കെയോ മുറിക്കുള്ളിലേക്കു കടന്നുവരുന്നതും ധൃതിയില്‍ പുറത്തേക്കു പോകുന്നതും അടക്കിപ്പിടിച്ചു സംസാരിക്കുന്നതും മാത്രം ഓര്‍മയുണ്ട്. കാലവും സമയവുമൊന്നും തിരിച്ചറിയാനാകുന്നില്ല. ചുറ്റും നിലവിളിയും ശാപവചനങ്ങളും മാത്രം...'കെട്ടിയോനേം കൊന്ന് കൂടപ്പെറപ്പുകളേം കൊലയ്ക്കുകൊടുത്ത മഹാപാപീ...' ഒന്നും കേള്‍ക്കാതിരിക്കാന്‍ സരോ കാതുകള്‍ പൊത്തിയടച്ചു.

ഠ ഠ ഠ ഠ ഠ ഠ ഠ ഠ ഠ ഠ

'കൊച്ചമ്മേ, ലേശം വെള്ളം താ...' ഗോവിന്ദന്‍കുട്ടിയുടെ നിസഹായമായ ഞരക്കം കാതില്‍ മുഴങ്ങുന്നു. എഴുന്നേല്‍ക്കണമെന്നുണ്ട്. സാധിക്കുന്നില്ല. ശരീരം നുറുങ്ങുന്ന വേദന. വേദനകളെല്ലാം കാല്‍മുട്ടിനു മുകളില്‍ അവസാനിക്കുന്നു. അതിനു താഴേക്ക് ഒരു ശൂന്യത മാത്രം. രാധാമണി മെല്ലെ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു. പാതിതുന്ന മിഴിയിലൂടെ കറങ്ങുന്ന ഫാനും കാറ്റിലാടുന്ന പച്ച കര്‍ട്ടനും തെളിഞ്ഞുവന്നു.
കാല്‍ക്കലിട്ടിരിക്കുന്ന മേശയ്ക്കു മുമ്പിലിരുന്ന് വെള്ളയുടുപ്പിട്ട ഒരു മാലാഖ നേര്‍ത്ത ശബ്ദത്തില്‍ പ്രാര്‍ഥിക്കുന്നു. 'ഈ ലോകത്തിലെ സഹനമെല്ലാം ക്ഷണഭംഗുരമാണ്. ലോകാവസാനത്തില്‍ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നവരെല്ലാം നശിപ്പിക്കപ്പെടുകയും നന്മ ചെയ്യുന്നവരായ അവിടുത്തെ അനുയായികളെല്ലാവരും അവിടുത്തോടൊത്തു വിജയശ്രീലാളിതരായി, ഒരു പുതിയ ലോകത്തില്‍ ദൈവപിതാവിനോട് ഒന്നുചേര്‍ന്ന്, നിത്യാനന്ദനിര്‍വൃതിയടയുകയും ചെയ്യും.'
എന്താണു സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ രാധാമണി ശ്രമിച്ചു. കുത്തൊഴുക്കില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് വീണ്ടും കാണാമറയത്തകലുന്ന കരിയലത്തണ്ടു പോലെയുള്ള ഓര്‍മകളെ പിടിച്ചുനിര്‍ത്താനാകുന്നില്ല.
പൂജകഴിഞ്ഞ് നടയടച്ചുവരുന്ന ഗോവിന്ദന്‍കുട്ടിക്കുള്ള അത്താഴം വിളമ്പിക്കൊണ്ട് അടുക്കളയില്‍ നില്‍ക്കുകയായിരുന്നു. പെട്ടന്നാണ് ഒരു നിലവിളി കേട്ടത്. ഗോവിന്ദന്‍കുട്ടിയുടെ ശബ്ദംപോലെ. തിണ്ണയിലേക്കോടിയിറങ്ങി നോക്കി. ഓലമേഞ്ഞ കോവിലിനു മുന്നില്‍ രണ്ടുമൂന്നു നിഴലുകള്‍. അവ പരസ്പരം പിടിവലി നടത്തുകയാണ്. 'അമ്മേ, ദേവീ ചതിച്ചോ?' കുത്തനെയുള്ള പടികള്‍ പാഞ്ഞുകയറി മുറ്റത്തേക്ക് ചെല്ലുമ്പോള്‍... ഹൊ! കോവിലിന്റെ മുന്നിലെ തൂക്കുവിളക്കിന്റെ പ്രകാശത്തില്‍... ഒന്നേ നോക്കിയുള്ളൂ. 'അയ്യോ, ന്റെ ദേവീ... എന്താ ഈ കാട്ടുന്നത്?' നിലത്തുവീണു കിടക്കുന്ന ഗോവിന്ദന്‍കുട്ടിക്കു നേരെ ഉയരുന്ന വാക്കത്തിയുടെ വെള്ളിത്തിളക്കം കണ്ണു മഞ്ഞളിപ്പിച്ചു കളഞ്ഞു.
കോവിലിനു മുമ്പിലെ പന്തലില്‍ കഴുകി കമഴ്ത്തി വച്ചിരുന്ന കിണ്ടിയുമായി അയാള്‍ക്കുനേരെ പാഞ്ഞുചെന്നതാണ്. പക്ഷേ, കമ്പിവടികൊണ്ടുള്ള അടിയേറ്റ് കിണ്ടി ദൂരേക്കു തെറിച്ചുപോയി. കൈ താഴേക്ക് ഒടിഞ്ഞുതൂങ്ങി.
രണ്ടാമത്തെ അടി തലയ്ക്കാണേറ്റത്. മുട്ടുകുത്തി നിലത്തേക്കുവീണു. വീണ്ടും വടിയോങ്ങിയപ്പോഴാണു മുഖം കണ്ടത്. 'ഗോപീ...എന്നെ കൊല്ലല്ലേ ഗോപീ,' ആ നിമിഷം കണ്ണിലേക്കെന്തോ വന്നു വീണു. ചുട്ടുപൊള്ളുന്ന നീറ്റല്‍ 'അയ്യോ അമ്മേ...'
'നെനക്ക് ഞങ്ങടെ പെങ്ങടെ കെട്ടിയോന്റെ കൂടെ കെടക്കണം അല്ലേടീ... എത്ര തവണ നെനക്കു ഞങ്ങളു താക്കീതു തന്നതാടീ നായിന്റെ മോളേ'
വേണ്ട ഗോപീ, ഒന്നും ചെയ്യല്ലേ... ഞാനെങ്ങോട്ടേലും പൊക്കോളാം' ഗോപി കമ്പിവടി ഉയര്‍ത്തി. ഇടതുകാലിന്റെ മുട്ടുചിരട്ടയില്‍ ഭാരമുള്ളതെന്തോ വന്നു പതിച്ചതുപോലെ തോന്നി. ഒരു പ്രാവശ്യം കൂടി... അതേ മരവിപ്പും തണുപ്പും വലതുകാലിലും അനുഭവപ്പെടുന്നുണ്ടോ?
കമ്പിവടി അന്തരീക്ഷത്തില്‍ പലവട്ടം ഉയര്‍ന്നു താഴ്ന്നു. ബോധം മറയുംപോലെ. 'മതിയെടാ ഗോപീ, ചത്തെന്നാ തോന്നുന്നെ... വാ ആരേലും വരുംമുമ്പ് പോകാം.'
കാലടി ശബ്ദം അകന്നുപോയി.
ശരീരത്തിനു തെല്ലും വേദന തോന്നുന്നില്ല. പക്ഷേ എണീക്കാന്‍ വയ്യ, എന്റെ ദേവീ, ഒന്നുറക്കെ വിളിച്ചുകൂവിയാല്‍ ഓടിവരാന്‍ പോലും അടുത്താരുമില്ലല്ലോ?
'കൊച്ചമ്മേ...എന്റെ തൊണ്ട പൊട്ടിപ്പോകുന്നു, കൊറച്ചു വെള്ളംതാ...' ഗോവിന്ദന്‍കുട്ടിയുടെ നേര്‍ത്ത ശബ്ദത്തിലുള്ള യാചന. 'അമ്മേ, ഭഗവതീ, എനിക്കിതു കേള്‍ക്കാന്‍ വയ്യ... നിനക്കു രണ്ടുനേരം പൂജ ചെയ്യുന്നവനല്ലേ അല്‍പം ജീവജലത്തിനുവേണ്ടി കേഴുന്നത്? ആ ജീവനൊന്നവസാനിപ്പിച്ചുകൊടുക്കാനുള്ള ദയയെങ്കിലും നീ കാണിക്ക്.
തൂക്കുവിളക്ക് കരിന്തിരി കത്തിയണഞ്ഞു. പിന്നെത്രനേരം അങ്ങിനെ കിടന്നുകാണും? അറിയില്ല. ഗോവിന്ദന്‍കുട്ടിയുടെ ദയനീയത നിറഞ്ഞ ഞരക്കം കാതിലില്‍ മുഴങ്ങുന്നു, കണ്ണടച്ചാല്‍ ചോരയുടെ കറുത്ത വൃത്തത്തിനുള്ളില്‍ ചുരുണ്ടുകിടക്കുന്ന രൂപം തെളിയുന്നു. 'അമ്മേ, മക്കള്‍ ചെയ്‌തൊരു തെറ്റിന് ഇത്രവലിയ ശിക്ഷ വേണ്ടിയിരുന്നോ അമ്മേ?'
'ഗോവിന്ദന്‍കുട്ടീ, നിസഹായനായി നീ നിലവിളിച്ചിട്ടും ഒരിറ്റുവെള്ളം തരാനാകാതെ അതുകേട്ടുകിടന്ന ഞാനെന്തൊരു പാപിയാണ്?'
ഓര്‍മ മങ്ങിപ്പോകുംപോലെ. കണ്ണുകള്‍ക്കു മുമ്പിലിപ്പോള്‍ ചോരയൊലിക്കുന്ന വാളും ചിലമ്പും മാത്രം.


ദയാവധം

രികില്‍ വെള്ളി അലുക്കുകള്‍ പിടിപ്പിച്ച ഇന്‍വിറ്റേഷന്‍ കാര്‍ഡ് അയാള്‍ തിരിച്ചും മറിച്ചും നോക്കി. ഇരുണ്ട നീലനിറത്തില്‍ തിളങ്ങുന്ന വെള്ളിപ്പൊട്ടുകള്‍ വാരിവിതറിയ കവറില്‍ വടിവൊത്ത അക്ഷരത്തില്‍ അയാളുടെ പേരും ചടങ്ങിന്റെ സമയവും കുറിച്ചുവച്ചിരിക്കുന്നു. കാര്‍ഡൊന്നിന് എഴുപത്തിയഞ്ചു രൂപയാണു വില. അതിത്തിരി ആര്‍ഭാടമായോ എന്ന് ഒരുവേള സംശയം തോന്നിയതുമാണ്. പക്ഷെ, കുടുംബത്തില്‍തന്നെ ഇത്തരമൊരു ചടങ്ങ് ആദ്യമായതുകൊണ്ട് മക്കളും മരുമക്കളും സമ്മതിച്ചില്ല. മാത്രവുമല്ല സംഭവം അതിനോടകം ഏറെ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. അവരുടെയെല്ലാം ആഗ്രഹം നടക്കട്ടെയെന്ന് അയാളും കരുതി.
അയാള്‍ കവര്‍ തുറന്നു. മുകളിലും താഴെയും കോണുകളില്‍ പൂക്കള്‍ ചിരിക്കുന്ന കാര്‍ഡ്. വെള്ളിനിറത്തിലുള്ള മുഴച്ചുനില്‍ക്കുന്ന അക്ഷരങ്ങള്‍ അയാളുടെ ശ്രദ്ധയെ പിടിച്ചുവലിച്ച് കാര്‍ഡിലേക്കിട്ടു.
പ്രിയ സുഹൃത്തേ,
എന്റെ ഭര്‍ത്താവും കൊട്ടാരക്കര വെട്ടിക്കവല നഭസില്‍ പരേതരായ റിട്ട. ഹെഡ്മാസ്റ്റര്‍ ജി. ഗോപിനാഥന്‍ നായരുടേയും കെ.ജി. കമലാക്ഷിയമ്മയുടേയും മകനും റിട്ട. കെ.എസ്.എഫ്.ഇ. മാനേജരുമായ ജി. ചന്ദ്രഭാനു നിര്യാതനാവുകയാണ്. ഡിസംബര്‍ 6-ാം തീയതി ഞായറാഴ്ച പകല്‍ 12.05 നും 12.45 നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ കൊട്ടാരക്കര ഇമ്മാനുവേല്‍ ഡെത്ത് ഹോമിലാണു ചടങ്ങ്. തലേന്നു കൊട്ടാരക്കര വെട്ടിക്കവലയിലെ വീട്ടില്‍ നടക്കുന്ന സത്കാരത്തിലും മരണത്തിലും താങ്കളുടേയും കുടുംബത്തിന്റേയും മഹനീയ സാന്നിധ്യം സദയം ക്ഷണിക്കുന്നു.
ഉപചാരപൂര്‍വം:
ഭാര്യ: റിട്ട. ഡെപ്യൂട്ടി കലക്ടര്‍ പദ്മിനി ചന്ദ്രഭാനു
മക്കള്‍: ഉദയ്ചന്ദ്, ഉമ ഹരികൃഷ്ണന്‍
മരുമക്കള്‍: പ്രിയ ഉദയ്, കെ. ഹരികൃഷ്ണന്‍
കൊച്ചുമക്കള്‍: വന്ദന, അഭയ്, മീര, മീനാക്ഷി

എന്‍.ബി: മൃതദേഹം ഉച്ചയ്ക്കുശേഷം 2.30 നു പൊതുദര്‍ശനത്തിനു വയ്ക്കും.

കൊട്ടാരക്കര
15-11-'09

നാളെയാണു ചടങ്ങ്. ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. കാര്‍ഡും പിടിച്ച് ചിന്തിച്ചിരിക്കുമ്പോഴാണ് ഉദയ് കടന്നുവന്നത്. ' അച്ഛന്‍ എന്തെടുക്കുവാ? വേഗം ഒരുങ്ങ്. എല്ലാരും എത്താറായി'. പുറത്തെവിടെയോ പോയി മടങ്ങി വരികയായിരുന്ന അവന്റെ മുഖം ചുവന്നു തുടുത്തിരുന്നു. ലൊസാഞ്ചല്‍സില്‍ സെറ്റില്‍ ചെയ്ത ഉദയും ഭാര്യയും മക്കളും നാട്ടിലെത്തിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. അറിയിക്കേണ്ടവരെ നേരിട്ടും ഫോണിലും എല്ലാം ക്ഷണിച്ചത് അവനാണ്. മകളും മരുമകനും അവരുടെ മക്കളും ഇന്നലെയെത്തി. വിവാഹം കഴിച്ച് മറ്റു കുടുംബങ്ങളിലേക്കു പോകുന്ന പെണ്‍കുട്ടികള്‍ കൈമാറ്റം ചെയ്യപ്പെടുന്ന സമ്മാനം പോലെയാണ്. നല്‍കുന്നയാള്‍ക്കു പിന്നീടൊരിക്കലും അവകാശവാദം ഉന്നയിക്കാനാവില്ല. അതുകൊണ്ടുതന്നെ ഉമയോട് നേരത്തെയെത്തണമെന്നു പറഞ്ഞു നിര്‍ബന്ധിച്ചതുമില്ല.
പഴയകാല സുഹൃത്തുക്കളില്‍ ചിലരെ ക്ഷണിക്കാന്‍ നേരിട്ടാണു പോയത്. ഒപ്പം ജോലി ചെയ്തിരുന്ന സെബാസ്റ്റിയന്‍ ചോദിച്ചു, 'എന്തിനാ ചന്ദ്രാ ഇത്. ഓരോരുത്തര്‍ക്കും മടങ്ങാന്‍ ഓരോ സമയം നേരത്തെ നിശ്ചയിച്ചിട്ടുണ്ടാകും. അന്നു പോരേ എല്ലാം.. ദയാവധം എന്നൊക്കെ പറയാം. എന്നാലും... എനിക്കിതുവരെ ജീവിച്ചുകൊതി തീര്‍ന്നിട്ടില്ല. അപ്പോഴാ ഓരോരുത്തര്...' ഈര്‍ഷ്യയില്‍ അയാളുടെ മുഖം ചുളിഞ്ഞു. കരള്‍രോഗത്തിന്റെ മൂര്‍ധന്യത്തില്‍ ശരീരമാകെ നീരുവന്ന്, നേരാംവണ്ണം സംസാരിക്കാന്‍ പോലുമാകാത്ത, പരസഹായം കൂടാതെ ഒരുകാര്യം പോലും ചെയ്യാനാവാത്ത സെബാസ്റ്റിയന് ജീവിതത്തോടുള്ള അടങ്ങാത്ത പൂതികണ്ടപ്പോള്‍ ചിരിയാണു വന്നത്.
'എന്നായാലും ഒരിക്കല്‍ നമ്മളെല്ലാം പോകണ്ടേടോ? ഒരാഗ്രഹം പോലും ബാക്കിയില്ലാത്തപ്പോള്‍ പൂര്‍ണ സന്തോഷത്തോടെ ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കുക. അതാ അതിന്റെ ശരി. തന്റെ കാര്യംതന്നെ ഒന്നോര്‍ത്തുനോക്ക്. ഇങ്ങനെ എത്രനാളാ വേദനേം തിന്ന്, മറ്റുള്ളോരേം ബുദ്ധിമുട്ടിച്ച് ജീവിക്കുന്നെ? എനിക്കാണേല്‍ മക്കള്‍ രണ്ടാളും നല്ല നെലേലായി. അവര്‍ക്കോരോ കുടുംബോമായി. യാതൊരു പ്രാരാബ്‌ധോമില്ല. ആഗ്രഹങ്ങളും ബാക്കിയില്ല. ഇനീം ജീവിക്കാമെന്നുവച്ചാല്‍ ഒരിക്കലും സാധിക്കാത്ത ആഗ്രഹങ്ങളെന്തേലും മനസില്‍ കേറീന്നും വരും. പിന്നെ ആ വിചാരത്തോടെയാകും മരണം. അതു വേണ്ട. എന്റെ സമയമായീന്നു തന്നെയാ മനസു പറയുന്നെ. ഒരു കണക്കിനു സര്‍ക്കാരിത് അംഗീകരിച്ചത് എത്ര നന്നായി! ഒന്നുമല്ലേലും വേണ്ടപ്പെട്ടവരെയെല്ലാം കണ്ടോണ്ടു കണ്ണടയ്ക്കാമല്ലോ?'
'ഈ മാല ഈ സാരിക്കു മാച്ചാകുന്നുണ്ടോ ഉമേ?' ഉച്ചത്തിലുള്ള ചോദ്യം കേട്ട് അയാള്‍ ചിന്തയില്‍നിന്നുണര്‍ന്നു. 'മരണവും വാണിജ്യവത്കരിക്കപ്പെട്ടു അല്ലേടോ?' ക്ഷണിക്കാന്‍ ചെന്നപ്പോള്‍ ദേവസ്യാച്ചന്‍ പറഞ്ഞതോര്‍മ്മ വന്നു. പഴയ കമ്മ്യൂണിസ്റ്റ്കാരനാണ് അങ്ങനെയേ പറയൂ.
ഒരു കണക്കിനു നോക്കിയാല്‍ ആരുമറിയാതെ അപ്രതീക്ഷിതമായി കടന്നുകയറ്റത്തേക്കാള്‍ എത്രയോ നല്ലതാണ് എല്ലാവരേയും അറിയിച്ചുകൊണ്ടുള്ള കടന്നുവരവ്. മക്കളുടെയും കൊച്ചുമക്കളുടേയും എല്ലാം സൗകര്യം നോക്കി ഒരു തീയതി നിശ്ചയിക്കല്‍ മാത്രമായിരുന്നു ബുദ്ധിമുട്ടേറിയത്. മീരയ്ക്കും അഭിക്കും പരീക്ഷാക്കാലമായിരുന്നതിനാല്‍ മാത്രമാണു ചടങ്ങ് ഇത്രയേറെ വൈകിയത്.
പുറത്ത് കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം. ഉച്ചത്തില്‍ ആരുടെയൊക്കെയോ സംസാരവും പൊട്ടിച്ചിരിയും കേള്‍ക്കാം. അവസാന അത്താഴം കൂടാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എത്തിത്തുടങ്ങിയിരിക്കുന്നു. സ്വയം തീരുമാനിച്ചുറപ്പിച്ചിരുന്നതാണെങ്കിലും അയാള്‍ക്ക് ഉള്ളിന്റെയുള്ളില്‍ എന്തോ കൊളുത്തിവലിക്കുന്നതായി തോന്നി.
'ആഹാ! ഇവിടിങ്ങനെ ഇരുന്നാല്‍ മതിയോ? അവരെല്ലാം എത്തി. പോയി ഡ്രസ് മാറ്' പദ്മിനിയാണ്. മേക്കപ്പ് ഇട്ടതായി തോന്നാത്തരീതിയില്‍ അണിഞ്ഞൊരുങ്ങാന്‍ അവള്‍ കണ്ണാടിയുടെ മുന്നില്‍ ഏറെനേരം ചെലവഴിച്ചതായി അയാള്‍ക്കു തോന്നി. മുന്‍കൂട്ടി ഏര്‍പ്പാടാക്കിയതനുസരിച്ച് ബ്യൂട്ടീഷന്‍ രാവിലെതന്നെ സര്‍വസജ്ജയായി വീട്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.'ചേച്ചി ഇതെന്താ കാണിക്കുന്നെ?ഇന്നും നാളെയും എല്ലാവരും ചേച്ചിയെത്തന്നെയാകും ശ്രദ്ധിക്കുക. അതുകൊണ്ട് കണ്ടമാനം ഇതൊക്കെ വാരിപ്പൂശാതെ അടങ്ങിനില്‍ക്ക്. ഞാന്‍ ശരിയാക്കാം'. അല്‍പംമുമ്പ് മേക്കപ്പ് റൂമിന്റെ മുന്‍പിലൂടെ കടന്നുപോയപ്പോള്‍ ബ്യൂട്ടീഷന്‍ പദ്മിനിയെ ശാസിക്കുന്നതു കേട്ടു. 'ലിപ്‌സ്റ്റിക്ക് ലൈറ്റ് കളര്‍ മതിയല്ലേ?' ഉമയുടെ സംശയം.
'അച്ഛനിടാനുള്ള ജുബ്ബയും മുണ്ടും വേഷ്ടിയും ബെഡ്‌റൂമിലെ ടേബിളില്‍ എടുത്തുവച്ചിട്ടുണ്ട്. വാക്കിംഗ്‌സ്റ്റിക്ക് പുതിയത് അലമാരയിലുണ്ട്. അഭീ... മുത്തച്ഛന് വാക്കിംഗ്‌സ്റ്റിക് എടുത്തു കൊടുത്തേ...'പ്രിയ വാതില്‍ക്കലെത്തി കടന്നുപോയി. അയാള്‍ എഴുന്നേറ്റ് മുറിയിലേക്കു നടന്നു. റൂം ഫ്രഷ്‌നറിന്റെ നേര്‍ത്ത സുഗന്ധം. കഴിഞ്ഞയാഴ്ചയാണു വീടിന്റെ പെയിന്റിംഗ് തീര്‍ന്നത്. എല്ലാവരുടേയും അഭിപ്രായം ചോദിച്ചാലും എത്ര ശ്രദ്ധിച്ചാലും അവസാനം അതൃപ്തി മാത്രം സമ്മാനിക്കുന്ന പണിയായിട്ടേ അയാളതിനെ കണ്ടിട്ടുള്ളൂ. ഫര്‍ണിച്ചറുകളെല്ലാം പോളിഷ് ചെയ്തു വൃത്തിയാക്കി. എല്ലാവര്‍ക്കും ധരിക്കാനുള്ള വസ്ത്രങ്ങള്‍ രണ്ടുദിവസം മുമ്പാണു പോയി വാങ്ങിയത്. കുട്ടികളെല്ലാം വളരെ സന്തോഷത്തിലാണ്. കൊച്ചുമക്കള്‍ മാത്രമോ? പലരും പുറത്തു പ്രകടിപ്പിക്കുന്നില്ലന്നേയുള്ളൂ. എല്ലാവര്‍ക്കും ക്രിസ്തുമസും ഓണവും കല്യാണവും പോലെ മറ്റൊരു ആഘോഷം മാത്രം.
അയാള്‍ക്കു വല്ലായ്ക തോന്നി. സെബാസ്റ്റിയന്‍ പറഞ്ഞതായിരുന്നോ ശരി. ഏയ് ഒന്നുമില്ലേലും ഭാര്യയേയും മക്കളേയും കൊച്ചുമക്കളേയും എല്ലാം കണ്ടുകൊണ്ടു മരിക്കാമല്ലോ? അയാള്‍ സ്വയം ആശ്വസിച്ചു. വേഷംമാറിക്കൊണ്ടിരുന്നപ്പോഴാണ് പദ്മിനി കടന്നുവന്നത്. അവര്‍ അലമാരയില്‍നിന്ന് പെര്‍ഫ്യൂമെടുത്ത് അയാളുടെ ദേഹത്തടിച്ചു. 'വേഗം വാ.. താഴെ എല്ലാവരും അന്വേഷിക്കുന്നു'. അവള്‍ നടന്നു. വേണ്ടെന്ന് അവളാദ്യം പറഞ്ഞതാണ്. അന്നതു കേട്ടില്ല. ഇപ്പോള്‍ ആ വാക്കുകള്‍ ഒന്നുകൂടി കേള്‍ക്കാന്‍ വല്ലാത്ത മോഹം. ചില കാര്യങ്ങള്‍ അങ്ങിനെയാണ്. മനസ് അവയെ തീരെ അവഗണിക്കും. പിന്നീട് അതിനായി അതിയായി ആഗ്രഹിക്കുകയും ചെയ്യും. അപ്പോഴേക്കും ഇലത്തുമ്പില്‍നിന്നു നഷ്ടമായ  ജലകണം പോലെ അവ അപ്രാപ്യമായിത്തീരും.
വേഷംമാറി അയാള്‍ ചെല്ലുമ്പോള്‍ െൈവദ്യുത ബള്‍ബുകളാലും ബലൂണുകളാലും അലങ്കരിച്ച ലോണില്‍ മദ്യപാന സദസ് ആരംഭിച്ചിരുന്നു. അയാളെ കണ്ടതും പെട്ടന്നവിടം നിശബ്ദമായി. സുഹൃത്തുക്കളില്‍ പലര്‍ക്കും എന്തുപറയണമെന്നോ ചെയ്യണമെന്നോ അറിയാനാവാത്ത അവസ്ഥ. കോളനിയിലെ അഞ്ചാം നമ്പര്‍ വീട്ടിലെ ശ്രീനിവാസനാണു നിശബ്ദത തകര്‍ത്തത്. 'എന്നാലും ചന്ദ്രേട്ടന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു. മീഡിയാകളൊക്കെ സംഭവത്തിനു വന്‍ പ്രാധാന്യവാ നല്‍കിയിരിക്കുന്നത്. നിയമം വന്നശേഷമുള്ള ആദ്യ സംഭവമല്ലേ. ഡേറ്റ് ഫിക്‌സ് ചെയ്ത് കോടതിവിധി വന്നപ്പോള്‍ മുതല്‍ ടിവിലും പത്രത്തിലുമെല്ലാം ഇതേക്കുറിച്ചുള്ള വാര്‍ത്തയല്ലാരുന്നോ? ചുരുക്കം പറഞ്ഞാ ഏതു പത്രം തൊറന്നാലും ഏതു ചാനല്‍ വച്ചാലും ചന്ദ്രേട്ടന്റെ മുഖംതന്നെ. ഇനി ഞങ്ങളാരേലും ഒരു വിധി സമ്പാദിച്ചാല്‍തന്നെ അതിനിനി വല്ല പ്രാധാന്യോവൊണ്ടോ? ആ റെക്കോര്‍ഡ് അടിച്ചെടുത്തില്ലേ വിദ്വാന്‍'. ശ്രീനിവാസന്‍ ശബ്ദത്തില്‍ പരിഭവം കലര്‍ത്തി സന്ദര്‍ഭത്തിന് ഒട്ടും യോജിക്കാത്ത രീതിയില്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. അയാള്‍ മെല്ലെയൊന്നു ചിരിക്കുക മാത്രം ചെയ്തു.
'അതു മാത്രമാണോ? ഏതോ ചാനലുകാരുടെ ഇന്റര്‍വ്യൂവില്‍ പ്രത്യക്ഷപ്പെട്ടതോടെയല്ലേ കൊച്ചുമോള് മീനാക്ഷിക്ക് സിനിമയില്‍ അവസരം പോലും കിട്ടിയത്. ഇന്‍ഡസ്ട്രീലെ നമ്പര്‍ വണ്‍ സംവിധായകന്റെ പ്രൊജക്ടാ. അയാള്‍ കൊണ്ടുവന്ന ഒറ്റ നടിമാരുപോലും ഫെയിലായിട്ടില്ല'.
'ഏതു ക്ലാസിലാ കുട്ടി ഇപ്പോ?'
'പ്ലസ്ടുവിനാ. ആര്‍ക്കും ഇഷ്ടമുണ്ടായിട്ടല്ല. പിന്നെ അത്രേം വലിയ സംവിധായകനൊക്കെ നേരിട്ടു വന്നു പറഞ്ഞപ്പോ? പിന്നെ അവള്‍ക്കും താല്‍പര്യമാ..പഠിത്തം ഉഴപ്പരുതെന്ന ഒറ്റ കണ്ടീഷനിലാ ഹരിയേട്ടന്‍ വിട്ടത്'. ഉമയുടെ അഭിമാനം കലര്‍ന്ന പൊങ്ങച്ചം.
'എന്നിട്ടെവിടെ താരം വല്യ സിനിമാ നടിയൊക്കെയായാപ്പിന്നെ ഞങ്ങള്‍ക്കിത്ര സ്വാതന്ത്ര്യത്തോടെ പെരുമാറാന്‍ പറ്റുമോ. അവളെയൊന്നു വിളിച്ചേ'      
'അയ്യോ! അവള് ട്രിവാന്‍ട്രത്തിനു പോയേക്കുവാ. സിനിമേടെ പൂജയാ ഇന്ന്. ഹരിയേട്ടനും ഉണ്ട്'. ഉമ പറഞ്ഞു.
'നാളെ ഉണ്ടാവില്ലേ?'
'വരുംവരും. അവരു രാത്രീല്‍തന്നെ തിരിക്കും. അല്ലേലും നാളെ പന്ത്രണ്ടു കഴിഞ്ഞല്ലേ മുഹൂര്‍ത്തം'. പദ്മിനിയും വാചാലയായി. സംസാരമങ്ങനെ നീണ്ടുപോയി. ആളുകള്‍ക്കും ആഘോഷത്തിനും ഇടയില്‍നില്‍ക്കുമ്പോഴും നേരം പുലരുന്നതിനേക്കുറിച്ചോര്‍ത്ത് അയാളുടെ നെഞ്ച് പുകഞ്ഞുകൊണ്ടിരുന്നു.
രാത്രിയേറെ വൈകി എല്ലാവരും പിരിയാനൊരുങ്ങുമ്പോഴായിരുന്നു അകത്തെ മുറിയില്‍നിന്നും ഉമയുടെ നിലവിളി കേട്ടത്. ഓടിച്ചെല്ലുമ്പോള്‍ റിസീവറും കൈയില്‍പിടിച്ച് കരഞ്ഞുകൊണ്ടു നില്‍ക്കുകയാണവള്‍. 'ഹരിയേട്ടനും മോളും വന്ന കാര്‍ ആക്‌സിഡന്റില്‍പ്പെട്ടച്ഛാ, രണ്ടുപേരും തിരുവനന്തപുരം മെഡിക്കല്‍കോളജിലാന്ന്. മോടെ കേസിത്തിരി കോപ്ലിക്കേറ്റടാന്നാ പറേന്നെ'- ഉമ പറഞ്ഞുകഴിഞ്ഞതും വീടൊരു കൂട്ടനിലവിളിയിലമര്‍ന്നു. ഉമയേയും കൂട്ടി ഉദയ് വേഗം പോകാനിറങ്ങി. പദ്മിനിയും അവര്‍ക്കൊപ്പം പോകണമെന്നു വാശിപിടിച്ചു. അയാള്‍ക്കും പോകണമെന്നുണ്ടായിരുന്നു. പക്ഷേ, ആരും അയാളോടു ചോദിച്ചില്ല.
കൂട്ടംകൂടിനിന്ന് അല്‍പനേരം സംസാരിച്ചശേഷം  ഓരോരുത്തരായി യാത്രപറയാന്‍ തുടങ്ങി.'ഈ സിറ്റ്വേഷനില്‍ നാളത്തെ ചടങ്ങ് എങ്ങനെയാ? ഉണ്ടാകുമോ?' ആരോ ചോദിച്ചപ്പോഴാണ് അയാളും അതേക്കുറിച്ചോര്‍ത്തത്. അടുത്തുനിന്നിരുന്ന ശ്രീനിവാസന്റെ കരംകവര്‍ന്ന് അയാള്‍ ചോദിച്ചു 'ശ്രീനീ, ചടങ്ങൊന്നു മാറ്റിവയ്ക്കാന്‍ വല്ല മാര്‍ഗവുമൊണ്ടോ? എന്റെ കുട്ടികളും പദ്മിനീം ഒന്നും അടുത്തില്ലാതെ ഞാനെങ്ങനാടോ...? എനിക്കിപ്പം മരിക്കണ്ട. എന്റെ കുഞ്ഞിനെയൊന്നു കണ്ടാ മതി..' അയാള്‍ കൊച്ചുകുട്ടികളെപ്പോലെ വിങ്ങിപ്പൊട്ടി. 'വിഷമിക്കാതെടോ? ഞങ്ങളൊക്കെ തന്റെ അടുത്തില്ലേ? പേടിക്കയൊന്നും വേണ്ട... മക്കള്‍ടേം ഭാര്യേടേം സാഹചര്യം നമ്മള്‍ മനസിലാക്കേണ്ടേ? താന്‍ പോയൊന്നു കിടക്ക്. എന്നിട്ട് മനസൊന്നു ശാന്തമാക്ക്' ശ്രീനിവാസന്റെ ആശ്വാസവാക്കുകള്‍. 'വേണ്ട. ഞാനിത്തിരി നേരം ഇവിടൊന്നിരിക്കട്ടെ..താന്‍ പൊയ്‌ക്കോ..' അയാള്‍ കസേരയിലേക്കു ചാഞ്ഞു. ശ്രീനിവാസന്റെ കാലടി ശബ്ദം അകന്നുപോകുന്നതും ഗേറ്റ് തുറന്നടയുന്നതും അയാളറിഞ്ഞു.
അയാള്‍ക്കു മേല്‍ കാറ്റുവീശി...നിലാവു പെയ്തു...മഞ്ഞു വീണു...അയാള്‍ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. അയാളെ  വിയര്‍ത്തു. വിയര്‍പ്പുതുള്ളികള്‍ മുഖത്തും കഴുത്തിലും ചാലുകള്‍ കീറി...'വയ്യ, എന്നേക്കൊണ്ടു വയ്യ..' അയാള്‍ കസേരയില്‍നിന്നും എഴുന്നേറ്റു. ഗേറ്റ് തുറന്നു പുറത്തിറങ്ങി..ഒരു നിമിഷം വീടിനേ നോക്കിനിന്നശേഷം നിലാവു വീണുകിടക്കുന്ന പാതയിലൂടെ അയാള്‍ മുന്നോട്ടു നടന്നു....

മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍ ഇവിടെ ഉറങ്ങുന്നു

മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഇരുണ്ടസെല്ലുകള്‍ക്കുള്ളില്‍ കണ്ട എല്ലുന്തിയ രൂപം നല്ല പരിചയമുള്ളതു പോലെ. ഒരുപാടു സമയം വേണ്ടി വന്നു എനിക്കാളെ മനസിലാക്കിയെടുക്കാന്‍. അതു മെറ്റില്‍ഡ വി. സെബാസ്റ്റിയനായിരുന്നു- ആണ്‍കുട്ടികളെപ്പോലെ സംസാരിക്കുകയും പെരുമാറുകയും വസ്ത്രം ധരിക്കുകയും ചെയ്ത മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
സ്‌കൂളിലും പിന്നീടു കോളേജിലും എന്റെ സഹപാഠിയായിരുന്ന മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അരക്കെട്ടിനെ മറച്ചു കിടന്നിരുന്ന കറുത്തിരുണ്ട മുടി പെട്ടെന്നൊരു ദിവസം ആണ്‍കുട്ടികളുടേതുപോലെ വെട്ടി, എല്ലാവരെയും ഞെട്ടിച്ച മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
രണ്ടായിരത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന വിമന്‍സ് കോളജില്‍, അവരുടെയെല്ലാം ആരാധനാപാത്രമായി, ആണ്‍കുട്ടിയുടെ രൂപഭാവങ്ങളോടെ വിലസിയ വോളിബോള്‍ താരം മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
കോളജില്‍ ആദ്യമായി ബൈക്കില്‍ വന്ന മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
കോളജ് ഡേയ്ക്ക് കൂവുകയും ഗാനമേളക്കാര്‍ക്കൊപ്പം സ്‌റ്റേജില്‍ കയറി നൃത്തം വെയ്ക്കുകയും ചെയ്തതിന് സിസ്റ്റര്‍ പ്രിന്‍സിപ്പലിന്റെ കയ്യില്‍ നിന്നും സസ്‌പെന്‍ഷന്‍ വാങ്ങിയ മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
തന്നേക്കാള്‍ 20 വയസ് കൂടുതലുള്ള ഓട്ടോഡ്രൈവര്‍ ശ്രീധരന്റെ പ്രണയലേഖനങ്ങള്‍ നോട്ടുബുക്കില്‍ നിന്നും കയ്യോടെ സിസ്റ്റര്‍ പിടികൂടിയപ്പോള്‍ ''ഞങ്ങള്‍ പ്രണയിക്കുകയല്ല, കാമിക്കുകയാണെന്നു'' പറഞ്ഞു ക്ലാസില്‍ നിന്നിറങ്ങിപ്പോയ മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
ഹോസ്റ്റലില്‍ എന്റെ റൂംമേറ്റായിരുന്ന, വാര്‍ഡനറിയാതെ സ്‌കോച്ച് വാങ്ങിക്കഴിച്ചു പൂരപ്പാട്ടു പാടിയിരുന്ന മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ട്രിപ്പ് പോകാനും അവരോടൊപ്പം റൂമെടുത്തു താമസിക്കാനും ധൈര്യം കാട്ടിയ മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
അവസാനം, ഡിഗ്രി ഫൈനലിയറിനു പഠിക്കുമ്പോള്‍ ഒരുദിവസം, ആരോടും പറയാതെ പഠനമവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിപ്പോയ മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
ആ ദിവസം ഞാനിപ്പോഴുമോര്‍ക്കുന്നു.
ക്ലാസുകള്‍ തീരാന്‍ വളരെക്കുറച്ചു ദിവസങ്ങള്‍ മാത്രമവശേഷിക്കേ, ഡിസംബര്‍ മാസത്തിലെ ഒരു തണുത്ത പ്രഭാതത്തില്‍ കമ്പിളിപ്പുതപ്പിനടിയില്‍ സുഖസുഷുപ്തിയിലാണ്ടു കിടന്ന എന്നെ വിളിച്ച് മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍ പറഞ്ഞു, ''ആനീ, ഞാന്‍ വീട്ടില്‍ പോണു''.
ഉറക്കച്ചടവില്‍ അവിശ്വസനീയതയോടെ കണ്ണുതിരുമ്മി നോക്കുമ്പോള്‍ പോകാനൊരുങ്ങി ബാഗുമായി നില്‍ക്കുകയാണ് മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍.
''എന്താ വിശേഷിച്ച്?'' എന്റെ ചോദ്യത്തിനു മറുപടി പറയാതെ റൂമിന്റെ താക്കോല്‍ കയ്യില്‍വച്ചു തന്നുകൊണ്ടു പറഞ്ഞു, ''വച്ചോ. വാര്‍ഡനോടു പറഞ്ഞാല്‍ മതി ഞാന്‍ പോയെന്ന്''.
ഹോസ്റ്റലിനു മുന്നിലെ ടാറിട്ട പാതയോരത്ത് നേരിയ മഞ്ഞില്‍ പൂത്തുനില്‍ക്കുന്ന മഞ്ഞയും റോസും നിറങ്ങളിലുള്ള ബൊഗെയ്ന്‍ വില്ലയ്ക്കരികിലൂടെ നടന്നു നീങ്ങുന്ന മെറ്റില്‍ഡ വി. സെബാസ്റ്റിയനെ രണ്ടാം നിലയുടെ ജനാലയ്ക്കരികില്‍ ഞാന്‍ നോക്കി നിന്നു.
മുത്തുപൊഴിയുന്ന ലാഘവത്തോടെ ദിവസങ്ങള്‍ കടന്നുപോയി. മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍ മടങ്ങിവന്നില്ല. പറയാതെ പോയതില്‍ വാര്‍ഡന്‍ നല്ല ദേഷ്യത്തിലായിരുന്നു. മെറ്റില്‍ഡ വി. സെബാസ്റ്റിയന്റെ റൂംമേറ്റുകളായിരുന്ന എനിക്കും ഗായത്രിക്കും കണക്കറ്റു ശകാരം കിട്ടി. ഹോസ്റ്റലില്‍ ഏറെക്കുറെ ഞങ്ങളൊറ്റപ്പെട്ടു. വാര്‍ഡന്റെ ചീത്തവിളി ഭയന്ന് ഞാന്‍ ആന്റിയുടെ വീട്ടില്‍ നിന്നും ഗായത്രി സ്വന്തം വീട്ടില്‍ നിന്നും പോയിവരാന്‍ തുടങ്ങി.
ഒരുദിവസം ഹോസ്റ്റലിലെ പാചകക്കാരനെ വഴിയില്‍ വച്ചു കണ്ടപ്പോള്‍ പറഞ്ഞു, മെറ്റില്‍ഡ വി. സെബാസ്റ്റിയന്റെ സാധനങ്ങളും ബൈക്കും നാട്ടില്‍ നിന്നും ആരോ വന്നു കൊണ്ടുപോയി എന്ന്. പക്ഷേ, എന്താണു സംഭവിച്ചതെന്നു  മാത്രം അയാള്‍ക്കും അറിയില്ല.
ക്ലാസ് തീര്‍ന്നു, സ്റ്റഡി ലീവായി, പരീക്ഷയായി, പഠനത്തിന്റെ തിരക്കായി. മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍ സ്വാഭാവികമായും മറവിയിലാണ്ടു. പരീക്ഷ കഴിഞ്ഞതോടെ എല്ലാവരും സ്വന്തം കൂടുതേടി പറന്നുപോയി.
അതിനുശേഷം, മുടി ബോബ് ചെയ്ത പെണ്‍കുട്ടികളെ കാണുമ്പോള്‍ കൗതുകത്തോടെ നോക്കുകയും മെറ്റില്‍ഡാ വി. സെബാസ്റ്റിയനെ ഓര്‍ക്കുകയും ചെയ്യുമായിരുന്നു.
പക്ഷേ, ഇന്ന്, മലവും മൂത്രവും നാറുന്ന സെല്ലിന്റെ തുരുമ്പിച്ച അഴികള്‍ക്കു പിന്നില്‍ ആ മുഖം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
തലമുടി പറ്റേ വെട്ടി മെല്ലിച്ച ശരീരത്തിനിണങ്ങാത്ത അയഞ്ഞു തൂങ്ങിയ പച്ചനിറമുള്ള ഒരു ചുരിദാറിന്റെ ടോപ്പു മാത്രം ധരിച്ച ആ രൂപം മനസില്‍ നിന്നു മായുന്നേയില്ല.
ചുണ്ടുകൂര്‍പ്പിച്ചുള്ള മനോഹരമായ ചിരിക്കു പകരം പുറത്തുവന്ന വൃത്തികെട്ട, അവ്യക്തമായ ശബ്ദമാണ് കാതില്‍ നിറയെ. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മെറ്റില്‍ഡ വി. സെബാസ്റ്റിയനായിരുന്നു മനസില്‍.
ഇളംമഞ്ഞ വെയിലിന്റെ പുതപ്പണിഞ്ഞ വൈകുന്നേരം. അക്വേറിയത്തിനോടു ചേര്‍ന്ന് രണ്ടാംനിലയുടെ കൈവരിയില്‍ ഇരിക്കുകയാണ് മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍. ചുറ്റിനും ഞങ്ങളെല്ലാവരും ഉണ്ട്- ഞാന്‍, ഗായത്രി, മീര, സുറുമി, അനുപ- അക്വേറിയത്തിനുള്ളില്‍ നീന്തുന്ന ഇളംറോസ് നിറവും ചുവന്ന കണ്ണുകളുമുള്ള മീനില്‍ ഒന്നിന്റെ ചുണ്ട് തടിച്ചു  താഴേക്കു മലര്‍ന്നിരിക്കുന്നു. '' നോക്ക്, വാര്‍ഡന്‍ സാറാമ്മയുടേതു പോലുണ്ട്''. പറഞ്ഞിട്ട് മെറ്റില്‍ഡ വി. സെബാസ്റ്റിയന്‍ പൊട്ടിച്ചിരിച്ചു. കൂടെ ഞങ്ങളും. എല്ലാവരും ചിരിക്കുകയാണ്. പെട്ടെന്ന്, മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍ കാല്‍ തെറ്റി പിന്നിലേക്കു മറിഞ്ഞു. കൂട്ടത്തില്‍ പിടിക്കാനായാഞ്ഞ ഞാനും.
ഉറക്കെ നിലവിളിച്ചുകൊണ്ടു ഞാന്‍ ചാടി എഴുന്നേറ്റു. സ്വപ്നമായിരുന്നു. വൃത്തികെട്ട സ്വപ്നം. പിന്നീടെനിക്ക് ഉറങ്ങാനായില്ല.
രാവിലെ ആശ്വാസഭവനിലേക്കു വണ്ടി കയറുമ്പോള്‍ മെറ്റില്‍ഡാ വി. സെബാസ്റ്റിയനായിരുന്നു മനസു നിറയെ. ആശ്വാസഭവന്‍ ഡയറക്ടര്‍ ജോയ് തോമസിനെ നേരത്തെ പരിചയമുണ്ട്. ജോയിയുടെ വാക്കുകള്‍ കോറിയിട്ടത് ഞങ്ങള്‍ക്കാര്‍ക്കും അറിയാത്ത മെറ്റില്‍ഡാ വി. സെബാസ്റ്റിയന്റെ ചിത്രമായിരുന്നു. രണ്ടുവര്‍ഷം സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചിട്ടും ഒരുമിച്ചു താമസിച്ചിട്ടും എനിക്കു മനസിലാക്കാനാവാതെ പോയ ഒരു മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
പട്ടാളക്കാരനായിരുന്ന അപ്പന്‍ സെബാസ്റ്റിയന്‍ ജോണിനോടുള്ള വാശിയില്‍ ജീവിതം ജീവിച്ചു തീര്‍ത്ത മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
അപ്പനോടു വാശിതീര്‍ക്കാന്‍, എന്നും സ്‌കൂളില്‍ കൊണ്ടുചെന്നാക്കിയിരുന്ന ഓട്ടോയുടെ ഡ്രൈവര്‍ ശ്രീധരനെ പ്രണയിക്കുകയും ചുംബിക്കുകയും ചെയ്ത മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
അപ്പനോടുള്ള വാശി തീര്‍ക്കാന്‍ നിതംബം കവിഞ്ഞു കിടന്നിരുന്ന മുടി ഒരുദിവസം പെട്ടെന്ന് ആണ്‍കുട്ടികളുടേതുപോലെ മുറിച്ച മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
അപ്പനെ തോല്‍പ്പിക്കാന്‍ മദ്യപിച്ചു പൂരപ്പാട്ടുകള്‍ പാടിയ മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
അമ്മ മരിച്ചതിനു ശേഷമുള്ള ഒരു രാത്രിയില്‍ ചേച്ചിയുടെ നിലവിളി അപ്പന്റെ കിതപ്പില്‍ ഒതുങ്ങുന്നതു കേട്ടു ഞെട്ടി ഉറങ്ങാതിരുന്ന്, രാവിലെ ചേച്ചിയുടെ കരണത്തടിച്ച് വീട്ടില്‍നിന്നും മിണ്ടാതെയിറങ്ങിപ്പോയ മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
പോസ്റ്റുമോര്‍ട്ടം ടേബിളില്‍ കീറിമുറിക്കപ്പെട്ട ചേച്ചിയുടെ മൃതദേഹത്തിനരികേ വിങ്ങിപ്പൊട്ടി നിന്ന അപ്പന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പി ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോന്ന മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
അപ്പന്റെ രണ്ടാം വിവാഹത്തിന്റെയന്നു കുടിച്ചു ലക്കുകെട്ട് പള്ളിയില്‍ ചെന്നു ബഹളമുണ്ടാക്കിയ മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
രണ്ടാനമ്മ പെറ്റതും പെണ്ണെന്നറിഞ്ഞ് അവളെയോര്‍ത്ത് മുറിയടച്ചിട്ടു കരഞ്ഞ മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
ജീവിന്റെ ജീവനായിരുന്ന അനിയത്തിക്കുട്ടിയെ സ്‌കൂളില്‍ കൊണ്ടാക്കിയിരുന്ന ഓട്ടോയുടെ ഡ്രൈവര്‍ ശ്രീധരന്‍ പീഡിപ്പിച്ചു കൊന്ന വിവരമറിഞ്ഞ് ഹോസ്റ്റലില്‍ നിന്നാരോടും പറയാതെ വീട്ടിലേക്കുപോയ മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
ചേച്ചിയേപ്പോലെ നിലവിളികള്‍ അപ്പന്റെ കിതപ്പിലൊതുങ്ങാന്‍ ആഗ്രഹിക്കാത്തതിനാല്‍ അപ്പനെ ചുറ്റികയ്ക്കടിച്ചുകൊന്ന് ഒരു ദിവസം മുഴുവന്‍ ജഡത്തിനു കാവലിരുന്ന മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
അവസാനം, കോടതി നിര്‍ദേശത്താല്‍ എത്തിപ്പെട്ട ഭ്രാന്താശുപത്രിയുടെ ഇരുണ്ടമുറിയില്‍ നിന്നും ജോയ് തോമസ് കണ്ടെടുത്ത് ആശ്വാസഭവനിലെത്തിച്ച മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍.
ഞാന്‍ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. ഒരു ദിവസം പെട്ടെന്നു യാത്ര പറഞ്ഞുപോയ സുഹൃത്തിനേക്കുറിച്ചു പിന്നീട് യാതൊന്നും അന്വേഷിക്കാതിരുന്നതില്‍ എനിക്കു കുറ്റബോധം തോന്നി.
സെല്ലിനരികിലേക്കു ചെല്ലുമ്പോള്‍ വെറും നിലത്തു ചുരുണ്ടുകൂടിക്കിടന്നുറങ്ങുകയായിരുന്നു മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍. ഡെറ്റോളിന്റെ ഗന്ധം നിറഞ്ഞ ആ അന്തരീക്ഷത്തില്‍ നിന്നും ഒന്നും പറയാതെ ഞാന്‍ ഇറങ്ങിപ്പോന്നു.
ഭര്‍ത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടു പെട്ടെന്നു ബാംഗ്ലൂരിലേക്കു പോകേണ്ടി വന്നതിനാല്‍ പിന്നീടു മെറ്റില്‍ഡാ വി. സെബാസ്റ്റിയനെ കാണാന്‍ പോകണമെന്നു കരുതിയിരുന്നെങ്കിലും സാധിച്ചില്ല. വിളിക്കാനാണെങ്കില്‍, ആശ്വാസഭവനിലെ നമ്പര്‍ വാങ്ങാന്‍ മറന്നും പോയിരുന്നു. നാലുമാസത്തോളം കഴിഞ്ഞാണു ഞാന്‍ നാട്ടിലെത്തിയത്.
ഗുളികയുടെ ആലസ്യത്തില്‍ ടോമിച്ചന്‍ മയങ്ങുന്ന ഒരു ഞായറാഴ്ച ടോമിച്ചനില്‍ നിന്നും നേരത്തേ വാങ്ങിയ അനുമതിയുടെ പിന്‍ബലത്തില്‍ ഞാന്‍ ആശ്വാസഭവനിലെത്തി.
ജോയ് തോമസ് പരിചയത്തോടെ പുഞ്ചിരിച്ചു. സ്‌നേഹപൂര്‍വം നല്‍കിയ ചായ കുടിച്ചു കൊണ്ടിരിക്കുമ്പാഴാണ് മലവും മൂത്രവും ഡെറ്റോളും കൂടിക്കലര്‍ന്നുണ്ടായ വൃത്തികെട്ട ഗന്ധവും ശുഷ്‌കിച്ച ശരീരവും അയഞ്ഞു തൂങ്ങിയ പച്ചനിറമുള്ള ചുരിദാറിന്റെ ടോപ്പും ഉപേക്ഷിച്ച് മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍ മടങ്ങിപ്പോയ വാര്‍ത്ത ജോയ് തോമസ് എന്നോടു പറയുന്നത്. രാവിലെ സെല്‍ തുടയ്ക്കാന്‍ ഡെറ്റോളുമായി ചെന്ന നഴ്‌സാണ് പ്ലാസ്റ്റിക് വള്ളിയില്‍ കുരുങ്ങി കണ്ണുതുറിച്ച്, നാവുകടിച്ചു നില്‍ക്കുന്ന മെറ്റില്‍ഡാ വി. സെബാസ്റ്റിയനെ കണ്ടത്. ആത്മഹത്യ ചെയ്യുന്നതിനും രണ്ടാഴ്ച മുമ്പു മുതല്‍ മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍ സാധാരണ നിലയിലേക്കു മടങ്ങിവരാന്‍ തുടങ്ങിയിരുന്നുവെന്നു ജോയ് തോമസ് പറഞ്ഞു.
സെമിത്തേരിയില്‍ മെറ്റില്‍ഡാ വി. സെബാസ്റ്റിയനെ അടക്കിയതിനരികില്‍ നിറയെ മഞ്ഞനിറമുള്ള കമ്മല്‍ചെടികള്‍ പൂത്തു നിന്നിരുന്നു.ശവക്കല്ലറയുടെ കറുത്തമാര്‍ബിളില്‍,
'ഞാന്‍ ഉറങ്ങുകയാണ്, ശല്യപ്പെടുത്തരുത്'
മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍
ജനനം: 22-04-1977
മരണം: 12-03-2008
എന്നു കുറിച്ചിരുന്നു.
പാവം, ഉറങ്ങട്ടെ...
ജീവിതത്തില്‍ സമാധാനത്തോടെ ഒരിക്കല്‍പോലും കണ്ണടച്ചിട്ടില്ലാത്ത എന്റെ മെറ്റില്‍ഡാ വി. സെബാസ്റ്റിയന്‍ സമാധാനത്തോടെ നിത്യതയില്‍ ഉറങ്ങട്ടെ, ദയവായി ശല്യപ്പെടുത്തരുത്.


മരണവും കഴിഞ്ഞ്

മീരയ്ക്ക് ചന്ദ്രഭാനുവിനെ ജീവനായിരുന്നു. ചന്ദ്രഭാനുവിനു തിരിച്ചും. എന്നിട്ടും, ഡിസംബര്‍ മാസത്തിലെ ഒരു തണുത്ത പ്രഭാതത്തില്‍ ചന്ദ്രനെ ഓഫീസിലേയ്ക്കു പറഞ്ഞയച്ച്, മാളുവിനെ കുളിപ്പിച്ച് അമ്മയുടെ ഒപ്പമാക്കി, മീര ആത്മഹത്യ ചെയ്തു. എന്താണു കാരണമെന്നാര്‍ക്കും അറിയില്ല. അറിഞ്ഞു കേട്ടു വന്നവര്‍ തൊഴുത്തിന്റെ പിന്നിലും കിണറ്റിന്‍ കരയിലും പിന്‍വശത്തെ ചാമ്പയുടെ ചുവട്ടിലും അടുക്കളയിലും മുക്കിലും മൂലയിലുംനിന്നു പിറുപിറുക്കുകയാണ്. അവര്‍ക്കിടയിലൂടെ മീരയുടെ രണ്ടര വയസുകാരി മകള്‍ മാളുവെന്നു വിളിക്കുന്ന അദിത ഓടി നടന്നു. കുഞ്ഞിനെ നോക്കി സഹതാപത്തോടെ പലചരക്കു കടക്കാരന്റെ ഭാര്യ മൂക്കില്‍ വിരല്‍ വച്ചു പറഞ്ഞു,'' എന്നാലും അവള്‍ക്കിതു ചെയ്യാന്‍ തോന്നിയല്ലോ?''അടുത്തു നിന്ന പെണ്ണുങ്ങള്‍ അടക്കിപ്പിടിച്ച ശബ്ദത്തില്‍ മീരയെ കുറ്റപ്പെടുത്തി.
മീരയുടെ പെട്ടെന്നുണ്ടായ അഭാവം താങ്ങാനാകാതെ എന്താണു സംഭവിച്ചതെന്നു പോലും മനസിലാകാതെ തലയ്ക്കു കയ്യും കൊടുത്ത് മുറിയില്‍ വെറുംനിലത്തു കുത്തിയിരിക്കുകയായിരുന്നു ചന്ദ്രഭാനു അപ്പോള്‍. ആ മുറിയിലെങ്ങും മീരയുടെ ഗന്ധം തങ്ങി നില്‍പ്പുണ്ട്. പശമുക്കി ഉണക്കിയ കോട്ടണ്‍ സാരികള്‍ ഭംഗിയായി മേശപ്പുറത്തു മടക്കി വച്ചിരിക്കുന്നു. തലയ്ക്കു മുകളില്‍ ചലനമറ്റു കിടക്കുന്ന ചന്ദന നിറമുള്ള ഫാനില്‍ മീര തൂങ്ങിക്കിടന്നു പിടഞ്ഞ സൂര്യകാന്തിപ്പൂക്കള്‍ തുന്നിയ സാരിയുടെ തിരുശേഷിപ്പുകള്‍ ഇളം കാറ്റില്‍ ചലിച്ചത് ചന്ദ്രഭാനുവിനെ ഭയപ്പെടുത്തി. കഴിഞ്ഞ വിഷുവിന് അയാള്‍ മീരയ്ക്കു വാങ്ങിക്കൊടുത്തതായിരുന്നു മഞ്ഞനിറമുള്ള ആ സാരി. അതു കൈയില്‍ വാങ്ങുമ്പോള്‍ അവളുടെ മുഖത്തെ ഭാവമെന്തായിരുന്നെന്ന് ഊഹിക്കാന്‍ ശ്രമിച്ചയാള്‍ പരാജയപ്പെട്ടു.
മറ്റൊരാളുടെ മനസു വായിക്കാനുള്ള കഴിവ് തനിക്കുണ്ടായിരുന്നെങ്കില്‍!! എങ്കിലൊരു പക്ഷേ, രാവിലെ തന്നെ ഓഫീസിലേക്കു യാത്രയാക്കുമ്പോള്‍ അവളുടെ മനസില്‍ എന്താണെന്നറിയാമായിരുന്നു. ഇപ്പോഴവള്‍ കൂടെയുണ്ടാകുമായിരുന്നു. ''എന്തിനാണെന്റെ മീരേ നീയിതു ചെയ്തത്..'' ചന്ദ്രഭാനുവിന്റെ നെഞ്ചില്‍ ഒരു നൊമ്പരം വിങ്ങി.
ഒരു കാര്യത്തിനും മീരയ്ക്കു നിര്‍ബന്ധമില്ലായിരുന്നു. കല്യാണം കഴിഞ്ഞു നാലു വര്‍ഷമായി. ഇതുവരെയും സ്വന്തം ആവശ്യങ്ങള്‍ പറഞ്ഞു മീര അലട്ടിയിട്ടില്ല. ഗര്‍ഭിണിയായിരുന്ന സമയത്തു പോലും എന്തിനോടെങ്കിലും ആഗ്രഹമോ ഇഷ്ടമോ ഉണ്ടായിരുന്നില്ല. പാത്രത്തില്‍ പകര്‍ന്നു വച്ച തെളിനീരു പോലെയായിരുന്നു മീര. പാത്രത്തിന്റെ ഘടനയനുസരിച്ചു ഇഷ്ടമുള്ള രൂപത്തിലേക്കു മാറ്റാം. അതേപോലെ അയാളുടെ ഇഷ്ടവും താല്‍പര്യവും അനുസരിച്ച് അവള്‍ മാറിക്കൊണ്ടേയിരുന്നു. ചന്ദ്രഭാനു എന്തുവാങ്ങി നല്‍കുന്നോ അതുപയോഗിക്കും, ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല.
അവള്‍ക്കിഷ്ടപ്പെട്ട നിറമെന്താണെന്നു പോലും ചന്ദ്രഭാനുവിനറിയില്ല. യാത്രപോകുമ്പോള്‍ അയാള്‍ പറയുന്ന സാരി ഉടുക്കും. അയാള്‍ പൗഡറിടാന്‍ പറഞ്ഞാല്‍ ഇടും. പൊട്ടു തൊടാന്‍ പറഞ്ഞാല്‍ തൊടും, അത്രതന്നെ!!
സുഹൃത്തുക്കളില്‍ പലരുടെയും ജീവിതം കാണുമ്പോള്‍ അയാള്‍ മീരയെക്കുറിച്ചോര്‍ത്ത് രഹസ്യമായി അഭിമാനിക്കുമായിരുന്നു. മുഖം മുഷിഞ്ഞ് ഇന്നേവരെ അവളോടു സംസാരിക്കേണ്ടി വന്നിട്ടില്ല. അവളുടെ ശബ്ദം ആ വീട്ടില്‍ ഒന്നുയര്‍ന്നു കേട്ടിട്ടിട്ടു പോലുമില്ല. മീരയുടെ ശബ്ദമൊന്നുയരുന്നത് കുഞ്ഞിനെ ഉറക്കാനായി അവള്‍ പാടുമ്പോള്‍ മാത്രമാണ്. വളരെ നേര്‍ത്ത ശബ്ദത്തിലാവും ആ പാട്ട്, പൂക്കളില്‍ മഴ പെയ്യും പോലെ. 'നിശബ്ദയായ ഭാര്യ' എന്നു പറഞ്ഞാണ് അയാള്‍ സുഹൃദ് സദസുകളില്‍ മീരയെ പരിചയപ്പെടുത്തുക. പരിചയപ്പെട്ടവര്‍ക്കാര്‍ക്കും പെട്ടെന്നു മറക്കാന്‍ പറ്റാത്ത മുഖമായിരുന്നു മീരയുടേത്. ചന്ദ്രഭാനുവിന്റെ ഭാര്യാസങ്കല്‍പം എന്തായിരുന്നോ അതു തന്നെയായിരുന്നു മീര.
പുറത്തു നിന്നു നോക്കുന്ന ആര്‍ക്കും അതൊരു സന്തുഷ്ട കുടുംബമായിരുന്നു. പക്ഷേ, എപ്പോഴൊക്കെയോ ഒരു വിഷാദഭാവം അവളുടെ മുഖത്ത് ഉറഞ്ഞു കൂടുന്നതായി ചന്ദ്രഭാനുവിനു തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെയും എന്തെങ്കിലും പറഞ്ഞും വാങ്ങി നല്‍കിയും അവളെ സന്തോഷിപ്പിക്കാന്‍ അയാള്‍ ശ്രമിക്കും. കാരണം, മീരയുടെ മുഖമൊന്നു വാടുന്നത്, മിഴിയൊന്നു നിറയുന്നത് ചന്ദ്രന് സഹിക്കാനാകുമായിരുന്നില്ല. ആ മീരയാണ്, ചന്ദ്രഭാനു ഇത്രയേറെ സ്‌നേഹിച്ചിരുന്നിട്ടും.............

          **********           **********          **********

ഇതേസമയം, വീടിന്റെ പരിസരത്ത് വെറുതെ ചുറ്റിക്കറങ്ങുകയായിരുന്നു മീരയുടെ ആത്മാവ്. തൊഴുത്തിന്റെ പിന്നിലും കിണറ്റിന്‍ കരയിലും പിന്‍വശത്തെ ചാമ്പയുടെ ചുവട്ടിലും അടുക്കളയിലും മുക്കിലും മൂലയിലും വെറുതെ ചുറ്റി നടക്കുന്നതിനിടയില്‍ അവള്‍ക്കു മുന്നിലൂടെ ഒരു ഐസ്‌ക്രീം ബൗളും തട്ടി അദിത കടന്നു പോയി. കുഞ്ഞിന്റെ നിക്കറിനുള്ളിലേക്കു കയറിയിരുന്ന ഉടുപ്പ് വലിച്ചിട്ടു കൊടുക്കണമെന്നുണ്ടായിരുന്നെങ്കിലും മീര അനങ്ങിയില്ല. താന്‍ ആ കുഞ്ഞിനെ സ്‌നേഹിച്ചിരുന്നില്ലേ എന്നു മീര സംശയിച്ചു. അതോ ഒരു കുഞ്ഞിനെ കാണുമ്പോള്‍ ഏതൊരാളുടെയും മനസിലുണ്ടാകുന്ന ഒരു കൗതുകവും വാല്‍സല്യവും മാത്രമേ തന്റെ മനസിലും ഉണ്ടായിരുന്നുള്ളോ? അവള്‍ ആലോചിച്ചു. അതല്ലെന്നുറപ്പാണ്, അതിലുപരി എന്തോ ഒന്നുണ്ടായിരുന്നു. പക്ഷേ, അതിനു തന്നെ മരണത്തില്‍നിന്നു പിന്തിരിപ്പിക്കാനുള്ള ശക്തിയില്ലായിരുന്നുവെന്നു മാത്രം.
അവള്‍ മെല്ലെ ചന്ദ്രഭാനു ഇരിക്കുന്ന മുറിയിലേക്കു കടന്നു ചെന്നു. തലയ്ക്കു കൈകൊടുത്ത് ഒരേ ഇരിപ്പിരിക്കുകയാണ് അയാള്‍. ചുരുണ്ട മുടി പാറിപ്പറന്ന് നെറ്റിയിലേക്കു വീണു കിടക്കുന്നു. ബീഡിക്കറ പിടിച്ച ചുണ്ടുകള്‍. അവളുടെ മനസിലേക്ക് പഴയ അതേ വെറുപ്പ് ഉരുണ്ടു കൂടി വന്നു. ഒരുതരം സഹതാപം കലര്‍ന്ന വെറുപ്പ്! അയാളുടെ വിണ്ടുകീറിയ കാല്‍പാദങ്ങളേയും കുഴിനഖം പിടിച്ച വിരലുകളേയും മീര വെറുത്തിരുന്നു. പല രാത്രികളിലും ചന്ദ്രഭാനുവിന്റെ പരുപരുത്ത വിരലുകളുടെ തലോടലേറ്റു കിടക്കുമ്പോള്‍, ബീഡിയുടെ ഗന്ധമുള്ള ശ്വാസം മുഖത്തു തട്ടുമ്പോള്‍ കിടക്കയില്‍നിന്നും എഴുന്നേറ്റ് എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍ അവള്‍ക്കു തോന്നിയിട്ടുണ്ട്. പക്ഷേ, എങ്ങോട്ടു പോകാന്‍?
വീട്ടിലേക്കു ചെല്ലുന്ന കാര്യം ഓര്‍ക്കാനേ വയ്യ. കല്യാണം കഴിഞ്ഞ അന്ന് ചന്ദ്രഭാനുവിനൊപ്പം ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അമ്മ വിളിച്ചു മാറ്റിനിര്‍ത്തി പറഞ്ഞത് ഇന്നുമോര്‍ക്കുന്നു. '' എന്റെ മോള്‍ക്കിവിടുത്തെ കാര്യം അറിയാവല്ലോ? എന്തു വന്നാലും അതൊക്കെ സഹിച്ചും ക്ഷമിച്ചും അവന്റെ കൂടെ കഴിയണം. നിനക്കീ കല്യാണത്തിന് ഇഷ്ടവൊണ്ടായിട്ടല്ലെന്നമ്മയ്ക്കറിയാം. പിന്നെ അറിഞ്ഞിടത്തോളം ചന്ദ്രന്‍ നല്ലോനാ. നിനക്കൊന്നിനും ഒരു ബുദ്ധിമുട്ടും ഒണ്ടാകത്തില്ല.''
അമ്മ പറഞ്ഞത് വളരെ ശരിയായിരുന്നു. ചന്ദ്രന്‍ നല്ലവനായിരുന്നു. ഒരു ബുദ്ധമുട്ടും ഒരിക്കലും ഉണ്ടായിട്ടില്ല. താനൊന്നും ആവശ്യപ്പെടാത്തതിന്റെ കുറവേ ഉണ്ടായിരുന്നുള്ളു. മനസിലെ അതൃപ്തി പുറത്തു കാണിക്കാതെ നാലു വര്‍ഷത്തോളം എല്ലാവരെയും കബളപ്പിച്ചു. ഇനിയും ഇതു വയ്യെന്ന ഘട്ടമെത്തിയപ്പോഴാണ് മരിക്കാമെന്നു തീരുമാനിച്ചത്.
എന്തായിരുന്നു തന്റെ പ്രശ്‌നം? ചന്ദ്രഭാനുവിനെ ഉള്‍ക്കൊള്ളാനാകാത്തതോ? അയാളൊരിക്കലും തന്റെ സങ്കല്‍പത്തിലെ ഭര്‍ത്താവായിരുന്നില്ല. അയാളുടെ ശാന്തതയും സാത്വികതയും മുറ്റി നില്‍ക്കുന്ന സ്വഭാവം പലപ്പോഴും തന്നെ അസ്വസ്ഥയാക്കിയിട്ടുണ്ട്. ഒരുപക്ഷേ, തനിക്കു പ്രകാശനെ അത്രയേറെ ഇഷ്ടമുണ്ടായിരുന്നതു കൊണ്ടു തോന്നിയതായിരിക്കാം. അയാളുമൊത്തുള്ള ഒരു കുടുംബജീവിതം എല്ലാ അര്‍ഥത്തിലും സ്വപ്നം കണ്ടതുകൊണ്ടു സംഭവിച്ചത്. പ്രകാശന്റെ വീട്ടുകാര്‍ക്ക് തന്നെ ഉള്‍ക്കൊള്ളാനാവാതെ പോയതിന്റെ നാണക്കേടില്‍നിന്നും രക്ഷപെടാനുള്ള അമ്മയുടെ വ്യഗ്രതയ്ക്കും കണ്ണീരിനുമവസാനം ചന്ദ്രഭാനുവിനു മുന്നില്‍ കഴുത്തു നീട്ടി നില്‍ക്കേണ്ടി വന്നു. പക്ഷേ വിവാഹത്തിനു ശേഷവും  മനസില്‍ ചന്ദ്രഭാനുവിനും മേലെയൊരു സ്ഥാനമായിരുന്നു പ്രകാശനുണ്ടായിരുന്നത്. അതുകൊണ്ടായിരുന്നല്ലോ ചന്ദ്രനില്ലാതിരുന്ന ദിവസങ്ങളില്‍ വിരുന്നെത്തിയിരുന്ന പ്രകാശനെ വിലക്കാനാവാതിരുന്നത്. പ്രകാശന്റെ ഓരോ സന്ദര്‍ശനവും ചന്ദ്രനോടുള്ള വെറുപ്പ് വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടേയുള്ളു. അയാളുടെ ആലിംഗനത്തില്‍ അമരുമ്പോള്‍ വെറുതെ പ്രകാശനണെന്നവള്‍ വിചാരിക്കും. ബീഡിയുടെ മണമുള്ള ശ്വാസം മുഖത്തു തട്ടുമ്പോള്‍ മനം മറിച്ചിലോടെ പ്രകാശനെയും അയാള്‍ അടുത്തു വരുമ്പോഴുള്ള ആഫ്റ്റര്‍ ഷേവിന്റെ നനുത്ത ഗന്ധത്തെയും ഓര്‍ത്ത് നെടുവീര്‍പ്പിടും. ഉള്ളില്‍ പതഞ്ഞു  വരുന്ന വെറുപ്പടക്കി മരപ്പാവ കണക്കെ കിടക്കുവാനെ പിന്നീട് സാധിച്ചിരുന്നുള്ളു. രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി പുഞ്ചിരിയോടെ ചന്ദ്രഭാനുവിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോഴും ഉള്ളില്‍ തികട്ടി വന്നിരുന്നത് അവജ്ഞ മാത്രമായിരുന്നു.
മീരയ്ക്കയാളോടു സഹതാപം തോന്നി. ഇത്രയും നാളായിട്ടും അയാള്‍ തന്നെ മനസിലാക്കിയില്ലല്ലോ? പക്ഷേ, ഭിത്തിയില്‍ ചാരി, കൂനിക്കൂടിയിരിക്കുന്ന ആ രൂപത്തെ നോക്കിയപ്പോള്‍ ഉള്ളിലെവിടെയോ ഒരു കൊളുത്തല്‍. ഇന്നുവരെ ഒരു കാര്യത്തിനും അയാളുടെ മിഴികള്‍ നിറയുന്നത് അവള്‍ കണ്ടിട്ടില്ല. പക്ഷേ ഇന്ന്, അടക്കി നിര്‍ത്താന്‍ പാടുപെടുന്ന കരച്ചില്‍, തേങ്ങലിന്റെ ചീളുകളായി പുറത്തേക്ക് തെറിക്കുന്നു.
ആ മുടിയിഴകളിലൊന്നു തൊടുവാന്‍ മീരയ്ക്കാദ്യമായി മോഹം തോന്നി. അവള്‍ മെല്ലെ കൈനീട്ടി. കൈ വിറയ്ക്കുന്നുണ്ട്. പക്ഷേ തൊടാനാകുന്നില്ല. തന്നെ ആരോ ശക്തമായി പിന്നിലേക്കു വലിക്കുന്നതു പോലെ. പിടിച്ചു നില്‍ക്കാനാകുന്നില്ല. അപ്പൂപ്പന്‍ താടി പോലെ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു പോകന്നു. ചന്ദ്രഭാനുവും വീടും അദിതയും ഒന്നും കാഴ്ചയിലില്ല. മീരയ്ക്ക് മരിക്കേണ്ടിയിരുന്നില്ല എന്നു തോന്നി. ഒരു നിലവിളി അവളുടെ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു ശ്വാസംമുട്ടി പിടഞ്ഞു. ഇരുട്ടിന്റെ ഒരു അഗാധ ഗര്‍ത്തത്തിലേക്ക് ആരോ വലിച്ചു താഴ്ത്തിയതോടെ മീരയുടെ ഓര്‍മകളും മങ്ങാന്‍ തുടങ്ങി. അവളൊരു അണുവിനോളം ചുരുങ്ങി അനന്തമായ പ്രവാഹത്തിലകപ്പെട്ട് ഒഴുകി നീങ്ങി.

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

പുത്രതര്‍പ്പണം

ആശുപത്രി വരാന്തയില്‍ അയാള്‍ പകച്ചു നിന്നു. മുന്നിലെ മണല്‍ വിരിച്ച മുറ്റത്ത് ചോരത്തുള്ളികള്‍ പോലെ വീണു കിടക്കുന്ന ചുവന്ന വാകപ്പൂക്കളെ ചവിട്ടിയരച്ചു രോഗികളും ബന്ധുക്കളും നടന്നു നീങ്ങുന്നു. ഇരുട്ടു വീണുതുടങ്ങി. മടങ്ങാതെ പറ്റില്ല. പക്ഷേ എങ്ങനെ എന്നത് മനസില്‍ ഉത്തരമില്ലാത്ത കടങ്കഥ പോലെ തികട്ടി വന്നു. അയാള്‍ മെല്ലെ മടിശീലയില്‍ തലോടി. അതിലിനി ഒന്നുമില്ലെന്നറിയാം. എങ്കിലും....... അപ്പോഴും മകനെയും കെട്ടിപ്പിടിച്ചു കരയുകയാണു ഭാര്യ. അവളെയും നോക്കി ഭിത്തിയില്‍ ചാരി ഒന്നും മിണ്ടാതെ നിന്നു.
''ഇവിടിങ്ങനെ ഇരിക്കാനൊക്കത്തില്ല. സാധനോം കൊണ്ടു വേഗം പൊക്കോണം.'' വെള്ള ഉടുപ്പിട്ട മാലാഖ വന്നുപറഞ്ഞു. സാധനം! അഞ്ചു വയസുവരെ തലയിലും താഴത്തും വയ്ക്കാതെ വളര്‍ത്തിയ സാധനം. പിതൃപദവി നല്‍കാതെ വിധി കബളിപ്പിച്ച നീണ്ട പതിനാറു വര്‍ഷത്തിനിടയില്‍ പ്രതീക്ഷയോടെ, പ്രാര്‍ഥനകള്‍ നിറച്ച് അമ്പലങ്ങള്‍ തോറും കമഴ്ത്തിയ ഉരുളികളുടെ കലമ്പല്‍ അയാളുടെ കാതില്‍ മുഴങ്ങി. അവയൊക്കെയും തേവരുടെ കൂടെച്ചേര്‍ന്നു പരിഹസിച്ചു ചിരിക്കുകയാകും.
അയാള്‍ക്ക് എല്ലാത്തിനോടും വെറുപ്പു തോന്നി. തലയില്‍ ഭാരമുള്ളതെന്തോ കയറ്റി വച്ചതുപോലെ. പാഞ്ഞു ചെന്ന് മാലാഖയുടെ ശിരോവസ്ത്രം വലിച്ചു പറിച്ച് മുഖത്ത് ആഞ്ഞടിക്കാന്‍ കൈ തരിക്കുന്നു. ചിന്തകളുടെ വേലിയേറ്റത്തില്‍ ഹൃദയം ത്രസിച്ചു താഴെപ്പോകും പോലെ. പെട്ടന്ന് ഒരു തീരുമാനത്തിലെത്തിയ അയാള്‍ പാഞ്ഞു ചെന്ന് കരയുന്ന ഭാര്യയുടെ കൈയില്‍നിന്നും മകനെ പിടിച്ചുവാങ്ങി.
''അയ്യോ! എന്റെ കുഞ്ഞിനെയിങ്ങു തായോ......'' കരഞ്ഞുകൊണ്ട് അവള്‍ പിടഞ്ഞെണീറ്റു.
''മിണ്ടിപ്പോകരുത്...കൊന്നുകളയും ഞാന്‍.'' അയാള്‍ പല്ലിറുമ്മി. അയാളുടെ മുഖം കണ്ടിട്ടെന്തിനും മടിക്കില്ലെന്നു തോന്നിയതിനാലാവാം അവളുടെ കരച്ചില്‍ പിടിച്ചടക്കിയതു പോലെ നിന്നു.
കുഞ്ഞിനെ അയാള്‍ തോളിലേക്കു കിടത്തി. വല്ലാത്ത ഭാരം! തോളൊടിയുന്നതു പോലെ. അഞ്ചു വയസേയുള്ളു, എന്നിട്ടും. ഒരു ടര്‍ക്കിയെടുത്തു നിവര്‍ത്തി കുഞ്ഞിന്റെ തലവഴി മൂടി. ആരു നോക്കിയാലും കുഞ്ഞ് തോളില്‍ കിടന്നുറങ്ങുകയാണെന്നേ തോന്നൂ. വേച്ചുപോകുന്ന കാലുകള്‍ വലിച്ചുവച്ച് വരാന്തയില്‍നിന്നിറങ്ങി നടന്നു. പിന്നാലെ വരുന്ന ഭാര്യയുടെ ഏങ്ങലുകള്‍ക്ക് കനമേറുന്നുവെന്നു തോന്നിയപ്പോള്‍ തിരിഞ്ഞുനിന്ന് അയാള്‍ പറഞ്ഞു,''കഴുവേര്‍ടമോളെ, മിണ്ടല്ലന്നല്ലേടീ നിന്നോടു പറഞ്ഞെ? ആരേലുവറിഞ്ഞാ കഴുത്തിന്റെ മോളീ തല കാണുവേല പറഞ്ഞേക്കാം.''
ഒന്നും മിണ്ടാതെ തോളില്‍ കിടന്ന മുണ്ടിന്റെ കോന്തല വായ്ക്കുള്ളിലേക്കു തിരുകി കരച്ചിലടക്കി അവള്‍ അയാളെ പിന്തുടര്‍ന്നു.
ആറുമണിക്ക് ആശുപത്രിവാതില്‍ക്കല്‍ നിന്നൊരു ബസുണ്ട്. അതു പോയാല്‍ പിന്നെ വേറെയില്ല.
''നിന്റേല് കാശു വല്ലോമൊണ്ടോ? അയാള്‍ ചോദിച്ചു. പിന്നില്‍ നീണ്ട നിശബ്ദത. അല്‍പം കഴിഞ്ഞ് ബ്ലൗസിനുള്ളില്‍നിന്നുമൊരു പൊതിയെടുത്ത് അവള്‍ അയാള്‍ക്കു നേരേ നീട്ടി. അതു വാങ്ങുമ്പോള്‍ അയാളുടെ കൈ വിറച്ചു. പാവം! അവളുടെ സ്വകാര്യ സമ്പാദ്യമായിരിക്കാം. തുറന്നു നോക്കി. കഷ്ടിച്ചു വണ്ടിക്കൂലിക്കുണ്ട്. അത്രയും ആശ്വാസം.
ആശുപത്രിപ്പടിയില്‍ മൂന്നാലുപേര്‍ ബസ് കാത്തു നില്‍പുണ്ടായിരുന്നു.
''കുഞ്ഞൊറങ്ങിയോ?'' അടുത്തു നിന്നയാള്‍ കുശലം ചോദിച്ചു.
'' ങാ, ഒറങ്ങി'' ഒഴുക്കന്‍ മട്ടില്‍ മറുപടി പറഞ്ഞ്, സംസാരിക്കാന്‍ തീരെ താല്‍പര്യമില്ലാത്തതു പോലെ അയാളല്‍പം നീങ്ങിനിന്നു. ഭാരംകൊണ്ട് തോള്‍ കഴച്ചുപൊട്ടുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടോ? അയാള്‍ ചുറ്റും നോക്കി. ആദ്യത്തെ കുശലക്കാരന്‍ എന്തോ ചോദിക്കാനാഞ്ഞു. ഭാഗ്യത്തിന് അപ്പോഴേക്കും ബസ് വന്നു. ഡ്രൈവറുടെ തൊട്ടുപിന്നിലായി ഒഴിഞ്ഞു കിടന്ന  സീറ്റില്‍ അയാള്‍ ഇരുന്നു.
പുറത്ത് കനം വച്ച ആകാശത്തിനു ചുവട്ടില്‍ ഭൂമി വയസന്‍ നായയെ പോലെ മയങ്ങിക്കിടന്നു. കാഴ്ചകള്‍ പിന്നിലേക്കു പായുകയാണ്, ഓര്‍മകളും. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇതേപോലൊരു മഴക്കാല സന്ധ്യയ്ക്ക് ഉമ്മറത്തിണ്ണയില്‍ തൂണും ചാരി മഴ കണ്ടുകൊണ്ടിരിക്കുന്ന നേരം. മുറ്റത്ത് ചാലുകളുണ്ടാക്കി പായുന്ന പുതുമഴവെള്ളത്തില്‍ നീന്തി രക്ഷപെടാന്‍ ശ്രമിക്കുന്ന കുഞ്ഞനുറുമ്പുകള്‍. തെക്കേമുറ്റത്തെ കോണില്‍ നില്‍ക്കുന്ന മാവില്‍നിന്നും കാറ്റില്‍ പറന്നുവന്ന ഇലകള്‍ മുറ്റമാകെ ചിതറി കിടപ്പുണ്ട്. അപ്പോഴാണ് അച്ഛനായെന്ന വാര്‍ത്ത ഭാര്യയുടെ ആങ്ങളയുടെ രൂപത്തില്‍ ഒതുക്കുകള്‍ കയറി വന്നത്. സന്തോഷം കൊണ്ടു തുള്ളിച്ചാടുകയായിരുന്നു. എത്രയോ നാളത്തെ പ്രാര്‍ഥനയുടെയും വഴിപാടിന്റെയും ഫലം. പിതൃത്വവും ഒരനുഗ്രഹമാണെന്ന് അന്നു മനസ്സിലായി. മുടിയിലും നെഞ്ചിലെ രോമങ്ങളിലും പിടിച്ചു വലിക്കുന്ന കുഞ്ഞിക്കൈകള്‍ സ്വപനം കണ്ടുണര്‍ന്നശേഷം പിന്നീടുറക്കം വരാതെ തള്ളിനീക്കിയ രാവുകള്‍ എത്രയെന്നുള്ളതിന് ഉത്തരമില്ല. കുഞ്ഞിനെ കാണാന്‍ തിടുക്കമായിരുന്നു. അന്നനുഭവിച്ച സന്തോഷം! അതു പറയാന്‍ വയ്യ. ആ മഴക്കാല സന്ധ്യ മനസിലിറ്റിച്ച കുളിര്‍മ പോലും മാഞ്ഞിട്ടില്ല. 
ആരോ തോളില്‍ തട്ടിയപ്പോള്‍ അയാള്‍ ചിന്തകളില്‍നിന്നും ഞെട്ടിയുണര്‍ന്നു. കണ്ടക്ടറാണ്. ഹൃദയം ശക്തിയായി മിടിക്കാന്‍ തുടങ്ങി. തോളില്‍ കിടക്കുന്ന കുഞ്ഞിനെ നോക്കി കണ്ടക്ടര്‍ ചോദിച്ചു, '' കൊച്ചിനെത്ര വയസുണ്ട്?'' നെഞ്ചിലൊരാന്തല്‍! എന്തെങ്കിലും സംശയം തോന്നിയിട്ടാണോ?
''അഞ്ചു കഴിഞ്ഞു.'' പറയുമ്പോള്‍ ശബ്ദം വിറച്ചു.
''എങ്കില്‍ അരടിക്കറ്റു കൂടി എടുക്കണം.''
ആശ്വാസം! കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ ബാക്കിയുള്ള ചില്ലറ കൂടി കണ്ടക്ടറുടെ കൈയില്‍ വച്ചുകൊടുത്ത് സീറ്റിലേക്കു ചാഞ്ഞിരുന്ന് അയാള്‍ പുറത്തേക്കു നോക്കി. മഴ പൊടിക്കുന്നു. സീറ്റിലേക്കു ചാരി കണ്ണടച്ചിരുന്നപ്പോള്‍ മനം മടുപ്പിക്കുന്ന തണുപ്പ് കൈയിലൂടെയരിച്ചിറങ്ങുന്നത് അയാള്‍ അറിഞ്ഞു. 
ബസിറങ്ങുമ്പോള്‍ മഴ മുടിയഴിച്ചാട്ടം തുടങ്ങിയിരുന്നു. താളവും ലയവും തെറ്റിച്ച് സ്വയം മറന്ന് , കാഴ്ചക്കാരനില്‍ ഭീതി ഉണര്‍ത്തുന്ന നൃത്തം പോലെ മഴ തിമിര്‍ത്താടുകയാണ്. നനഞ്ഞൊലിക്കുന്നതൊന്നും അയാള്‍ അറിയുന്നുണ്ടായിരുന്നില്ല. ചാക്കോച്ചന്റെ പീടികയിലിരുന്ന് ആരോ വിളിച്ചു ചോദിച്ചു, '' നാരാണനാണോടാ? നിന്റെ കൊച്ചിനെങ്ങനൊണ്ട്?'' അതു കേള്‍ക്കാത്തതു പോലെ അയാള്‍ കാലുകള്‍ നീട്ടിവച്ചു. വീടെത്താറായി. ഒതുക്കുകള്‍ കയറിയപ്പോള്‍ ഭാര്യ ഉറക്കെ നിലവിളിച്ചു. പാവം! ഇത്രയും നേരം അടക്കിപ്പിടിച്ചു. ഇനിയെങ്കിലും ഒന്നു കരയട്ടെ. നിലവിളി കേട്ട് വീട്ടിനുള്ളില്‍ നിന്നും അയാളുടെ അമ്മ ഒരു വിളക്കുമായി ഇറങ്ങി വന്നു. കാറ്റത്തു കെടാന്‍ തുടങ്ങുന്ന വിളക്ക് തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് അവര്‍ മുറ്റത്തേക്ക് സൂക്ഷിച്ചു നോക്കി. ഒറ്റനോട്ടത്തില്‍ തന്നെ എല്ലാം മനസിലായതും ഉറക്കെ കരഞ്ഞു കൊണ്ട് പുറത്തേയ്‌ക്കോടി വന്ന  അവര്‍ അയാളുടെ കയ്യില്‍ നിന്നും കുഞ്ഞിനെ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു.
''മാറി നിക്ക് തള്ളേ'' ആക്രോശിച്ചുകൊണ്ടയാള്‍ കുഞ്ഞിനെ ചാണകം മെഴുകിയ തറയിലേക്കു കിടത്തി. അവന്റെ ശരീരം മെരുങ്ങാന്‍ കൂട്ടാക്കാതെ അല്‍പം വളഞ്ഞു കിടന്നു. ഒരു വലിയ ഭാരം താഴത്തിറക്കിയ ആശ്വാസത്തില്‍ അയാള്‍ ഇളംതിണ്ണയിലേക്കു കുത്തിയിരുന്നു. നല്ല തണുപ്പിലും ശരീരം വിയര്‍ത്തൊഴുകുകയാണ്. അപ്പോഴേക്കും അലമുറ കേട്ടെത്തിയവരില്‍ ആരോ ഒരു നിലവിളക്കു കൊളുത്തി കുഞ്ഞിന്റെ തലയ്ക്കല്‍ വച്ചിരുന്നു. പ്രായമേറിയ ഏതോ കണ്ഠത്തില്‍ നിന്നും നാമജപം ഉയര്‍ന്നപ്പോള്‍ അയാള്‍ തൂമ്പയുമായി തെക്കുപുറത്തേക്കിറങ്ങി. ഇനി ഇതുംകൂടിയേ അവശേഷിച്ചിട്ടുള്ളു. അതും ഈ കൈകള്‍ കൊണ്ടാകട്ടെ. ഒരു ഭ്രാന്തനെപ്പോലെ അയാള്‍ മണ്ണില്‍ ആഞ്ഞുവെട്ടി.   

കൊടിച്ചി

വീര്‍ത്ത പള്ളയില്‍ തലയമര്‍ത്തിവച്ച്, കാലുകള്‍ക്കിടയിലേക്ക് വാല്‍ തിരുകിക്കിടന്ന കൊടിച്ചി കാലടി ശബ്ദം കേട്ട് മുഖമുയര്‍ത്തി നോക്കി. മുറ്റത്തെ അഴയില്‍നിന്നും തുണിപെറുക്കി ഇളംതിണ്ണയിലേക്കു കയറിവന്ന സരോജിനിയുടെ തവിട്ടുനിറത്തില്‍ വൃത്തിയുള്ള കാല്‍പാദങ്ങള്‍ ഒരുനിമിഷം കൊടിച്ചിയുടെ കുഞ്ഞിക്കണ്ണുകള്‍ക്കു മുന്നില്‍ നിശ്ചലമായശേഷം ശബ്ദമുണ്ടാക്കി അകത്തേക്കു കടന്നുപോയി. കൈകാലുകള്‍ നീട്ടി മൂരിനിവര്‍ത്തിയ കൊടിച്ചി വാലും തലയും പഴയപടി പ്രതിഷ്ഠിച്ച് ഉറക്കംനടിച്ചുകിടന്നു.
'എന്റെ ജംബറിന് കഞ്ഞി പിഴിയണോന്നു പറഞ്ഞിട്ട് ചെയ്‌തോ പെണ്ണേ?' വല്യമ്മത്തള്ളയാണ്. കഫംനിറഞ്ഞ ശബ്ദത്തിലുള്ള അവരുടെ സംസാരം കേള്‍ക്കുമ്പോഴേ കൊടിച്ചിക്കു കലിവരും. സരോജിനി അകത്ത് തുണി മടക്കുകയാകും. വളരെ പതിഞ്ഞ നേര്‍ത്ത സ്വരത്തിലാണ് സരോജിനി സംസാരിക്കാറ്. അതും വളരെക്കുറച്ചു മാത്രം. തള്ള അങ്ങിനെയല്ല. നിര്‍ത്താതെ ചിലച്ചോണ്ടിരിക്കും. കൊടിച്ചിയെ കാണുന്നതേ തള്ളയ്ക്കു ചതുര്‍ഥിയാണ്. തിരിച്ചും.
തള്ളയുടെ ശബ്ദത്തെ അവഗണിച്ച് സുഖകരമായൊരു ഉറക്കത്തിലേക്കു വഴുതിവീഴാന്‍ കൊടിച്ചി തയാറെടുക്കുമ്പോഴാണ് അവര്‍ കൂനിക്കൂനി പുറത്തേക്കു വന്നതും കൊടിച്ചിയെ കണ്ട് അലറിയതും. 'നീയിത് കണ്ടില്ലേ പെണ്ണേ? പലപ്രാശം ഞാമ്പറഞ്ഞിട്ടൊണ്ട് പട്ടിയേക്കേറ്റി തിണ്ണേക്കെടത്തല്ലെന്ന്. ഛീ! പോ പട്ടീ! പോ പൊറത്ത്. തിണ്ണേക്കേറി നെഗളിച്ച് കെടക്കാമ്മാത്രം ആയോ നീയ്?' അവര്‍ കൈയിലിരുന്ന സ്റ്റീല്‍ ാസ് കൊടിച്ചിക്കു നേരേ ആഞ്ഞെറിഞ്ഞു.
അപ്രതീക്ഷിതമായേറ്റ ആഘാതത്തില്‍, ഞെട്ടി, ഉറക്കെ മോങ്ങിക്കൊണ്ട് കൊടിച്ചി പുറത്തേക്കു പാഞ്ഞു. 'പാവം! അതവിടെ കെടന്നോട്ടമ്മേ. വയറ്റിലൊള്ള പട്ടിച്ചിയാ. മഴേം വരുന്നൊണ്ട്. അതെവിടെപ്പോകും. അവ്‌ടെക്കെടക്കട്ടെ'. പറഞ്ഞുകൊണ്ട് സരോജിനി ഇറങ്ങിവരുമ്പോഴേക്കും വീര്‍ത്ത വയറും വലിച്ച് മോങ്ങിക്കൊണ്ട് കൊടിച്ചി മുറ്റത്തേക്കിറങ്ങി ബദ്ധപ്പാടോടെ ഓടാന്‍ തുടങ്ങിയിരുന്നു.
ഒതുക്കുകല്ലുകള്‍ ചാടിയിറങ്ങുമ്പോള്‍ പിന്നില്‍നിന്ന് സരോജിനി വിളിക്കുന്നത് കൊടിച്ചി കേട്ടു. 'ബാ, ഇങ്ങോട്ടു ബാ...'. അപ്പോഴേക്കും പായല്‍ പിടിച്ച് കറുത്ത ഓടിന്റെ പുറത്ത് മണല്‍ത്തരികള്‍ വാരിവിതറിയതുപോലെ മഴവന്നു വീണു. സരോജിനി ഓടി തിണ്ണയിലേക്കു കയറി. 'പാവം പട്ടി! മഴേത്ത് അതെവിടെ പോകുവോ എന്തോ?'.

ഠ   ഠ   ഠ  ഠ ഠ

അന്തരീക്ഷം ഇരുട്ടിന്റെ കറുത്ത കരിമ്പടത്തിനുള്ളിലേക്ക് ഒരു പഴുതാരയേപ്പോലെ നൂണ്ടുകയറി ഏറെനേരത്തിനുശേഷമാണ് മഴയും കാറ്റും തെല്ലുശമിച്ചത്. കാറ്റിലാടുന്ന നനഞ്ഞ വാഴക്കൈകളുടെ ഇടയില്‍ കൂനിയിരുന്ന് കൊടിച്ചി വീട്ടിനുള്ളിലേക്കു നോക്കി. അകത്ത് സരോജിനി അത്താഴം വിളമ്പുകയാകും. അടുക്കളയില്‍നിന്നും പാത്രത്തിന്റെയും തവിയുടേയും കലമ്പല്‍ കേള്‍ക്കാം. തേങ്ങയരച്ചുവച്ച മത്തിക്കറിയൊഴിച്ച് സരോജിനി ഒഴിച്ചുതരുന്ന കഞ്ഞിയേക്കുറിച്ചോര്‍ത്തപ്പോള്‍ കൊടിച്ചിയുടെ നാവില്‍ വെള്ളമൂറി. വാഴക്കൂട്ടത്തില്‍നിന്നും പുറത്തുകടന്ന അത് പിന്നാമ്പുറത്തുചെന്നുനിന്ന് നേര്‍ത്ത ശബ്ദത്തില്‍ ദയനീയമായി മൂളി.
'ആ പട്ടിച്ചിയാരിക്കും. ഓടിച്ചുവിടതിനെ'. തള്ള അകത്തുനിന്നു കുരച്ചു. വാതില്‍തുറന്ന് പുറത്തേക്കു വന്ന സരോജിനിയേ കണ്ട് കൊടിച്ചി വാലാട്ടി. നനഞ്ഞ രോമങ്ങള്‍ ഒട്ടിപ്പിടിച്ച വീര്‍ത്ത പള്ളയുമായി നിന്ന കൊടിച്ചി തണുത്തുവിറച്ചുകൊണ്ട് എന്നെ ഇറക്കി വിടല്ലേയെന്ന ഭാവത്തോടെ സരോജിനിക്കുനേരേ ദൈന്യം തുളുമ്പുന്ന നോട്ടമെറിഞ്ഞു.
തിടുക്കത്തില്‍ അകത്തേക്കു മറഞ്ഞ സരോജിനി മത്തിക്കറിയൊഴിച്ച കഞ്ഞിയുമായി  പ്രത്യക്ഷപ്പെട്ട് കൊടിച്ചിയെ സ്‌നേഹപൂര്‍വം വിളിച്ചു. 'ബാ...'. വാലാട്ടുന്നതിന്റെ വേഗം കൂട്ടിയ കൊടിച്ചി പാത്രത്തിനുള്ളിലേക്ക് മോന്തയിട്ട് അനുസരണയോടെ കഞ്ഞികുടിക്കാന്‍ തുടങ്ങി.
മുട്ടുമടക്കി നിലത്തിരുന്ന സരോജിനി കൊടിച്ചിയുടെ പള്ളയിലേക്കു മെല്ലെ ചെവിചേര്‍ത്തു. നേര്‍ത്തൊരനക്കം കേട്ടപോലെ... അവള്‍ കൊടിച്ചിയുടെ കുഞ്ചിയില്‍ സ്‌നേഹത്തോടെ തലോടി. പിന്നെ, ഒരു ദീര്‍ഘനിശ്വാസത്തോടെ തന്റെ അടിവയറ്റിലൂടെ വിരലോടിച്ചു.

ഠ ഠ ഠ ഠ ഠ ഠ ഠ ഠ

തള്ളയുടെ എതിര്‍പ്പ് അവഗണിച്ച്, അകത്തുനിന്നും സരോജിനി കൊണ്ടുവന്നിട്ട ചാക്കില്‍ ചുരുണ്ടുകിടന്ന് ഉറങ്ങാന്‍ തുടങ്ങുമ്പോഴാണ് താഴെ വഴിയില്‍ വണ്ടിവന്നു നില്‍ക്കുന്ന ശബ്ദം കൊടിച്ചി കേട്ടത്. ചെവി കൂര്‍പ്പിച്ച് ജാഗ്രതയോടെ എന്തിനേയും നേരിടാനെന്ന മട്ടില്‍ അതെഴുന്നേറ്റു. അല്‍പസമയം കഴിഞ്ഞ് ഒതുക്കുകല്ലുകള്‍ കയറി രണ്ടു മൂന്നുപേര്‍ മുറ്റത്തേക്കു കയറിവന്നു. ഒന്നു മുറുമ്മിയ കൊടിച്ചി ഉറക്കെ കുരച്ചപ്പോഴേക്കും വന്നവരിലൊരാള്‍ അടക്കിപ്പിടിച്ച ശബ്ദത്തില്‍ പറഞ്ഞു 'നാശംപിടിച്ച പട്ടി കടിക്കാതെ നോക്കിക്കോണം'. പരിചിത ശബ്ദമായിരുന്നു അതെങ്കിലും കൊടിച്ചു കുരച്ചുകൊണ്ട് മുറ്റത്തേക്കു ചാടി. അയാളതിനെ കാലുമടക്കി അടിക്കാനോങ്ങിയ അതേസമയത്താണ് സരോജിനി വാതില്‍ തുറന്നതും. 'വേണ്ട, അതുപൊയ്‌ക്കോട്ടെ'.
അകത്തുനിന്നരിച്ചെത്തിയ പ്രകാശത്തില്‍ കൊടിച്ചി അയാളുടെ മുഖം കണ്ടു. മിക്കവാറും ദിവസങ്ങളില്‍ രാത്രിയില്‍ എത്താറുള്ളയാളാണ്. പുലരും മുന്‍പ് പോകുകയും ചെയ്യും. നേര്‍ത്ത ശബ്ദം കേട്ടാല്‍പോലും പുറത്തെ വെട്ടമിട്ട് നോക്കാറുള്ള സരോജിനി അയാള്‍ വരുമ്പോഴും പോകുമ്പോഴും മാത്രമെന്താണ് വെളിച്ചമെല്ലാം അണയ്ക്കുന്നതെന്നോര്‍ത്ത് കൊടിച്ചി അത്ഭുതപ്പെടാറുണ്ട്. ഒപ്പമുള്ളവരെ കൊടിച്ചിക്കു പരിചയമില്ല. അതിനെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് അയാളും കൂട്ടുകാരും സരോജിനിക്കൊപ്പം അകത്തുകയറി വാതിലടച്ചു.
മുറിയില്‍നിന്നും അടക്കിപ്പിടിച്ച സംസാരവും സരോജിനിയുടെ തേങ്ങിക്കരച്ചിലും കേള്‍ക്കാം. 'നീ ഇവരുടെ കൂടെ പോയാമാത്രം മതി. എറണാകുളത്തെ ഡോക്ടറോടു പറഞ്ഞ് എല്ലാം ശരിയാക്കിയിട്ടുണ്ട്. പേടിക്കാനൊന്നുമില്ല. വേറേ ഭാര്യേം മക്കളുമുള്ള എനിക്കിപ്പം നിന്നെ പരസ്യമായി കൊണ്ടുചെന്ന് കെട്ടിലമ്മയാക്കാനൊന്നും ഒക്കുകേല. ഇതെല്ലാം നിനക്കും അറിയാമാരുന്നല്ലോ?' അയാള്‍ കടുപ്പിച്ച്, അല്‍പം ശബ്ദം ഉയര്‍ത്തിയാണ് സംസാരിച്ചത്.
'ഒന്നുംവേണ്ടന്ന് ഞാനപ്പഴേ പറഞ്ഞതല്ലേ? എന്നിട്ടിപ്പോ? എന്റെ കൊച്ചിനെ കൊല്ലാന്‍ എനിക്കു മനസില്ല. ഞാനവനെ പെറുകേം ചെയ്യും വളര്‍ത്തുവേം ചെയ്യും തന്തയാരാന്ന് നാട്ടുകാരോടൊക്കെ പറകേം ചെയ്യും' സരോജിനി ഒരു തേങ്ങിക്കരച്ചിലിന്റെ വക്കില്‍നിന്ന് വീറോടെ പറഞ്ഞു. ഇത്രയും ശബ്ദമുയര്‍ത്തി സരോജിനി സംസാരിക്കുന്നത് കൊടിച്ചി ആദ്യമായാണ് കേള്‍ക്കുന്നത്.
ഠപ്പേ... അടിയുടെ ശബ്ദത്തോടൊപ്പം അയാള്‍ ആക്രോശിക്കുന്നു 'നീ പറയുവോടീ, പറയുവോടീ, പറയുവോന്നാ ചോദിച്ചത്?' സരോജിനിയുടെ ശബ്ദം കേള്‍ക്കനില്ല. 'നിന്റെ നാഭി ഞാന്‍ തൊഴിച്ചുകലക്കും' വീണ്ടും അടിയുടെ ശബ്ദം. 'അയ്യോ എന്റെ അമ്മേ..' സരോജിനിയുടെ ഉച്ചത്തിലുള്ള നിലവിളി പെട്ടെന്ന് ആരോ പിടിച്ചുനിര്‍ത്തിയതു പോലെ നിന്നു.
'എന്താ, എന്താ പെണ്ണേ?...അയ്യോ എന്റെ കൊച്ചിനെ നീയെന്നാ ചെയ്‌തെടാ? വിടടാ...വിടടാ കഴ്‌വേര്‍ടമോനെ അവളെ..'-തള്ളയാണ്.
കൊടിച്ചി അസ്വസ്ഥതയോടെ രോമം എഴുത്തിക്കൊണ്ട് ഉറക്കെക്കുരച്ചു. 'മാറിനിക്ക് തള്ളേ' ആരോ വീഴുന്ന ശബ്ദവും തള്ളയുടെ നിലവിളിയും. നിശബ്ദത.
'കാറ്റുപോയോ?' ആരോ അടക്കിപ്പിടിച്ച് ചോദിക്കുന്നു. 'ബോധം പോയതാ. ഇത്തിരി വെള്ളം മുഖത്തു തളിക്ക്' സരോജിനിയുടേയും അനക്കം കേള്‍ക്കാനില്ല. കൊടിച്ചിയുടെ നെഞ്ചില്‍ കൊള്ളിയാന്‍ മിന്നി. അത് ഉറക്കെ കുരച്ചു. 'നാശം പിടിച്ച പട്ടി. അതിപ്പം നാട്ടുകാരെ മുഴുവന്‍ വിളിച്ചുകൂട്ടും. പരിചയമുള്ള ശബ്ദം വാതില്‍ തുറന്ന് പുറത്തേക്കു വന്നു. കുരച്ചുകൊണ്ട് മുന്നോട്ടു ചാടിയ കൊടിച്ചിയുടെ പള്ളനോക്കി അയാള്‍ കാലുമടക്കി ഒറ്റയടി. വികൃത ശബ്ദത്തില്‍ മോങ്ങിക്കൊണ്ട് അതു ദൂരേക്കു തെറിച്ചു വീണു. ഒപ്പം രക്തത്തില്‍ കുളിച്ച രണ്ടു മാംസ പിണ്ഡങ്ങളും. മുറ്റത്തെ ചരലില്‍ കിടന്ന് മാംസപിണ്ഡങ്ങള്‍ അനങ്ങി. ചോരയില്‍ കുളിച്ച് ചരലില്‍ കിടന്ന് കൊടിച്ചി പിടച്ചുകൊണ്ടിരുന്നു. 'ഹൊ! അതിനു വയറ്റിലൊണ്ടാരുന്നു'. വന്നവരിലൊരാള്‍ സഹതാപത്തോടെ പറഞ്ഞു. 'അതിനു മാത്രമല്ല. ഈ നില്‍ക്കുന്ന പട്ടിച്ചിക്കുമൊണ്ട്. ദേ തള്ളേ മോള്‍ക്ക് ഈ ഗതി വരരുതെന്നുണ്ടെങ്കില്‍ മര്യാദയ്ക്ക് അവളേം കൂട്ടി എന്റൂടെ വാ'. മുഖത്താകെ വെള്ളവുമായി അന്തിച്ചു നില്‍ക്കുകയായിരുന്നു തള്ള.
അവര്‍ അകത്തേക്കു പോകുന്നതും അല്‍പസമയം കഴിഞ്ഞ് മുറ്റത്തും തിണ്ണയിലുമായി പടര്‍ന്നുകിടക്കുന്ന ചോരയില്‍ ചവിട്ടാതെ ശ്രദ്ധിച്ച് നടന്ന് ഒതുക്കുകളിറങ്ങി പോകുന്നതും അടഞ്ഞുപോകുന്ന കണ്ണുകള്‍ക്കിടയിലൂടെ കൊടിച്ചി കണ്ടു. വണ്ടി സ്റ്റാര്‍ട്ടാകുന്ന ശബ്ദം. മുറ്റത്തുകിടന്നനങ്ങുന്ന മാംസപിണ്ഡങ്ങളെ ഒന്നു നക്കിത്തോര്‍ത്തണമെന്നുണ്ടായിരുന്നു കൊടിച്ചിക്ക്. വയ്യ! കണ്ണുകള്‍ താനേ അടഞ്ഞുപോകുന്നു. ദൂരെ, പടിഞ്ഞാറുനിന്നും ആര്‍ത്തട്ടഹസിച്ചു വരുന്ന മഴയുടെ ഇരമ്പല്‍ കൊടിച്ചിയുടെ കാതില്‍ വീണു. അപ്പോഴും പുറത്തെ ഇരുട്ടില്‍ ചോരയില്‍ കുതിര്‍ന്ന മാംസപിണ്ഡങ്ങള്‍ ഒന്നുമറിയാതെ അനങ്ങിക്കൊണ്ടിരുന്നു.


കടന്നുപോയവള്‍ കാണാത്തത്

മഞ്ഞുപെയ്തു തുടങ്ങിയ
സന്ധ്യയിലാണ്,
ശരീരം റെയില്‍വേ ട്രാക്കില്‍
ഉപേക്ഷിച്ച്
പാളത്തിലൂടെ, അവള്‍
നടന്നുപോയത്.

പിന്നില്‍

പകല്‍വെയില്‍ കാഞ്ഞ്
വെന്ത കരിങ്കല്‍
ചീളുകള്‍ക്ക്് മീതെ
വെളുത്ത ഷാള്‍ ചുവന്നുകിടന്നു.
ചാവാത്ത ഫോണ്‍ ചിലച്ച്
ശല്യപ്പെടുത്തി.

വാനിറ്റി ബാഗില്‍നിന്ന്
പുറത്തേക്കു തെറിച്ച
തുറന്ന ചോറ്റുപാത്രത്തില്‍
ബാക്കി വന്ന
അമ്മയുടെ സ്‌നേഹത്തിനായ്
കാക്കകള്‍ കലമ്പി.

പിന്നെ
ഇരുള്‍വീഴും മുമ്പ്
കൂടണയാന്‍, തിരക്കിട്ട്
പറന്നുപോയി. പകരം,
പറിഞ്ഞുപോയ ഹൃദയം
നക്കിത്തുവര്‍ത്താന്‍
കാലത്താട്ടിയോടിച്ച
ചാവാലിപ്പട്ടികളെത്തി.